സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനം തെറിപ്പിച്ചത് പാര്‍ട്ടിയിലെ സര്‍വശക്തര്‍; അനധികൃത സ്വത്ത് സമ്പാദനം വെറും പുകമറ; പാര്‍ട്ടി ഭരണഘടനപോലും കാറ്റില്‍പ്പറത്തിയെന്ന് എ.പി.ജയന്‍

തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലില്ലാത്ത നടപടിയാണ് തനിക്കെതിരെ എടുത്തതെന്ന് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട എ.പി.ജയന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ചുള്ള പാര്‍ട്ടി നടപടി സ്വാഭാവിക നീതിപോലും നിഷേധിച്ചുകൊണ്ടാണെന്നും ജയന്‍ പറഞ്ഞു.

“സ്വന്തമായി നിലപാടുള്ളവര്‍ക്ക് സിപിഐയില്‍ നിന്നുപോകാന്‍ പ്രയാസമാണ്. എന്റെ കാര്യത്തില്‍ ഇതാണ് തെളിഞ്ഞത്. പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കാന്‍ കരുതിക്കൂട്ടിയുള്ള നീക്കങ്ങളാണ് നടന്നത്. സംസ്ഥാന നേതൃത്വത്തിലെ ശക്തരായ ചിലരാണ് നീക്കങ്ങള്‍ക്ക്‌ പിന്നില്‍. നടപടിയെടുക്കാന്‍ പാര്‍ട്ടി ഭരണഘടനപോലും കാറ്റില്‍പ്പറത്തി. സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പറായ എനിക്ക് എതിരെ നടപടി വരുമ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത് ഈ ഘടകത്തിലാണ്. നടപടി വേണമെന്നോ വേണ്ടെന്നോ പറയാനുള്ള അവകാശം സ്റ്റേറ്റ് കൗണ്‍സിലിനാണ്. അവിടെ അങ്ങനെ ഒരു ചര്‍ച്ച വരുകയോ തീരുമാനം എടുക്കുകയോ ചെയ്തില്ല.

പകരം പാര്‍ട്ടി കമ്മീഷന്‍ രൂപീകരിച്ച് അന്വേഷണം നടത്തി നടപടിയെടുക്കുകയാണ് ചെയ്തത്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം നടപടി നേരിട്ട ആള്‍ക്ക് നല്‍കാതെ മാധ്യമങ്ങള്‍ക്ക് നല്‍കുകയാണ് ചെയ്തത്. നടപടിയെക്കുറിച്ച് എനിക്ക് ഇതുവരെ ഒരറിയിപ്പും ലഭിച്ചിട്ടുമില്ല”-ജയന്‍ പറയുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ജയനെ നീക്കിയതില്‍ പ്രതിഷേധിച്ച് അദ്ദേഹം അംഗമായ പെരിങ്ങനാട് വടക്ക് ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഒന്നടങ്കം രാജിവച്ചിട്ടുണ്ട്.

പാര്‍ട്ടി നടപടി വന്നതിനെക്കുറിച്ച് ജയന്‍ പറയുന്നത് ഇങ്ങനെ:

“എന്റെ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി പശുക്കളെ വാങ്ങി ഒരു ഫാം തുടങ്ങുകയാണ് ചെയ്തത്. ക്ഷീരസംഘം പ്രസിഡന്റെന്ന നിലയിലുള്ള സംരംഭമാണ് തുടങ്ങിയത്. പശുവിനെ വളര്‍ത്തുക, കൃഷി ചെയ്യുക എന്നൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അഭിമാനകരമായ കാര്യമാണ്. എന്നാല്‍ എന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ് സംഭവിച്ചത് ഫാമിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പരാതി വന്നു. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചു. ആദ്യം ഏകാംഗ കമ്മീഷന്‍ രൂപീകരിച്ചു. പിന്നീട് കമ്മീഷന്‍ വിപുലീകരിച്ചു.

നാലംഗ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളുള്ള കമ്മിറ്റിയാണ് അന്വേഷിച്ചത്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി. രണ്ട് കോടി രൂപ ഫാമിന് മുതല്‍ മുടക്കിയെന്നാണ് അന്വേഷണ കമ്മീഷന്‍ കണ്ടെത്തല്‍. ഈ തുക എവിടെ നിന്നും വന്നെന്നാണ് ചോദിച്ചത്. രണ്ട് കോടിയൊന്നും മുടക്കിയിട്ടില്ല. പെട്രോളിയം രംഗത്തുള്ള എന്റെ ബന്ധുവിന്റെതാണ് മുതല്‍ മുടക്ക്. എത്രയോ വനിതകള്‍ക്ക് ഫാമില്‍ ജോലി കൊടുത്തിട്ടുണ്ട്. ഇതൊന്നും കമ്മീഷന്‍ കണക്കിലെടുത്തില്ല. ഏകപക്ഷീയമായി എന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കുകയായിരുന്നു. പാര്‍ട്ടി നടപടി രേഖാമൂലം ലഭിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും-”-ജയന്‍ പറയുന്നു.

എ.പി.ജയന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് ചൂണ്ടിക്കാട്ടി എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയാണ് പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന് പരാതി നല്‍കിയത്. തുടര്‍ന്നുള്ള പാര്‍ട്ടി അന്വേഷണമാണ് ജയന്റെ പുറത്താക്കലിന് വഴിവെച്ചത്.

മുല്ലക്കര രത്നാകരനാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ ചുമതല നല്‍കിയിരിക്കുന്നത്. “ജില്ലാ സെക്രട്ടറിയുടെ ചുമതല തന്നിട്ടുണ്ടെങ്കിലും പത്തനംതിട്ടയില്‍ പോയിട്ടില്ല. അതുകൊണ്ട് തന്നെ വ്യക്തമായ ചിത്രം ലഭിച്ചിട്ടില്ലെന്നും” മുല്ലക്കര മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top