Uncategorized

ഭാസുരാംഗനെതിരെ ഒടുവില്‍ നടപടി; സിപിഐയില്‍ നിന്നും പുറത്താക്കി; മില്‍മ ചുമതലയില്‍ നിന്നും നീക്കി

തിരുവനന്തപുരം : കണ്ടല സഹകരണ ബാങ്ക് ക്രമക്കേടില്‍ പ്രതി സ്ഥാനത്തുള്ള ഭാസുരാംഗനെ പുറത്താക്കി സിപിഐ. പ്രാഥമിക അംഗത്വത്തില്‍ നിന്നും ഭാസുരാംഗനെ പുറത്താക്കിയതായി സിപിഐ തിരുവനന്തപുരം ജില്ലാസെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ അറിയിച്ചു. ബാങ്കിലെ ക്രമക്കേടുകളില്‍ ഇഡി നടപടി കടുപ്പിച്ചതിനു പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. മില്‍മയുടെ മേഖലാ അഡ്മിനിസ്ട്രെറ്റീവ് കണ്‍വീനര്‍ ചുമതലയില്‍ നിന്നും നീക്കിയിട്ടുണ്ട്. ഉത്തരവ് ഇന്ന് തന്നെ ഇറങ്ങുമെന്നാണ് മന്ത്രി ചിഞ്ചുറാണി അറിയിച്ചത്.

ഇന്നലെ പുലര്‍ച്ചെ മുതല്‍ ഭാസുരാംഗന്റെ വീട്ടിലും ബാങ്കിലുമായുള്ള ഇഡി പരിശോധന തുടരുകയാണ്. 100 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തല്‍. തട്ടിപ്പിന്റെ വിവരം പുറത്തു വന്ന ആദ്യഘട്ടങ്ങളില്‍ ഭാസുരാംഗനെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഐ ജില്ലാ നേതൃത്വം സ്വീകരിച്ചത്. ജില്ലാകമ്മറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നിട്ടും ഭാസുരാംഗനെതിരെ ഒരു നടപടിയും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇഡി കരുവന്നൂരിന് പിന്നാലെ കണ്ടലയിലും നടപടികള്‍ കടുപ്പിച്ചതോടെയാണ് സിപിഐയും സംഘടനാ നടപടിയെടുത്തിരിക്കുന്നത്. സംസ്ഥാന നേത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജില്ലാ എക്‌സിക്യൂട്ടീവ് ചേര്‍ന്ന് നടപടി സ്വീകരിച്ചത്.

കണ്ടല ബാങ്കിലെ ഇ.ഡി പരിശോധന 24 മണിക്കൂര്‍ പിന്നിട്ട് ഇപ്പോഴും തുടരുകയാണ്. ഇന്നലെ രാവിലെ 6 മണിക്കാണ് പരിശോധന തുടങ്ങിയത്. പരിശോധനയ്ക്കിടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇതേതുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂജപ്പുരയിലെ വാടക വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കി ആറുമാസമായി അടച്ചിട്ടിരുന്ന കണ്ടലയിലെ വീട്ടിലേക്ക് ഭാസുരാംഗനെ എത്തിച്ച് ഇഡി പരിശോധന നടത്തുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. കണ്ടല സര്‍വീസ് സഹകരണ ബാങ്കിലും ഭാസുരാംഗന്റെയും മുന്‍ സെക്രട്ടറിമാരുടേയും വീടുകളിലുമാണ് കേന്ദ്ര സേനയുടെ അകമ്പടിയോടെ ഇ.ഡി സംഘമെത്തിയത്. ബാങ്കിലെ നിക്ഷേപങ്ങള്‍, വായ്പകള്‍ ഉള്‍പ്പെടെയുള്ള ഇടപാട് രേഖകള്‍ ഇഡി പരിശോധിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top