രാഹുലിന് ദീർഘവീക്ഷണമില്ലെന്ന് സിപിഐ ദേശീയ സെക്രട്ടറി; പിണറായിയെ ലക്ഷ്യം വയ്ക്കുന്നത് എന്തുകൊണ്ട്; രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉപദേശിക്കണമെന്ന് രാജ

കൽപറ്റ: വയനാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന അപലപനീയമാണെന്ന് രാജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘അന്വേഷണ ഏജൻസികൾ എന്തുകൊണ്ടാണ് പിണറായിയെ അറസ്റ്റ് ചെയ്യാത്തതെന്നാണ് രാഹുൽ ചോദിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും ഹേമന്ത് സോറനെയും അറസ്റ്റ് ചെയ്തപ്പോൾ രാഹുല്‍ കേന്ദ്ര ഏജൻസികൾക്കെതിരെ രംഗത്തു വന്നു. അതേ രാഹുൽ തന്നെയാണ് പിണറായിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. കേജ്‌രിവാളിനോട് ചെയ്ത അതേ കാര്യം പിണറായിയോടും ചെയ്യണമെന്നാണോ രാഹുൽ ആവശ്യപ്പെടുന്നത്?” – ഡി. രാജ ചോദിച്ചു.

“രാഹുൽ ഗാന്ധിക്ക് ദീർഘവീക്ഷണമില്ല. രാഹുലും വേണുഗോപാലും അടക്കമുള്ള നേതാക്കളെ ഉപദേശിക്കാൻ മല്ലികാർജുൻ ഖർഗെ തയാറാകണം. തിരഞ്ഞെടുപ്പ് നടക്കുന്നത് പാർലമെന്റിലേക്കാണ്. പിന്നെ എന്തിനാണ് ഇവർ പിണറായി വിജയനെ ലക്ഷ്യം വയ്ക്കുന്നത്. രാഹുൽ ഗാന്ധി മത്സരിക്കേണ്ടത് എൽഡിഎഫിനെതിരെയല്ല. എന്തുകൊണ്ടാണ് പൗരത്വ നിയമത്തെക്കുറിച്ച് കോൺഗ്രസ് സംസാരിക്കാത്തത്.” – രാജ ചോദിച്ചു.

ആനി രാജ കേരളത്തിൽനിന്നുള്ള ആളാണ്. ദേശീയ നേതാവെന്ന നിലയിലല്ല മത്സരിക്കുന്നത്. ബിജെപി അധികാരത്തിൽ വന്നതോടെ ആർഎസ്എസ് അക്രമകാരികളായി. രാജ്യത്തെ മാറ്റാനാണ് അവർ ശ്രമിക്കുന്നത്. ബിജെപി നല്‍കിയ വാഗ്ദാനങ്ങൾ ഒന്നും നടപ്പായില്ല. ഇന്ത്യൻ രൂപയുടെ വില ഇടിഞ്ഞു. തൊഴിലില്ലായ്മയിൽ ഇന്ത്യ മുന്നിലാണ്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞു. ഇന്ന് കർഷകർ ജീവിക്കാൻ ബുദ്ധിമുട്ടുന്നു. മോദി ഭരണം ദുരന്തമാണ്. ഏകാധിപത്യ ഭരണമാണ് നടക്കുന്നത്. ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കി രാജ്യത്തെ രക്ഷിക്കണം. ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.” – രാജ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top