എതിര്‍വാക്കില്ലാതെ പാര്‍ട്ടിയെ കാനം നയിച്ചു; സിപിഐ നേതൃനിരയിൽ ശൂന്യത നിറച്ച് കാനം വിടപറയുമ്പോള്‍

തിരുവനന്തപുരം: ഒരു പതിറ്റാണ്ടിലേറെയായി സിപിഐയുടെ പൂര്‍ണ നിയന്ത്രണം കയ്യാളിയത് സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ കാനം രാജേന്ദ്രനായിരുന്നു. വാക്കിന് എതിര്‍വാക്കില്ലാതെയാണ് അദ്ദേഹം പാര്‍ട്ടിയെ നയിച്ചത്. സിപിഐയിലെ എതിര്‍ ശബ്ദങ്ങളെയെല്ലാം ഓരോ ഘട്ടങ്ങളില്‍ അദ്ദേഹം നിശബ്ദമാക്കി. അതിനായി പാര്‍ട്ടി ഭരണഘടനയും അധികാരവുമൊക്കെ തരാതരം ഉപയോഗിച്ചു.

ഇപ്പോള്‍ കാനം ഇല്ലാതാകുമ്പോള്‍ വലിയൊരു ശൂന്യത സിപിഐയെ പൊതിയുന്നുണ്ട്. ഒരു കാലത്ത് പാര്‍ട്ടിയെ നയിച്ച പന്ന്യന്‍ രവീന്ദ്രനും കെ.ഇ.ഇസ്മായിലും, സി.ദിവാകരനുമൊക്കെ മുതിര്‍ന്ന നേതാക്കള്‍ മാത്രമാണ്. ഇവര്‍ക്ക് പകരം പരിചയ സമ്പന്നമായ നേതൃനിര ഉയര്‍ന്നുവന്നിട്ടില്ല.

2015 മുതല്‍ തുടര്‍ച്ചയായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാണ്. ഈ പദവിയില്‍ തുടരുമ്പോള്‍ തന്നെയാണ് കൊച്ചിയിലെ ചികിത്സയ്ക്കിടെയുള്ള അദ്ദേഹത്തിന്‍റെ വിടവാങ്ങലും. കോട്ടയം കിടങ്ങൂർ സ്വദേശിയായ പി.കെ.വാസുദേവൻ നായർക്കു ശേഷം സിപിഐ തലപ്പത്തേക്ക് എത്തിയ കോട്ടയംകാരൻ കൂടിയാണു കാനം. 53 വർഷമായി സംസ്ഥാന കൗൺസിൽ അംഗമാണ്.

പ്രമേഹബാധയെ തുടര്‍ന്ന് ഒരു കാല്‍പാദം മുറിച്ച് മാറ്റിയെങ്കിലും എത്രയും പെട്ടെന്ന് പാര്‍ട്ടിയിലേക്ക് തിരിച്ചു വരുമെന്ന ശുഭാപ്തി വിശ്വാസത്തിലായിരുന്നു. സിപിഐ നേതാക്കളും മറിച്ച് ചിന്തിച്ചിരുന്നില്ല. കാനം അവധിയില്‍ പ്രവേശിക്കുമ്പോള്‍ താത്കാലത്തേക്ക് ബിനോയ്‌ വിശ്വം പാര്‍ട്ടിയെ നയിക്കും. അതിനു ശേഷം അദ്ദേഹം തിരിച്ച് വരുമെന്നു തന്നെയാണ് സിപിഐ നേതാക്കളും കരുതിയത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കാനത്തിന് രണ്ട് വര്‍ഷം ബാക്കി നില്‍ക്കെ മറിച്ചൊരു ചിന്തയ്ക്ക് സ്ഥാനവുമുണ്ടായിരുന്നില്ല.

