“എന്നെ കൊല്ലാൻ സിപിഐ ജില്ലാ സെക്രട്ടറി ക്വട്ടേഷൻ കൊടുക്കും”; പേടിച്ചാണ് കഴിയുന്നതെന്ന് മുൻ എംഎൽഎ പി.രാജു; സിപിഐയിൽ രൂക്ഷകലാപം
കൊച്ചി: കമ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ സിപിഐക്കുള്ളില്‍ വിഭാഗീയത അരങ്ങ് തകര്‍ക്കുന്നു. തന്നെ കൊല്ലാന്‍ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി ക്വട്ടേഷന്‍ നല്‍കുമോ എന്ന് ഭയമുണ്ടെന്ന് സിപിഐ മുന്‍ എംഎല്‍എ പി.രാജു.
“ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി ദിനകരന് എന്നോട് തീര്‍ത്താല്‍ തീരാത്ത പകയുണ്ട്. ജില്ലാ സെക്രട്ടറിക്കും മകനും ക്വട്ടേഷന്‍ സംഘങ്ങളുമായും ബന്ധമുണ്ട് എന്ന് കേള്‍ക്കുന്നുണ്ട്. എനിക്ക് പേടിയുണ്ട്. തട്ടിക്കളഞ്ഞാല്‍ ആര് ചോദിക്കാനാണ്. പാര്‍ട്ടിക്കാര്‍ ചോദിക്കില്ല. വീട്ടുകാര്‍ക്ക് പോയി. സ്വതന്ത്രമായി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.” സിപിഐ മുന്‍ ജില്ലാ സെക്രട്ടറികൂടിയായ രാജു മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
പാര്‍ട്ടി ഫണ്ടില്‍ നിന്നും മുന്‍ ജില്ലാ സെക്രട്ടറി പി.രാജു 73 ലക്ഷം തട്ടിച്ചു എന്ന ആരോപണം വന്നതോടെയാണ് ഇന്നലെ ചേര്‍ന്ന പാര്‍ട്ടി ജില്ലാ എക്സിക്യൂട്ടീവ് യോഗം തിരഞ്ഞെടുത്ത എല്ലാ സ്ഥാനങ്ങളില്‍ നിന്നും രാജുവിനെ നീക്കം ചെയ്തത്. പറവൂര്‍ കെടാമംഗലം ബ്രാഞ്ചിലേക്കാണ് രാജുവിനെ തരംതാഴ്ത്തിയത്. പാര്‍ട്ടിയില്‍ പുകഞ്ഞു നിന്നിരുന്ന വിഭാഗീയതയാണ് ഇപ്പോള്‍ കൂടുതല്‍ ശക്തമാകുന്നത്. നടപടിയെ തുടര്‍ന്ന് പാര്‍ട്ടി ജില്ലാ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചാണ് മുന്‍ സിപിഐ ജില്ലാ സെക്രട്ടറി കൂടിയായ രാജു രംഗത്തെത്തിയത്.
ഗുരുതരമായ ആരോപണങ്ങളാണ് എറണാകുളം ജില്ലാ സെക്രട്ടറി കെ.എം.ദിനകരനെതിരെ രാജു ഉയര്‍ത്തുന്നത്. ആരോപണങ്ങള്‍ തള്ളി ദിനകരനും രംഗത്തുണ്ട്. രാജു നടത്തിയതായി പറയുന്ന സാമ്പത്തിക ക്രമക്കേടിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പാര്‍ട്ടി പുറത്ത് വിട്ടിട്ടില്ല. പക്ഷെ രാജുവിനും മുൻ ജില്ലാ കൗൺസിലിലെ ട്രഷറർ ആയിരുന്ന എം.ടി.നിക്സനും നേര്‍ക്ക് വന്ന നടപടിയാണ് പാര്‍ട്ടിയില്‍ ചര്‍ച്ചയാകുന്നത്.
തന്നോടുള്ള പക വീട്ടാന്‍ ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി അടുപ്പമുള്ള മൂന്ന് പേരെ വെച്ച് കൃത്രിമ കണക്ക് തയ്യാറാക്കുകയാണ് ചെയ്തത്-രാജു പറഞ്ഞു. “ജില്ലാ സെക്രട്ടറിയല്ല, ഓഫീസ് സെക്രട്ടറിയാണ് കണക്കുകള്‍ കൈകാര്യം ചെയ്യുന്നത്. ഞാന്‍ പണം തട്ടിച്ചു എന്ന് പറയുമ്പോള്‍ എന്നെ ബോധ്യപ്പെടുത്തിയിട്ടില്ല. പണമായാലും സംഭാവനയായാലും പാര്‍ട്ടി ഓഫീസിലാണ് ഏല്‍പ്പിക്കുന്നത്. അത് കഴിഞ്ഞ് ബാങ്കിലേക്ക് നല്‍കും. അതിലൊന്നും കൃത്രിമം കാണിക്കില്ല. കണക്കുകളില്‍ ഇരട്ടിപ്പ് വരാറുണ്ട്. ഇതൊക്കെ പരിശോധിച്ചോ എന്നറിയില്ല.
ഞാന്‍ പിരിച്ച പണമാണ് പാര്‍ട്ടി ഓഫീസില്‍ നല്‍കിയത്. പണം തട്ടണമെന്നുണ്ടെങ്കില്‍ ഓഫീസില്‍ നല്‍കാതിരുന്നാല്‍ പോരെ. കഴിഞ്ഞ എട്ടര വര്‍ഷം പണമുണ്ടാക്കിയത് മുഴുവന്‍ ഞാനാണ്. ആരോപണങ്ങള്‍ അന്വേഷിച്ച രാമകൃഷ്ണന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന കമ്മറ്റി ഓഫീസില്‍ ഈ കഴിഞ്ഞ ശനിയാഴ്ച വന്നിട്ടുണ്ട്. അത് പരിശോധിക്കും മുന്‍പാണ് ജില്ലയില്‍ നിന്നും നടപടി വന്നിരിക്കുന്നത്. പാര്‍ട്ടി നടപടി വന്നെങ്കിലും സിപിഐയില്‍ തന്നെ ഉറച്ച് നില്‍ക്കും. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് അപ്പീല്‍ നല്‍കും.” രാജു പറഞ്ഞു.
എന്നാല്‍ രാജുവിന്റെ ആരോപണങ്ങള്‍ എറണാകുളം ജില്ലാ സെക്രട്ടറി കെ.എം.ദിനകരന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് നിഷേധിച്ചു. “രാജുവിനെതിരെയുള്ള തീരുമാനം പാര്‍ട്ടി കമ്മറ്റിയുടേതാണ്. കഴിഞ്ഞ ഓഗസ്റ്റ് മാസം നടന്ന പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ കണക്കുകളെ ചൊല്ലി അഭിപ്രായവ്യത്യാസമുണ്ടായി. പുതിയ കമ്മറ്റി അത് പരിശോധിച്ച് വ്യക്തത വരുത്തണം എന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ മാര്‍ച്ച് മാസം ജില്ലാ കമ്മറ്റിയില്‍ ചര്‍ച്ച വരുകയും റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗ കമ്മറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ആ റിപ്പോര്‍ട്ട് പരിശോധിച്ചാണ് നടപടി വന്നത്. ജീവന് ഭീഷണിയുണ്ട് എന്ന രാജുവിന്റെ ആരോപണത്തെക്കുറിച്ച് അറിയില്ല”-ദിനകരന്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here