മുഖ്യമന്ത്രീ… പൗരപ്രമുഖരെയല്ല പാവങ്ങളെയാണ് കാണേണ്ടത്, സർക്കാരിന്റെ മുഖം വികൃതമാണ്, ഇങ്ങനെ പോയാൽ കനത്ത തിരിച്ചടികിട്ടുമെന്ന് സിപിഐ

തിരുവനന്തപുരം: പിണറായി സർക്കാറിനെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന കൗൺസിൽ. സർക്കാരിന്റെ മുഖം വികൃതമാണെന്നും ഈ മുഖവുമായി മണ്ഡല പര്യടനത്തിനു പോയിട്ടുകാര്യമില്ലെന്നു മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ പരുക്കൻ സ്വഭാവം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും എന്തിനും ഏതിനും മാധ്യമങ്ങളെ വിമർശിച്ചിട്ടു കാര്യമില്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.

സർക്കാരിന്റെ മുഖം വികൃതമാണ്, തെറ്റുകൾ തിരുത്താതെ മുന്നോട്ടു പോയിട്ടു കാര്യമില്ല. കേരളീയം പരിപാടിയും നിയോജക മണ്ഡലം സദസും കൊണ്ടു കാര്യമില്ല. രണ്ടര വർഷമായി സർക്കാർ ഒന്നും ചെയ്തിട്ടില്ല. സിപിഐ മന്ത്രിമാരുടെ ഓഫീസുകളിൽ പട്ടിക്കുഞ്ഞുപോലും തിരിഞ്ഞു നോക്കുന്നില്ല. പാർട്ടി നേതൃത്വം ഒക്കത്തും തോളത്തുമിരുത്തി മന്ത്രിമാരെ വഷളാക്കി. റവന്യൂ-കൃഷി മന്ത്രിമാർ ഒരിക്കലും സ്ഥലത്തുണ്ടാകാത്ത സ്ഥിതിയാണ്. മന്ത്രിമാർ ഒന്നും ചെയ്യാതെ തോന്നും പോലെ പ്രവർത്തിക്കുകയാണ്. സർക്കാരിനെ നിയന്ത്രിക്കുന്നത് ഭൂമി- ക്വാറി മാഫിയയാണ് കോർപ്പറേറ്റ് സംഘത്തിന്റെ പിടിയിലാണ് സർക്കാർ. പൗരപ്രമുഖരെയല്ല, മറിച്ച് മുന്നണിയെ ജയിപ്പിച്ച സാധാരണക്കാരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കാണേണ്ടത്.

പാഞ്ചാലി വസ്ത്രാക്ഷേപം നടക്കുമ്പോൾ അനങ്ങാതിരുന്ന പാണ്ഡവരെ പോലെയാകരുത് പാർട്ടി നേതൃത്വം. ധർമ്മ സംരക്ഷണത്തിന് വിദുരരായി മാറണം. സിപിഐ നേതൃത്വം പടയാളികളാകണം. സർക്കാർ ഈ രീതിയിൽ മുന്നോട്ടു പോയാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഉണ്ടാകും. മുഖ്യമന്ത്രിക്കു ലാളിത്യമില്ല. 50 അകമ്പടി വാഹനങ്ങളുമായുളള യാത്ര തെറ്റാണ്. എല്ലാത്തിനും മാധ്യമങ്ങളെ വിമർശിച്ചിട്ടു കാര്യമില്ല. മകളുടെ മാസപ്പടി ആരോപണത്തിലെ വിശദീകരണം തൃപ്തികരമല്ല. സർക്കാരി​ന്റെ പലമേഖലകളിലും അഴിമതിയാണ് എന്നിങ്ങനെ സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടാണ് സിപിഐ കൗൺസിൽ നടന്നത്. അടുത്ത കാലത്തൊന്നും സിപിഐയുടെ ഭാഗത്തുനിന്നും ഇത്തരമൊരു വിമർശനം ഉയർന്നിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഏറെ നാളുകൾക്കു ശേഷമാണ് സിപിഐയുടെ ഭാഗത്തുനിന്നും ഇത്രയും രൂക്ഷമായ പ്രതികരണങ്ങൾ ഉണ്ടാകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top