ഇപിയുടെ ബിജെപി കൂട്ടുകെട്ടിൽ നിലപാട് പറയാതെ സിപിഐ; മുന്നണിയിലെ തിരുത്തൽ ശക്തിയെന്ന അവകാശവാദം വെറും പൊള്ള; വല്യേട്ടന് മുന്നിൽ സമ്പൂർണ്ണ കീഴടങ്ങൽ

തിരുവനന്തപുരം: ഇപി ജയരാജൻ വിഷയത്തിൽ നിലപാടും, പ്രതികരണവുമില്ലാതെ സിപിഐ. ഇടത് മുന്നണിയിലെ തിരുത്തൽ ശക്തിയെന്ന് സ്വയം അവകാശപ്പെടുന്ന സിപിഐക്ക് സിപിഎം നേതാക്കളുടേയും പാർട്ടിയുടേയും വഴി തെറ്റലിനെക്കുറിച്ച് മിണ്ടാട്ടം മുട്ടി നിൽക്കയാണ്.
ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ചർച്ച നടത്തിയെന്ന വാർത്തകൾ മുന്നണിയെ ഒന്നാകെ പിടിച്ചുലച്ചിട്ടും രണ്ടാമത്തെ കക്ഷിയായ സിപിഐ അഴകൊഴമ്പൻ ന്യായങ്ങൾ പറഞ്ഞ് തടിതപ്പുകയാണ്. സിപിഎമ്മിൻ്റെ ശരിയും തെറ്റും തീരുമാനിക്കേണ്ടത് അവരാണെന്നുമാണ് സിപിഐയുടെ നിലപാട്. മുന്നണിയുടെ പൊതു നിലപാടിനും സ്വഭാവത്തിനും നിരക്കാത്ത വിധത്തിൽ പെരുമാറിയ കൺവീനറിനെതിരെയുള്ള അമർഷം ഉള്ളിലൊതുക്കി മുറുമുറുത്ത് നടക്കയാണ് പാർട്ടി സെക്രട്ടറി ബിനോയ് വിശ്വം.
ജയരാജൻ്റെ ഭാര്യയും മക്കളും ചേർന്ന് നടത്തുന്ന ആയുർവേദ റിസോർട്ട് സിൽ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖറിൻ്റെ ഉടമസ്ഥതയിലുള്ള നിരാമയ റിസോർട്ട്സിന് ബിസിനസ് പങ്കാളിത്തമുണ്ടെന്ന വിവരം തെളിവ് സഹിതം പ്രതിപക്ഷ നേതാവ് വിഡി സതീശൻ പുറത്തുവിട്ടിട്ടും സിപിഐ അനങ്ങിയില്ല. ആർഎസ്പി നേതാവ് എൻകെ പ്രേമചന്ദ്രൻ പ്രധാനമന്ത്രിയുമൊത്ത് പാർലമെൻ്റ് കാൻ്റീനിൽ ഭക്ഷണം കഴിച്ചതിനെതിരെ ബിനോയ് വിശ്വം രുക്ഷവിമർശനം ഉയർത്തിയിരുന്നു. രാജ്യത്തെ പ്രധാനമന്ത്രിയുമൊത്ത് പൊതുസ്ഥലത്തിരുന്ന് ഭക്ഷണം കഴിച്ചത് പോലും മഹാപാതകമായി ചിത്രീകരിച്ച കമ്യൂണിസ്റ്റ് നേതാക്കളൊക്കെ ജയരാജൻ്റെ ബിസിനസ് ഇടപാടുകളും രഹസ്യ ചർച്ചകളുമൊക്കെ പുറത്ത് വന്നിട്ടും ‘രാഷ്ടീയ ധാർമ്മികത’യെക്കുറിച്ച് തികഞ്ഞ മൗനത്തിലാണ്.
