അതൃപ്തി പറയാതെ പറഞ്ഞ് സിപിഐ; മുതിർന്ന നേതാക്കള്‍ ഏക സിവില്‍കോഡ് സെമിനാറിനില്ല

തിരുവനന്തപുരം: ഏക സിവിൽ കോഡ് സംബന്ധിച്ച സിപിഐഎം സെമിനാറില്‍ നിന്ന് സിപിഐയിലെ പ്രമുഖ നേതാക്കള്‍ വിട്ടുനില്‍ക്കും. സിപിഐയെ പ്രതിനിധീകരിച്ച് ഇ കെ വിജയൻ എംഎൽഎ ആയിരിക്കും സെമിനാറിൽ പങ്കെടുക്കുന്നത്. ദേശീയ കൗൺസിൽ ചേരുന്നതിനാൽ മുതിർന്ന നേതാക്കൾക്ക് സെമിനാറിൽ പങ്കെടുക്കാനാവില്ലെന്നാണ് സിപിഐയുടെ വിശദീകരണമെങ്കിലും, ലീഗിനെ ക്ഷണിച്ചതിലടക്കമുള്ള അതൃപ്തിയാണ് നീക്കത്തിന് പിന്നിലെന്നാണ് ആക്ഷേപം.

യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയായ ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചതില്‍ സിപിഐയ്ക്ക് അതൃപ്തിയുണ്ട്. മുസ്ലിംലീഗ് ഇടതുപക്ഷത്തേക്ക് എത്തുന്നു എന്ന ഊഹാപോഹങ്ങള്‍ ഉയർന്ന ഘട്ടത്തിലും അനുകൂല നിലപാടെടുത്ത സിപിഐഎം നടപടി മുന്നണിക്കുള്ളില്‍ ഭിന്നതയുണ്ടാക്കിയിരുന്നു. ഏക സിവില്‍കോഡ് വിഷയത്തിലും അത്തരത്തില്‍ ലീഗിനെ സ്വാഗതം ചെയ്യുന്ന നിലപാട് സിപിഐഎമ്മില്‍ നിന്നുണ്ടാകുന്നതില്‍ സിപിഐ അസ്വസ്ഥരാണ്.

ഏകവ്യക്തി നിയമം സംബന്ധിച്ച വിഷയത്തില്‍ തിടുക്കത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനോടും സിപിഐ നേതൃത്വത്തിന് വിയോജിപ്പുണ്ട്. കരട് നിയമംപോലും അവതരിപ്പിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ പ്രതിഷേധങ്ങളിലേക്ക് പോകേണ്ടതുണ്ടോ എന്നാണ് സിപിഐയുടെ ചോദ്യം.

അതേസമയം, ഏക സിവിൽ കോഡിനെതിരായ സെമിനാറിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചതിൽ സിപിഐയ്ക്ക് അതൃപ്തിയുണ്ടെന്ന വാദം സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തള്ളി. മുന്നണിയില്‍ ഇതുസംബന്ധിച്ച് തർക്കമില്ലെന്നും സിപിഐ സെമിനാറില്‍ പങ്കെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജൂലെെ 15 ന് കോഴിക്കോട് വെച്ചാണ് സിപിഐഎമ്മിന്റെ ആദ്യ സെമിനാർ. ഈ മാസം 14 മുതൽ മൂന്ന് ദിവസമാണ് സിപിഐയുടെ ദേശീയ കൗൺസിൽ യോഗം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top