മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്ന് സിപിഐ ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനം; ഭരണവിരുദ്ധ വികാരവും ധാര്‍ഷ്ട്യവും തിരിച്ചടിച്ചെന്നും വിലയിരുത്തല്‍

ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയില്‍ സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് പരാജയകാരണമെന്നും മുഖ്യമന്ത്രി മാറാതെ ഭരണം ഭരണം നന്നാകില്ലെന്നുമാണ് വിമര്‍ശനം.
ഇടത് ഭരണത്തില്‍ ന്യൂനപക്ഷ പ്രീണനം പരിധിവിട്ടുവെന്നും മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി ആരോപണവും തിരിച്ചടിയായെന്നും വിമര്‍ശനം ഉയര്‍ന്നു. തിരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് പഠിക്കാന്‍ സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിച്ചിരിക്കവേയാണ് സിപിഐയുടെ വിമര്‍ശനം.
ഭരണവിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്ന് യോഗം വിലയിരുത്തി. മന്ത്രിമാരുടെ പ്രകടനം മോശമായി. ഇടതുമുന്നണിയുടെ പൗരത്വ യോഗങ്ങള്‍ മതയോഗങ്ങളായി മാറി. മതമേധാവികള്‍ക്ക് അമിത പ്രാധാന്യം വന്നു. രാഷ്ട്രീയ ക്യാമ്പയിന് പകരം മത സംഘടനകളുടെ യോഗമായി മാറി. ഈഴവ, പിന്നാക്ക വിഭാഗങ്ങള്‍ ഇടതുപക്ഷത്തെ കൈവിട്ടു. നവകേരള സദസ്സ് ധൂര്‍ത്ത് ആയി മാറി. പരിപാടിക്കായി നടന്നത് വലിയ പണപ്പിരിവാണ്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണം പിരിച്ചുവെന്നും വിമര്‍ശനമുയര്‍ന്നു.
സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെയും വിമര്‍ശനം ഉയര്‍ന്നു. പി.പി.സുനീറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ വിമര്‍ശിച്ച് അംഗങ്ങള്‍ രംഗത്തെത്തി. ന്യൂനപക്ഷമെന്ന പരിഗണനയിലാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. ഇത് സിപിഐയുടെ രീതിയല്ല. ഇത്തരം പ്രവണതകള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല. സി.കെ.ചന്ദ്രപ്പന്റെയും വെളിയം ഭാര്‍ഗവന്റെയും കാലത്തെപ്പോലെ തിരുത്തല്‍ ശക്തിയാകാന്‍ സിപിഐക്ക് ഇന്ന് കഴിയുന്നില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here