സിപിഎം ഭീകരസംഘടന; എത്രപേരെ കൊന്നു തള്ളി; എണ്ണിപ്പറഞ്ഞ് കടയ്ക്കലിൽ സിപിഐ
കൊല്ലം: സിപിഎമ്മിനെ പോലുള്ള ഭീകര സംഘടനയെ കേരളം അധികകാലം വാഴിക്കില്ലെന്ന് സിപിഐ. പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടേയും ഗുണ്ടായിസം തുടർന്നാൽ ബംഗാളും ത്രിപുരയും ആവർത്തിച്ച് കേരളത്തിലും സിപിഎം വട്ടപൂജ്യമാകുമെന്നാണ് സിപിഐയുടെ മുന്നറിയിപ്പ്. ഇപ്പോൾ കേരളത്തിലും മുമ്പ് ബംഗാളിലും ത്രിപുരയിലും സിപിഎം നിരവധിപ്പേരെ കൊന്നു തളളിയെന്നും സിപിഐ വിമർശിക്കുന്നു.
കടയ്ക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഡിവൈഎഫ്ഐ- എസ്എഫ്ഐ ഗുണ്ടായിസത്തിനെതിരെയുള്ള പ്രതിഷേധ യോഗത്തിലായിരുന്നു സഖ്യകക്ഷിയായ സിപിഎമ്മിനെതിരെ സിപിഐ രൂക്ഷവിമർശനമുയർത്തിയത്. പശ്ചിമ ബംഗാളിലും, ത്രിപുരയിലും ഇപ്പോൾ കേരളത്തിലും സംഭവിക്കുന്ന സിപിഎം നേതൃത്വത്തിലുള്ള അക്രമങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അംഗവും മണ്ഡലം സെക്രട്ടറിയുമായ എസ് ബുഹാരിയുടെ തുറന്ന് പറച്ചില്‍. നവംബർ 27-ന് നടന്ന യോഗത്തിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.പി ഉണ്ണികൃഷ്ണനും, ചടയമംഗലം മുൻ എംഎൽഎ ആർ ലതാദേവിയും ഉൾപ്പെടെ വേദിയിലിരിക്കുമ്പോഴായിരുന്നു ബുഹാരിയുടെ കുറ്റപ്പെടുത്തല്‍. ഇദ്ദേഹത്തിൻ്റെ പ്രസംഗം പാർട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വീഡിയോ കാണുക
”കേരളത്തിൽ സിപിഐ ഇല്ലായിരുന്നെങ്കിൽ സിപിഎമ്മിന് ഒരു മുഖ്യമന്ത്രി പോലും ഉണ്ടാകുമായിരുന്നില്ല. സിപിഐയുടെ ഔദ്യാര്യമാണ് നിൻ്റെയൊക്കെ മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ കസേരയിൽ ഇരിക്കുന്നത് എന്ന ഓർമ്മ നിനക്കൊക്കെ വേണം. സിപിഐ ഇല്ലെങ്കിൽ സിപിഎം വട്ടപൂജ്യമാണ്. സിപിഐയോട് സിപിഎം കാണിക്കുന്ന ഗുണ്ടാപ്രവർത്തനങ്ങൾ അംഗികരിച്ച് തരാൻ കഴിയില്ല.
ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിൽ എൽഡിഎഫ് ഭരണം ഉണ്ടായിരുന്നു. ബംഗാളിൽ 40 വർഷത്തോളം സിപിഎം ഭരിച്ചു. ഇന്ന് എന്താ സ്ഥിതി. പുറത്തിറങ്ങണമെങ്കിൽ തൃണമൂൽ കോൺഗ്രസിൻ്റെ അനുവാദം വേണം. അവിടുത്തെ ഏര്യാ കമ്മിറ്റി സെക്രട്ടറിയും ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കേരളത്തിലെത്തി തട്ടുകടകളിൽ പൊറോട്ടയടിക്കുകയും തെങ്ങിൽ കയറുകയുമാണ്. തിരിച്ച് പോകാൻ പറ്റില്ല. പാർട്ടി ഓഫീസുകളെല്ലാം തൃണമൂൽ കോൺഗ്രസ് ഓഫീസുകളായിമാറി. ഒന്ന് എത്തി നോക്കാൻ പോലും പറ്റാത്ത അവസ്ഥ.
ത്രിപുരയിലെ തലയിലെഴുത്ത് വല്ലാത്തത് തന്നെ. സിപിഎമ്മിൻ്റെ ഗുണ്ടാസംഘങ്ങളായിരുന്നു അവിടുത്തെ നീതിപീഠങ്ങൾ. അവിടുത്തെ ഏര്യാ സെക്രട്ടറിയും ലോക്കൽ സെക്രട്ടറിമാരുമായിരുന്നല്ലോ വിധി പ്രഖ്യാപിച്ചിരുന്നത്. അവിടുത്തെ പോലീസ് സ്റ്റേഷനും നിങ്ങളായിരുന്നില്ലേ. എത്ര പേരെയാണ് ഈ രണ്ട് സംസ്ഥാനങ്ങളിൽ നിങ്ങൾ കൊന്നുതള്ളിയത്. ഇപ്പോൾ ത്രിപുരയിൽ എന്താ സ്ഥിതി. ത്രിപുരയിൽ ഒന്നുമില്ല അവിടെ ശൂന്യമാണ്. സിപിഎമ്മിൻ്റെ എല്ലാ ഓഫീസുകളും ബിജെപി ഓഫീസുകളായി മാറി. ആകെ ഇന്ത്യയിൽ ബാക്കിയുള്ളത് കേരളമെന്ന ഇട്ടാവട്ട സംസ്ഥാനത്ത് മാത്രമാണ്. ഇങ്ങനെ ഗുണ്ടായിസം തുടർന്നാൽ താമസിക്കാതെ കേരളത്തിലും വട്ടപൂജ്യമാകും എന്നതിൽ തർക്കമില്ല.
