പോലീസിലെ ആര്‍എസ്എസ് സാന്നിധ്യം അന്വേഷിക്കണമെന്ന് വിഎസ് സുനില്‍കുമാര്‍; താക്കോല്‍ സ്ഥാനങ്ങളിലെ നിയമനങ്ങളില്‍ മുന്നറിയിപ്പും
എഡിജിപി – ആര്‍എസ്എസ് കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ കേരള പോലീസിലെ ആര്‍എസ്എസ് സാന്നിധ്യം പരിശോധിക്കണമെന്ന് സിപിഐ നേതാവും മുന്‍മന്ത്രിയുമായ വിഎസ് സുനില്‍കുമാര്‍. ലാഘവത്തോടെ സര്‍ക്കാര്‍ ഈ വിഷയത്തെ സമീപിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോലീസില്‍ ആര്‍എസ്എസിന്റെ സാന്നിധ്യമുണ്ടെന്ന് ആദ്യം പറഞ്ഞത് സിപിഐ ദേശീയ നേതാവായ ആനി രാജയായിരുന്നു. അന്ന് സിപിഎം, സിപിഐ നേതൃത്വങ്ങള്‍ ഒരുമിച്ചു നിന്ന് ആനി രാജയെ തള്ളിപ്പറയുകയും അനാവശ്യ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയാണെന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു. തൃശൂര്‍ പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ എഡിജിപി അജിത്കുമാറിന് പങ്കുണ്ടെന്ന ആരോപണങ്ങള്‍ വന്ന പശ്ചാത്തലത്തിലാണ് സുനില്‍കുമാറും പോലീസിലെ ആര്‍എസ്എസ് സാന്നിധ്യത്തെക്കുറിച്ച് പറയാന്‍ തയ്യാറായത്. മാധ്യമം ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ ആവശ്യം അദ്ദേഹം ഉന്നയിച്ചത്.
പോലീസിലെ താക്കോല്‍ സ്ഥാനങ്ങളില്‍ തങ്ങളുടെ ആളുകളെ കൊണ്ടിരുത്താന്‍ ചിലര്‍ ശ്രമം നടത്തുന്നുണ്ടോ എന്ന് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും സുനില്‍കുമാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പൊലീസിന്റെ പല നടപടികളിലും ആര്‍എസ്എസ് വിധേയത്വം കാണാനുണ്ടെന്ന് പല മുസ്ലീം സംഘടനകളും പ്രതിപക്ഷവും നേരത്തെ തന്നെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് സമാനമായ നിലപാടാണ് സിപിഐ നേതാവും സ്വീകരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തതിന് പിന്നില്‍ പോലീസിലെ സംഘപരിവാര്‍ സാന്നിധ്യമാണെന്ന് അന്ന് പല കോണുകളില്‍ നിന്നും ആരോപണമായി ഉന്നയിച്ചിരുന്നു. തൃശൂര്‍ പൊലീസ് അക്കാദമയില്‍ ബീഫ് വിളമ്പുന്നതിന് ഐ.ജി. സുരേഷ് രാജ് പുരോഹിത് വിലക്ക് ഏര്‍പ്പെടുത്തിയതും സംഘപരിവാര്‍ വിധേയത്വമായി ആക്ഷേപം ഉയര്‍ന്നിരുന്നു. പോലീസ് സേനയില്‍ നിന്ന് തന്നെ പരാതി ഉയര്‍ന്നിട്ടും ആ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാന്‍ ഭരണ നേതൃത്വം തയ്യാറായിരുന്നില്ല.
പൂര വിവാദം തൃശൂരില്‍ ബിജെപിയുടെ ജയം ഉറപ്പാക്കിയതിന് പിന്നില്‍ എഡിജിപിയും ആര്‍എസ്എസ് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച സഹായിച്ചിട്ടുണ്ടെന്നാണ് സിപിഐയുടെ പരാതി. ഈ ആക്ഷേപങ്ങള്‍ സര്‍ക്കാര്‍ ഇപ്പോഴും ഗൗരവമായി അന്വേഷിച്ചിട്ടില്ല. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയമായ സംഘപരിവാര്‍ വിരുദ്ധതക്കേറ്റ കനത്ത തിരിച്ചടിയാണ് എഡിജിപി – ആര്‍എസ്എസ് കൂടിക്കാഴ്ച. ആര്‍എസ്എസ് നേതാക്കളുമായി താന്‍ കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി അജിത് കുമാര്‍ തന്നെ സമ്മതിച്ചിട്ടും സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ അന്വേഷണം പോലും നടത്താന്‍ തയ്യാറായിട്ടില്ല. ഇതില്‍ സിപിഐ അസ്വസ്ഥരാണ്. കഴിഞ്ഞ് മൂന്ന് ദിവസമായി സിപിഐ മുഖപത്രമായ ജനയുഗം ഈ കൂടിക്കാഴ്ചയെ ശക്തമായി വിമര്‍ശിക്കുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here