ജോയിന്റ് കൗണ്‍സിലിന്റെ സമരം ആയുധമാക്കി പ്രതിപക്ഷം; വാക്കൗട്ടിന് സിപിഐ എംഎല്‍എമാരെയും ക്ഷണിച്ച് സതീശന്‍
ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നടത്തുന്ന പണിമുടക്കില്‍ സിപിഐ സംഘടനയും പങ്കെടുക്കുന്നതിനെ ആയുധമാക്കി വിഡി സതീശന്‍. നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കുമ്പോഴാണ് ജോയിന്റ് കൗണ്‍സിലിന്റെ പണിമുടക്ക് സതീശന്‍ ഉന്നയിച്ചത്. ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ഒന്നും നല്‍കാതെ സര്‍ക്കാര്‍ ദ്രോഹിക്കുകയാണെന്ന് സതീശന്‍ വിമര്‍ശിച്ചു.
സര്‍ക്കാര്‍ ജീവനക്കാരെ ക്രൂരമായി അവഗണിക്കുകയാണ്. ഇത് അപകടകരമായ അവസ്ഥയിലേക്ക് പോകുകയാണ്. പഴയ രാജകോട്ടാരങ്ങളില്‍ വിദൂഷകരുണ്ടായിരുന്നു. അവര്‍ വാഴ്ത്തുപാട്ടുകള്‍ പാടും. മുഖ്യമന്ത്രി അതില്‍ വീണുപോകരുത്. ഇവര്‍ തന്നെ വിലാപ കാവ്യം രചിക്കുന്ന അവസ്ഥയിലേക്ക് പോവുകയാണെന്ന് ഓര്‍മ്മപ്പെടുത്തുകയാണെന്നും സതീശന്‍ പറഞ്ഞു.
വാക്കൗട്ട് പ്രസംഗത്തിന്റെ അവസാനമാണ് ജോയിന്റ് കൗണ്‍സില്‍ പണിമുടക്കുന്നതിനാല്‍ സിപിഐ എംഎല്‍എമാരേയും പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ സതീശന്‍ ക്ഷണിച്ചത്. ജീവനക്കാരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് നടത്തുന്ന വാക്കൗട്ടിലേക്കാണ് സിപിഐ എംഎല്‍എമാരെ ക്ഷണിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here