മാന്യമായ രാഷ്ട്രീയ പ്രവർത്തനം നടത്തിയില്ലെങ്കിൽ കേരളത്തിലെ പ്രബുദ്ധരായ ജനത മറുപടി നൽകും. അങ്ങനെ സംഭവിച്ചാൽ നമ്മൾക്ക് ബംഗാളിൽ പോകാൻ കഴിയില്ല. ആസാമിൽ പോകാൻ കഴിയില്ല. മറ്റെവിടെയെങ്കിലും തട്ടുകട അന്വേഷിച്ച് പോകേണ്ടിവരും. കേരളത്തിൽ സിപിഎം ഒരുപാടുപേരെ കൊന്നു തള്ളിയിട്ടുണ്ട്. ഇത്രത്തോളം ഒരു ഭീകര സംഘടന…. ( പൂർത്തിയാക്കുന്നില്ല). തങ്ങൾ കൊന്നാൽ ശരി, മറ്റുള്ളവർ കൊന്നാൽ തെറ്റ്. ഇത്തരം ഭീകര സംഘടനകളെ കേരളം ഒരുപാട് നാൾ വാഴിക്കില്ല. സിപിഎം പാലു കൊടുത്തു വളർത്തിയ പാമ്പുകൾ സിപിഎമ്മിനെത്തന്നെ കൊത്തി. അത്തരം ഒരു വിഷപാമ്പിനെ നിങ്ങൾ തല്ലിക്കൊന്നു. പാലു കൊടുത്ത കൈക്ക് കൊത്തിയ പാമ്പിനെ തല്ലിക്കൊന്നത് കടയ്ക്കൽ തന്നെ സംഭവിച്ചിട്ടുണ്ട്… ” – എന്നായിരുന്നു സിപിഐ നേതാവ് എസ് ബുഹാരിയുടെ പ്രസംഗം.
സിപിഐ പ്രവർത്തകർക്ക് നേരെ ഇനിയും ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്നും യോഗത്തിൽ ബുഹാരി മുന്നറിയിപ്പ് നൽകി. “ഞങ്ങൾക്ക് മടുത്തു, ഇനി സഹിക്കില്ല. സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ള ഗുണ്ടാസംഘം പാർട്ടി ഓഫീസ് ആക്രമിക്കാൻ വന്നാൽ കയ്യും കെട്ടി നോക്കിനിൽക്കില്ല. തിരിച്ചടിക്കുകതന്നെ ചെയ്യും. ചടയമംഗലം നിയോജകമണ്ഡലത്തിലെ ഒരുപഞ്ചായത്തിലും ഒറ്റയ്ക്കുനിന്നാൽ സിപിഎം ജയിക്കില്ല”- ബുഹാരി പറഞ്ഞു. പ്രസംഗത്തിൽ പരാമർശിച്ച സാഹചര്യങ്ങളെപ്പറ്റിയുള്ള വിശദ വിവരങ്ങൾ ചോദിച്ചറിയാന്‍ ബുഹാരിയുമായി മാധ്യമ സിൻഡിക്കറ്റ് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല.
സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം വർഗീയ ഫാസിസ്റ്റ് ശക്തികളുടെ വളർച്ചയ്ക്ക് ഗുണകരമാകുന്നെന്ന് യോഗം ഉദ്ഘാടനം ചെയ്ത സിപിഐ. സംസ്ഥാന കൗൺസിൽ അംഗം വി.പി.ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. സിപിഐ ഓഫീസുകൾ സിപിഎം വ്യാപകമായി ആക്രമിക്കുന്നു. സിപിഎം വളർത്തുന്ന ക്രിമിനലുകൾ നാടിനാപത്താണ്. സിപിഐ കൂടെയില്ലാതെ സിപിഎം. കേരളം ഭരിച്ച ചരിത്രമില്ല. അതിവേഗം വളരുന്ന പാർട്ടിയാണത്. കലാലയങ്ങളിൽ എസ്എഫ്ഐയുടെ സ്വേച്ഛാധിപത്യ പ്രവർത്തനം അവരെത്തന്നെ വേട്ടയാടുകയാണ്. പല കലാലയങ്ങളും അവർക്ക് നഷ്ടപ്പെടുന്നു. ഫാസിസത്തിനെതിരേ ഒരുമിച്ചു പോരാടേണ്ട സമയത്ത് കമ്പിപ്പാര, വടിവാൾ, ബോംബ് രാഷ്ട്രീയമാണ് സിപിഐക്കെതിരേ സിപിഎം നടത്തുന്നത്”- വി.പി. ഉണ്ണികൃഷ്ണൻ പറഞ്ഞു.