ന്യൂനപക്ഷ വര്‍ഗീയതയില്‍ സിപിഎമ്മിനെ തള്ളി സിപിഐ; വിജയരാഘവന്റെ പ്രസ്താവന ഏറ്റെടുക്കില്ല

ന്യൂനപക്ഷ വര്‍ഗീയതയുമായി ബന്ധപ്പെട്ട് സിപിഎം പിബി അംഗം എ.വിജയരാഘവന്‍ നടത്തിയ പ്രസ്താവന വിവാദമായിരിക്കെ വിയോജിപ്പുമായി സിപിഐ. രാഹുലും പ്രിയങ്കയും വയനാട്ടിൽ ജയിച്ചത് വർഗീയ ശക്തികളുടെ പിന്തുണയിലാണെന്ന വിജയരാഘവന്റെ പ്രസ്താവന ഏറ്റെടുക്കേണ്ടതില്ലെന്നാണ് സിപിഐ തീരുമാനം. കഴിഞ്ഞദിവസം ചേർന്ന സിപിഐ സംസ്ഥാന കൗൺസിലാണ് തീരുമാനം എടുത്തത്.
മതന്യൂനപക്ഷങ്ങളെ ഇടത് ചേരിയില്‍ നിന്നും അകറ്റാന്‍ ഈ പ്രസ്താവന കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ വിജയരാഘവന്റെ പ്രസ്താവന സിപിഎമ്മിന്റെ നയമായി മാത്രം കാണും. ഇടതുമുന്നണിയുടെ നിലപാടായി കാണുന്നതിനെ ചെറുക്കുകയും ചെയ്യും. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ ഒരുപോലെ എതിര്‍ക്കുന്ന സമീപനവുമായി മുന്നോട്ടുപോകാനും സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു.
പാലക്കാട് തോല്‍വിയിലും സിപിഎമ്മിനെ കുറ്റപ്പെടുത്തുന്ന സമീപനമാണ് സിപിഐ സ്വീകരിച്ചത്. ട്രോളിബാഗ് വിവാദവും പാതിരാ റെയ്ഡും ഇടതുമുന്നണിയുടെ സാധ്യതകളെ ഇല്ലാതാക്കിയെന്നും ഇത്തരം വിവാദങ്ങളാണ് മൂന്നാംസ്ഥാനത്തേക്ക് എത്തിച്ചതെന്നും യോഗം വിലയിരുത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here