ബിജെപിക്കാരുടെ വര്‍ഗീയ പ്രസംഗങ്ങളില്‍ പെറ്റിക്കേസുപോലും എടുക്കാത്ത പിണറായി പോലീസ്; രൂക്ഷ വിമര്‍ശനവുമായി ജനയുഗം
‘വഖഫ് കിരാതം’ എന്ന പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ് എടുക്കാത്തതില്‍ കടുത്ത വിമര്‍ശനവുമായി സിപിഐ മുഖപത്രം. ബോര്‍ഡിന്റെ പേര് പോലും പറയാതെ കിരാതമെന്ന് വിളിപ്പേരിട്ട സുരേഷ് ഗോപി, ചീറ്റിയ മുസ്ലിം വിദ്വേഷ വിഷം രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിട്ടും പോലീസ് കേസെടുത്തില്ലെന്നാണ് ജനയുഗം കുറ്റപ്പെടുത്തുന്നത്. പോലീസിന്റേയും സര്‍ക്കാരിന്റേയും വീഴ്ചകള്‍ക്കെതിരെ സിപിഐ മുഖപത്രം ആഞ്ഞടിക്കുന്നത് പതിവായിരിക്കുകയാണ്.
മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന വിഷയങ്ങളിലെ ബിജെപി നേതാക്കളുടെ പ്രസംഗങ്ങളോട് പോലീസ് മൃദുസമീപനം പുലര്‍ത്തുന്നുവെന്ന പ്രതിപക്ഷ ആക്ഷേപം ശക്തമായി നില്‍ക്കുന്നതിനിടയിലാണ് ഭരണപക്ഷ പത്രത്തിന്റെ കുറ്റപ്പെടുത്തല്‍. ‘കിരാതന്‍ ഗോപിയും വാവരുസ്വാമിയും’ എന്ന തലക്കെട്ടിലാണ് ജനയുഗം മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടിനെ തുറന്ന് കാണിക്കുന്നത്.
“ഗോപിയുടെ സഹസംഘിയായ ബി ഗോപാലകൃഷ്ണനും കുറച്ചില്ല. ശബരിമലയില്‍ വാവര്‍ എന്ന ചങ്ങായി പതിനെട്ടാം പടിക്ക് താഴെ ഇരിപ്പുണ്ട്. അയാള്‍ നാളെ ശബരിമലയെ വഖഫ് ആയി പ്രഖ്യാപിച്ചാല്‍ അയ്യപ്പനും കുടിയിറങ്ങേണ്ടി വരില്ലേ? വേളാങ്കണ്ണി മാതാവിന്റെ ദേവാലയം വഖഫ് ആയി പ്രഖ്യാപിച്ചാല്‍ ക്രിസ്ത്യാനികള്‍ക്ക് വേളാങ്കണ്ണി ദര്‍ശനമല്ലേ നിഷേധിക്കപ്പെടുക എന്നിങ്ങനെ മത സ്പര്‍ദ്ധ ഉണ്ടാക്കുന്ന പ്രസ്തവ നകള്‍ നടത്തിയ ഈ രണ്ട് മഹാന്മാര്‍ക്കെതിരെ പോലീസ് ഒരു പെറ്റിക്കേസ് പോലും എടുത്തില്ല”. ജനയുഗം കൂറ്റപ്പെടുത്തുന്നു.
പോലീസിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള സിപിഐയുടെ വിയോജിപ്പുകള്‍ ജനയുഗത്തിലൂടെ പുറത്തു വരുന്നത് പതിവായിരിക്കുകയാണ്. തൃശൂര്‍ പൂരം കലക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാത്തതിലും ജനയുഗം നിരന്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here