സിപിഐ ലോക്കല്‍ കമ്മിറ്റി ഒന്നടങ്കം യുഡിഎഫിലേക്ക്; പുകഞ്ഞ കൊള്ളികള്‍ പുറത്തുതന്നെ എന്ന് ജില്ലാ സെക്രട്ടറി

മലപ്പുറം പൂക്കോട്ടൂര്‍ സിപിഐയില്‍ കലാപം. ലോക്കല്‍ കമ്മിറ്റിയും കീഴിലുള്ള നാല് ബ്രാഞ്ചുകളും പാര്‍ട്ടി വിട്ടു. നേതാക്കളും കുടുംബങ്ങളും അടക്കം 300 ഓളം പേരാണ് പാര്‍ട്ടിക്ക് നഷ്ടമാകുന്നത്. രാജിവച്ച നേതാക്കള്‍ പാര്‍ട്ടി അംഗത്വ കാര്‍ഡുകള്‍ കൂട്ടിയിട്ട് കത്തിച്ചതും നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

ഇടതുനയങ്ങളില്‍ നിന്നും പാര്‍ട്ടിയും സര്‍ക്കാരും വ്യതിചലിക്കുന്നുവെന്നും നേതാക്കള്‍ അഴിമതിക്കാരാകുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക്. സിപിഐ നേതാക്കള്‍ ഉദ്യോഗസ്ഥ അഴിമതിയില്‍ നിന്നുള്ള പണം കൈപ്പറ്റുന്നുവെന്നും മണ്ണുമാഫിയയുടെ ഇടനിലക്കാരാകുന്നുവെന്നും നേതാക്കള്‍ ആരോപിക്കുന്നു.

കാനം-ഇസ്മായില്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ചേരിപ്പോര് മലപ്പുറത്ത് ശക്തമാണ്. നേതാക്കള്‍ പാര്‍ട്ടി വിട്ടതും ഈ ഗ്രൂപ്പ് പോരിന്റെ ഭാഗമായി തന്നെ. “എട്ടുമാസമായി പൂക്കോട്ടൂരില്‍ പ്രശ്നമാണ്. സര്‍ക്കാരിനെതിരെ ഉയര്‍ന്ന വികാരങ്ങള്‍ ബ്രാഞ്ചിലും ലോക്കല്‍ കമ്മിറ്റിയിലും ചര്‍ച്ച നടത്തുന്നില്ല. ഗ്രൂപ്പിന്റെ പ്രശ്നത്തില്‍ തമ്മില്‍ തല്ലും രൂക്ഷമാണ്. മനംമടുത്താണ് പാര്‍ട്ടി വിടുന്നത്.”- ലോക്കല്‍ സെക്രട്ടറി മുക്കന്‍ അബ്ദുള്‍ റസാഖ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “ഞങ്ങള്‍ ഇടതുമുന്നണി വിടുകയാണ്. യുഡിഎഫിലെ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള പാര്‍ട്ടിയിലേക്ക് പോകാനാണ് താത്പര്യപ്പെടുന്നത്.” – റസാഖ് പറഞ്ഞു.

പൂക്കോട്ടൂര്‍ ഉള്ളത് ലോക്കല്‍ പ്രശ്നമാണ്. നേതാക്കളില്‍ ചിലര്‍ ഭരണത്തിനെ മോശമായി ചിത്രീകരിച്ചു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന്റെ പേരില്‍ നടപടി സ്വീകരിച്ചതോടെയാണ് പൂക്കോട്ടൂര്‍ ലോക്കല്‍ കമ്മറ്റിയിലെ ഒരു വിഭാഗം പാര്‍ട്ടി വിട്ടത്. – മലപ്പുറം സിപിഐ ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “പാര്‍ട്ടി അംഗത്വകാര്‍ഡ് അടക്കം കത്തിച്ച് നേതൃത്വത്തെ വെല്ലുവിളിച്ചവരെ പാര്‍ട്ടിയിലേക്ക് എങ്ങനെ തിരിച്ചെടുക്കും. പൂക്കോട്ടൂര്‍ പ്രശ്നങ്ങള്‍ നേതൃത്വത്തിന് മുന്‍പാകെയുണ്ട്. ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്.” – കൃഷ്ണദാസ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top