കണ്ണൂരിലെ കഥകള്‍ ചെങ്കൊടിക്ക് അപമാനം; സിപിഎമ്മിനെതിരെ കടുപ്പിച്ച് സിപിഐ

സിപിഎമ്മിലെ വിവാദങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് സിപിഐ. സ്വര്‍ണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകള്‍ പുറത്തു വരുന്നത് ചെങ്കൊടിക്ക് അപമാനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവനയില്‍ വ്യക്തമാക്കി. കയ്യൂരിന്റെയും കരിവള്ളൂരിന്റെയും തില്ലങ്കേരിയുടെയും പാരമ്പര്യമുള്ള മണ്ണാണ് കണ്ണൂരിലേത്. അവിടെ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബന്ധുക്കളെ ആകെ വേദനിപ്പിക്കുന്നതാണെന്നും സിപിഐ കുറ്റപ്പെടുത്തുന്നു.

സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷത്തിന്റെ രക്ഷക വേഷം കെട്ടുന്നവര്‍ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് പൊറുക്കാവുന്നതല്ല. പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളില്‍ ഇത്തരക്കാര്‍ക്കും വലിയ പങ്കുണ്ട്. ഇടതുപക്ഷം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ മറന്നുവോയെന്ന് ചിന്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത് ഈ കൂട്ടരാണെന്നും ബിനോയ് വിശ്വം വിമര്‍ശിക്കുന്നു. ഇത്തരക്കാരില്‍ നിന്നും ബോധപൂര്‍വം അകല്‍ച്ച പാലിച്ചുകൊണ്ടേ ഇടതുപക്ഷത്തിന് ജനവിശ്വാസം വീണ്ടെടുത്ത് മുന്നേറാന്‍ കഴിയൂ. ചീത്തപ്പണത്തിന്റെ ആജ്ഞാനുവര്‍ത്തികളായി മാറി അധോലോകത്തെ പിന്‍പറ്റുന്നവര്‍ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണ്. അവര്‍ക്ക് മാപ്പില്ലായെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

പി ജയരാജനെതിരെ സിപിഎം വിട്ട മനു തോമസ് നടത്തിയ ആരോപണങ്ങളിലാണ് സിപിഐ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ജയരാജന്‍ ക്വാറി മാഫിയയുടെ നേതാവാണെന്നും ജയരാജന്റെ മകന്‍ ജെയിന്‍ രാജാണ് സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തിന് നേതൃത്വം നല്‍കുന്നതെന്നുമായിരുന്നു ആരോപണം. സിപിഎം ജില്ലാ നേതൃത്വം ഇതെല്ലാം വ്യാജ ആരോപണം എന്ന് പറഞ്ഞ് പി ജയരാജന് പിന്തുണ പ്രഖ്യാപിക്കുമ്പോഴാണ് സിപിഐ വിമര്‍ശനവുമായി എത്തുന്നതെന്നതും ശ്രദ്ധേയമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top