2012-ല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ സി.കെ.ചന്ദ്രപ്പന്‍ മരിക്കുമ്പോഴാണ് കാനത്തിന്റെ രംഗപ്രവേശം. അന്ന് പക്ഷെ പാര്‍ട്ടി അധികാരം കൈകളില്‍ നിന്നും വഴുതിമാറി. സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന കൗൺസിൽ ചേർന്നപ്പോൾ 13 ജില്ലകളും കാനത്തിന് ഒപ്പം നിന്നു. കേന്ദ്ര നേതൃത്വം സി.ദിവാകരനെ നിർദേശിച്ചതോടെ സമവായ സ്ഥാനാര്‍ഥിയായി പന്ന്യൻ രവീന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇതേ പന്ന്യന്‍ തന്നെ 2015-ല്‍ പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല കാനത്തിന് കൈമാറി. 2018 മലപ്പുറം സമ്മേളനത്തില്‍ വീണ്ടും സംസ്ഥാന സെക്രട്ടറിയായി. 2022 ഒക്ടോബറില്‍ മൂന്നാംതവണയും തിരഞ്ഞെടുക്കപ്പെട്ടു.

സുദീര്‍ഘമായ പാര്‍ട്ടി പ്രവര്‍ത്തന ചരിത്രമാണ് കാനത്തിനുള്ളത്. സി.കെ.ചന്ദ്രപ്പൻ 1969 ൽ എഐവൈഎഫ് ദേശീയ പ്രസിഡന്റ് ആയപ്പോൾ കാനം സംസ്ഥാന സെക്രട്ടറിയായി. 19 ആം വയസിലായിരുന്നു സ്ഥാനമേറ്റത്. 21–ാം വയസ്സിൽ സിപിഐ അംഗമായി. 26–ാം വയസ്സിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ. 2 തവണ കോട്ടയം ജില്ലാ സെക്രട്ടറിയായി. 1982 ലും 1987 ലും വാഴൂരിൽ നിന്ന് നിയമസഭാംഗം. കേരള നിയമസഭയിൽ കോടിയേരി ബാലകൃഷ്ണനും രമേശ് ചെന്നിത്തലയും കാനവും കന്നിക്കാരായി ഒരുമിച്ചെത്തിയവരായിരുന്നു.

നിർമ്മാണ മേഖല തൊഴിലാളികളുടെ ജീവിത സുരക്ഷയ്ക്കായി കാനം നിയമസഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിന്റെ ചുവടുപിടിച്ചാണ് പിന്നീട് നിർമ്മാണ തൊഴിലാളി നിയമം നിലവിൽവന്നത്. നിയമസഭയിൽ ഈ സ്വകാര്യ ബില്ല് വോട്ടിനിട്ടാണ് അവതരണാനുമതി നേടിയത്. നിയമ നിർമ്മാണ വേളകളിൽ ചർച്ചയിൽ സജീവമായി പങ്കെടുത്തിരുന്ന കാനം ഏറെ ശ്രദ്ധേയനായി. ട്രേഡ് യൂണിയൻ മേഖലയിലെ പ്രവർത്തനങ്ങളിലും പങ്കാളിയായി. എഐടിയുസിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി. എ.ബി.ബർദനൊപ്പം ദേശീയ തലത്തിൽ പ്രവർത്തിച്ചു. നിലവിൽ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എഐടിയുസി ദേശീയ ഉപാധ്യക്ഷനുമാണ്

1950 നവംബർ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ വി.കെ.പരമേശ്വരൻ നായരുടേയും ടി.കെ. ചെല്ലമ്മയുടേയും മകനായി ജനനം. വാഴൂർ എസ് വി ആർ എൻ എസ് എസ് സ്കൂൾ, കോട്ടയം ബസേലിയോസ് കോളജ്, മോസ്കോ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു പഠനം. ഭാര്യ: വനജ. മക്കൾ: സ്‌മിത, സന്ദീപ്. മരുമക്കൾ താരാ സന്ദീപ്, വി സർവേശ്വരൻ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top