സിപിഎം ബന്ധം സിപിഐ അവസാനിപ്പിക്കണം; നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി ഇരിക്കണം; മോദി പിണറായി അന്തര്‍ നാടകങ്ങള്‍ തിരിച്ചറിയണമെന്നും കെഎന്‍എ ഖാദര്‍
സിപിഎമ്മുമായുള്ള സഖ്യം സിപിഐ അവസാനിപ്പിക്കാന്‍ സമയമായെന്ന് മുസ്ലീം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്നും സിപിഐ പാഠങ്ങള്‍ പഠിക്കണമെന്നും ചന്ദ്രികയില്‍ എഴുതിയ ലേഖനത്തില്‍ കെഎന്‍എ ഖാദര്‍ ആവശ്യപ്പെട്ടു. സിപിഐ നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി ഇരിക്കുകയും യുഡിഎഫുമായി സഹകരിക്കുകയും വേണം. ഇല്ലെങ്കില്‍ ഇനിയും വില നല്‍കേണ്ടി വരുമെന്നും ഖാദര്‍ മുന്നറിയിപ്പ് നല്‍കി. സിപിഐയില്‍ നിന്നും മുസ്ലിം ലീഗില്‍ എത്തിയ നേതാവാണ് കെഎന്‍എ ഖാദര്‍.
സിപിഐക്ക് മുഖ്യമന്ത്രി പദവി വരെ നല്‍കിയത് കോണ്‍ഗ്രസ്സും മുസ്ലിം ലീഗുമാണ്. സിപിഎമ്മിന്റെ നയങ്ങള്‍ക്ക് സിപിഐ വഴിപ്പെടാതിരുന്ന കാലത്ത് അവര്‍ക്ക് ഭരണത്തിലും പുറത്തും അര്‍ഹമായ പദവികളും അന്തസ്സും ജനപിന്തുണയും ഉണ്ടായിരുന്നു. അവരോട് സന്ധി ചെയ്തതോടെ രാഷ്ട്രീയ ചൈതന്യം കെട്ടു പോയി. അത് സിപിഎം നന്നായി മുതലെടുക്കുകയും ചെയ്തു. ഇത് സിപിഐയെ ഇപ്പോള്‍ നയിക്കുന്ന ബിനോയ് വിശ്വം മനസിലാക്കണമെന്നും ഖാദര്‍ പറയുന്നു.
കോണ്‍ഗ്രസ്സിന്റെയും ഇതര പാര്‍ട്ടികളുടെയും പിന്തുണ കൊണ്ടാണ് കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളില്‍ സിപിഎമ്മും സിപിഐയും ജയിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ അരങ്ങേറിയ അന്തര്‍ നാടകങ്ങള്‍ സിപിഐ തിരിച്ചറിയണം. സിപിഎം ഉന്നത നേതാക്കളുടെ മോദി അമിത്ഷാ ബന്ധത്തിന് സിപിഐ നല്‍കേണ്ടി വരുന്ന വില അറിയണമെന്നും തൃശൂരിലെ തോല്‍വി ചൂണ്ടികാട്ടി ഖാദര്‍ വ്യക്തമാക്കി.
സിപിഎം മോദിസത്തിന്റ കേരള ബ്രാന്റ് ഇവിടെ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ്. ഭരിക്കുന്നവരുടെ അഴിമതിയും സ്വജനപക്ഷപാതവും അഹങ്കാരവും ആര്‍ത്തിയും കാരണം കേരളം മുടിഞ്ഞു. ഭരണം ജനങ്ങളില്‍ നിന്നു പാര്‍ട്ടിയിലേക്കും വീണ്ടും ഒരാളിലേക്കും ചുരുങ്ങി. മുഖ്യമന്ത്രിയും കുടുംബവും രാജകീയ സുഖം മടുപ്പില്ലാതെ അനുഭവിക്കുകയാണ്. കഴിവുകെട്ട അനുസരണയുള്ള കുഞ്ഞാടുകളെ മാത്രം മന്ത്രിമാരാക്കി. അങ്ങിനെ ഇടതു വംശം അടിമ വംശമായതായും ഖാദര്‍ വിമര്‍ശിക്കുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here