ശ്രീരാമനെ അപമാനിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ നടപടി; പി ബാലചന്ദ്രനെ പരസ്യമായി ശാസിച്ച് സിപിഐ

തൃശൂർ: വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ തൃശൂർ എംഎൽഎ പി.ബാലചന്ദ്രനെതിരെ നടപടി എടുത്ത് സിപിഐ. ബാലചന്ദ്രനെ പരസ്യമായി ശാസിക്കുമെന്ന് പാർട്ടി ജില്ലാ കൗൺസിൽ സെക്രട്ടറി കെ.കെ.വത്സരാജ് അറിയിച്ചു. ഉത്തരവാദിത്തപ്പെട്ട പദവിയിൽ ഇരിക്കുന്ന വ്യക്തി പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി പ്രസ്താവന നടത്തുന്നത് അച്ചടക്കലംഘനമാണെന്നാണ് പാർട്ടി നിലപാട്.
ഇന്ന് ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗമാണ് നടപടി എടുത്തത്. രാമായണ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട് പി. ബാലചന്ദ്രൻ ഇട്ട പോസ്റ്റാണ് വിവാദമായത്. സീത രാമനും ലക്ഷ്മണനും ഇറച്ചിയും പൊറോട്ടയും വിളമ്പി കൊടുത്തു എന്നായിരുന്നു എഴുതിയിരുന്നത്. പോസ്റ്റ് ഇട്ട് മിനിറ്റുകൾക്കകം അത് പിൻവലിച്ച് എംഎൽഎ ഖേദം പ്രകടിപ്പിച്ചെങ്കിലും വ്യക്തികളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും മുറിവേൽപ്പിച്ചെന്ന് യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here