ബിനോയ് വിശ്വത്തിനെതിരെ സിപിഐയില്‍ പടയൊരുക്കം; ലക്ഷ്യം പാര്‍ട്ടി സെക്രട്ടറി സ്ഥാനം
സിപിഐയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പടയൊരുക്കം. ഈ സമ്മേളനകാലത്ത് ബിനോയ് വിശ്വത്തിനെ സെക്രട്ടറി പദവിയില്‍ നിന്നും മാറ്റാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. എഡിജിപി പ്രശ്നങ്ങള്‍ അടക്കമുള്ള വിവാദങ്ങളുടെ മറപിടിച്ചാണ് നീക്കങ്ങള്‍ ശക്തമാകുന്നത്. ഇക്കുറിയും ബിനോയ് വിശ്വത്തെ മാറ്റിയില്ലെങ്കില്‍ പിന്നീട് അതിന് കഴിഞ്ഞേക്കില്ലെന്ന വിലയിരുത്തലാണ് മറുപക്ഷത്തിനുള്ളത്.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആയിരുന്ന കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്നാണ് സെക്രട്ടറിയായി ബിനോയ് വിശ്വത്തെ നേതൃത്വം നിയമിച്ചത്. കാനത്തിന്റെ ആഗ്രഹം എന്ന നിലയ്ക്കാണ് പദവി നല്‍കിയത്. എന്നാല്‍ പാര്‍ട്ടി സമ്മേളനത്തില്‍ ബിനോയ് വിശ്വത്തിനെതിരെ മത്സരിക്കാനാണ് എതിര്‍ചേരിയുടെ നീക്കം. പാര്‍ട്ടിയില്‍ അധികാരം പിടിക്കാനുള്ള നീക്കമാണ് ഇരുപക്ഷവും സജീവമാക്കുന്നത്.
പാര്‍ട്ടിയിലെ വിമതസ്വരമായിരുന്ന കെ.ഇ.ഇസ്മായില്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലില്ല. 75 വയസ് എന്ന പ്രായപരിധി ബാധകമായതോടെയാണ് പാര്‍ട്ടി ചുമതലകളില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. ഇസ്മായില്‍ പക്ഷത്തിന് ഇപ്പോള്‍ നേതൃത്വം കൊടുക്കുന്നത് കെ.പ്രകാശ് ബാബുവാണ്. എഡിജിപിയെ മാറ്റണം എന്ന് ആവശ്യപ്പെട്ട് ജനയുഗം പത്രത്തില്‍ പ്രകാശ്‌ബാബു ലേഖനം എഴുതിയത് ബിനോയ് വിശ്വം അടക്കമുള്ളവരെ ചൊടിപ്പിച്ചിട്ടുണ്ട്.
ബിനോയ് വിശ്വത്തിന്റെ അനുമതിയോടെയാണ് ലേഖനം എഴുതിയത് എന്നാണ് പ്രകാശ് ബാബു ഇതിന് നല്‍കിയ മറുപടി. ജനയുഗം അടക്കമുള്ള പാര്‍ട്ടി മാധ്യമങ്ങളെ ഉപയോഗിച്ച് തനിക്കെതിരെ എതിര്‍പക്ഷം കരുനീക്കം നടത്തുകയാണോ എന്ന സംശയവും ബിനോയ് വിശ്വത്തിനുണ്ട്. പാര്‍ട്ടിയുടെ വക്താവ് സംസ്ഥാന സെക്രട്ടറിയാണ് എന്ന കാര്യം അര്‍ത്ഥശങ്കയില്ലാതെ പാര്‍ട്ടി യോഗത്തില്‍ ബിനോയ് വിശ്വം വ്യക്തമാക്കിയിട്ടുണ്ട്.
പാര്‍ട്ടി പദവികളില്‍ ഇല്ലെങ്കിലും ഇസ്മായില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയാണ് എന്ന ആരോപണമാണ് ബിനോയ് വിശ്വം അടക്കമുള്ളവര്‍ ഉയര്‍ത്തുന്നത്. പാലക്കാട്ടെ വിമതപക്ഷത്തെ നയിക്കുന്നത് ഇസ്മായില്‍ ആണെന്നും ഔദ്യോഗിക പക്ഷം ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഇസ്മായിലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതോടെ അദ്ദേഹം ദേശീയ നേതൃത്വത്തെ സമീപിച്ചു. ഇസ്മായിലിനെ ഉള്‍ക്കൊള്ളിക്കാന്‍ പാര്‍ട്ടി നേതൃത്വത്തോടും അതേസമയം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കരുതെന്ന് ഇസ്മായിലിനോടും സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഇക്കുറി മത്സരം നടന്നേക്കുമെന്ന സൂചനയാണ് ശക്തമാകുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here