ഉദ്യോഗസ്ഥ- രാഷ്ടീയ അഴിമതി തടയാൻ രാജ്യത്ത് ആദ്യമായി നിയമസഭ പാസാക്കിയ ലോകായുക്ത ബില്ലിന് പിണറായി സർക്കാർ ഭേദഗതി കൊണ്ടുവന്നപ്പോഴും സിപിഐ വല്യേട്ടനായ സിപിഎമ്മിന് മുന്നിൽ കീഴടങ്ങി. സിപിഐ നേതാവും നിയമമന്ത്രിയുമായിരുന്ന ഇ ചന്ദ്രശേഖരൻനായരായിരുന്നു നിയമ നിർമ്മാണത്തിൻ്റെ ഉപജ്ഞാതാവ്. അഴിമതിക്കെതിരെയുള്ള മികച്ച സംവിധാനമായ ലോകായുക്തയുടെ ചിറകരിഞ്ഞ നിയമ ഭേദഗതി ബിൽ അവതരിപ്പിച്ച് പാസാക്കുന്നതിന് സിപിഐക്ക് യാതൊരു മടിയുമുണ്ടായില്ല. ഇ ചന്ദ്രശേഖരൻനായരെ പ്രത്യക്ഷത്തിൽ തള്ളിപ്പറയുന്നതിന് തുല്യമായിരുന്നു നിയമ ഭേദഗതി. അഴിമതിക്കെതിരെയുള്ള തിരുത്തൽ ശക്തി തങ്ങൾ മാത്രമാണെന്ന സിപിഐയുടെ അവകാശവാദം വെറും ബഡായി മാത്രമാണെന്ന് ഒരിക്കൽ ക്കൂടി തെളിയിക്കപ്പെട്ടു. അഴിമതി തടയുന്നതിൽ കേന്ദ്രവും സംസ്ഥാനവും ഒരേ തൂവൽപക്ഷികളാണെന്ന പ്രതിപക്ഷ വിമർശനത്തിന് വഴിവെച്ചിട്ടുപോലും ബിനോയ് വിശ്വവും കൂട്ടരും അധികാരത്തിൻ്റെ ശീതളഛായയിൽ അമർന്നിരുന്നു.
2016 ലെ ഒന്നാം പിണറായി സർക്കാരിൻ്റെ തുടക്കകാലത്ത് പാർട്ടി സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ സർക്കാരിൻ്റെ പ്രഖ്യാപിത നയങ്ങളിൽ നിന്നുള്ള ചുവട് മാറ്റങ്ങളെ എതിർക്കുന്നതിൽ ഒട്ടും മടി കാണിച്ചിരുന്നില്ല. പക്ഷേ, രണ്ട് വർഷം കഴിഞ്ഞതോടെ സിപിഐയും കാനവും മുഖ്യമന്ത്രി പിണറായിക്ക് മുന്നിൽ സമ്പൂർണമായി കീഴങ്ങി നിൽക്കുന്നതാണ് കണ്ടത്. ബിനോയ് വിശ്വത്തിൻ്റെ കാലത്തും ആ സ്ഥിതിക്ക് യാതൊരു മാറ്റവും വന്നിട്ടില്ല.
സിപിഐയുടെ സെക്രട്ടറിയായിരുന്ന സികെ ചന്ദ്രപ്പൻ മരിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ഇടതുപക്ഷ ഇംഗ്ലീഷ് വാരികയായ ‘മെയിൻ സ്ട്രീമി’ന് നൽകിയ അഭിമുഖത്തിൽ സിപിഎമ്മുമായുള്ള സഖ്യത്തിൽ സിപിഐ ചെന്ന് പെട്ടിരിക്കുന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
സിപിഎമ്മിൻ്റെ ചെയ്തികൾ സിപിഐയെ ആപത്തിൽ ചാടിക്കുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രവാചക തുല്യമായ മുന്നറിയിപ്പ്. “തെറ്റായ നയങ്ങൾ മൂലം സിപിഎം മുങ്ങാൻ പോകുന്നു, ഒപ്പം ഞങ്ങളും” എന്നായിരുന്നു അദ്ദേഹത്തിൻ്റെ താക്കീത്. ചന്ദ്രപ്പൻ്റെ ഉപദേശം പോലും സൗകര്യപൂർവ്വം അവഗണിക്കുകയാണ് സിപിഐ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here