മദ്യനിര്‍മ്മാണ യൂണിറ്റിനെതിരായ സിപിഐ എതിര്‍പ്പ് വഴിപാടോ? തിരുത്തല്‍ ശക്തി ഇപ്പോള്‍ തിരുമ്മല്‍ ശക്തി ആയെന്ന് ആക്ഷേപം; പ്ലാന്റ് വേണ്ടെന്ന് ഉറപ്പിച്ച് പറയാതെ സിപിഐ

എലപ്പുള്ളി മദ്യനിര്‍മ്മാണ യൂണിറ്റിനെതിരെ സിപിഐ ചില പരസ്യ വിമര്‍ശനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഫാക്ടറി സ്ഥാപിക്കാന്‍ പാടില്ലെന്ന നിലപാട് വ്യക്തമാക്കാത്തതിന് പിന്നില്‍ മറ്റ് ചില താല്പര്യങ്ങള്‍ ഉള്ളതായി സംശയം ബലപ്പെടുന്നു. തിരുത്തല്‍ ശക്തി എന്ന മേലങ്കി തരാതരം പോലെ എടുത്തണിയുന്ന സിപിഐ, ബ്രുവറി പാലക്കാട് പാടില്ല എന്ന് ഉറപ്പിച്ച് പറയാന്‍ തയ്യാറായിട്ടില്ല.

സിപിഐ നേതാവ് സത്യന്‍ മൊകേരി കഴിഞ്ഞ ദിവസം ജനയുഗം പത്രത്തിലെഴുതിയ ലേഖനത്തില്‍ മണ്ണും ജലവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒയാസിസിന്റെ മദ്യനിര്‍മ്മാണ ഫാക്ടറി പാടില്ലെന്ന് എഴുതിയിട്ടില്ല. ജലം സുലഭമായി കിട്ടിയാല്‍ മദ്യനിര്‍മ്മാണ ഫാക്ടറി ആവാമെന്ന മട്ടിലാണ് സിപിഐ നേതാവിന്റെ ലേഖനം. മദ്യനിര്‍മ്മാണ യൂണിറ്റിനെ ഞങ്ങള്‍ എതിര്‍ത്തു എന്ന ധ്വനപ്പിക്കുന്ന വിധത്തിലുള്ള വഴിപാട് എതിര്‍പ്പ് മാത്രമാണ് സിപിഐയുടേതെന്നാണ് വിമര്‍ശനം ഉ.യരുന്നത്. ഇടത് മുന്നണിയിലെ ഘടകകക്ഷിയായ ആര്‍ജെഡി എലപ്പുള്ളിയില്‍ മദ്യനിര്‍മ്മാണ യൂണിറ്റ് പാടില്ല എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. സിപിഐ അപ്പോഴും അഴകൊഴമ്പന്‍ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

എന്ത് ആക്ഷേപങ്ങള്‍ കേട്ടാലും മദ്യനിര്‍മ്മാണ പ്ലാന്റ് എലപ്പുള്ളിയില്‍ സ്ഥാപിക്കുമെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രി എംബി രാജേഷും. സിപിഐയുടെ എതിര്‍പ്പ് തങ്ങള്‍ മാറ്റിക്കൊള്ളാമെന്നാണ് എക്‌സൈസ് മന്ത്രി പറയുന്നത്. പ്ലാന്റിന് അനുമതി കൊടുത്ത വകയില്‍ എന്തു കിട്ടി എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യമാണിവിടെ മുഴങ്ങുന്നത്. സാമദാന ഭേദ ദണ്ഡങ്ങള്‍ നടത്തി സിപഐയെ മെരുക്കുമോ എന്നാണറിയേണ്ടത്. പാലക്കാട്ടെ പാര്‍ട്ടിയുടെ മണ്ഡലം, ജില്ലാക്കമ്മിറ്റികള്‍ പ്രമേയം പാസാക്കി സിപിഐ നേതൃത്വത്തിന് അയച്ചു കൊടുത്തതോടെയാണ് ബിനോയ് വിശ്വത്തിന് വെളിപാടുണ്ടായത്.

എലപ്പുള്ളിയിലെ മദ്യ യൂണിറ്റുമായി മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനമെങ്കില്‍ പിന്നെ എന്ത് ചെയ്യും എന്ന് സിപിഐ പറയുന്നില്ല. കടുപ്പിച്ചൊരു തീരുമാനമെടുക്കാനുള്ള ആരോഗ്യമോ ആര്‍ജ്ജവമോ വലതു കമ്യൂണിസ്റ്റ് പാര്‍ട്ടികാര്‍ക്കില്ലെന്ന് സിപിഎമ്മിന് നന്നായിട്ടറിയാം. ഒരിക്കല്‍ തിരുത്തല്‍ ശക്തി എന്ന് പേരുണ്ടായിരുന്ന പാര്‍ട്ടി തിരുമ്മല്‍ ശക്തിയായി മാറിയെന്ന് സിപിഐക്കാര്‍ തന്നെ പാര്‍ട്ടി നേതൃത്വത്തിനെതിരെ ആക്ഷേപം ഉന്നയിച്ചിട്ട് അധിക കാലമായിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top