സിപിഐയില്‍ അച്ചടക്ക നടപടി; സാമ്പത്തിക ക്രമക്കേടില്‍ മുന്‍ ജില്ലാ സെക്രട്ടറി പി.രാജുവിനെ സ്ഥാനങ്ങളില്‍ നിന്നൊഴിവാക്കും

എറണാകുളം ; സിപിഐ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി പി.രാജുവിനെതിരെ അച്ചടക്ക നടപടി. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും രാജുവിനെ ഒഴിവാക്കാന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് കടുത്ത അച്ചടക്ക നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. ജില്ലാ കൗണ്‍സിലിന്റെ അംഗീകാരത്തോടെയാകും അച്ചടക്ക നടപടി നടപ്പാക്കുക.

71 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് പാര്‍ട്ടി ഫണ്ടില്‍ പി.രാജു നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഗുരുതരമായ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ സിപിഐ ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു. ക്രമക്കേട് ശരിവച്ച് സംസ്ഥാന നേതൃത്വത്തിന് ലഭിച്ച റിപ്പോര്‍ട്ടിനെ രാജു എതിര്‍ത്തതോടെ ജില്ലയ്ക്ക് പുറത്തു നിന്നുള്ള ഒരാളെക്കൂടി ഉള്‍പ്പെടുത്തിയ പുതിയൊരു കമ്മീഷനും ആരോപണം പരിശോധിച്ചു. ഇതിലും ക്രമക്കേട് ശരിവച്ചതോടെയാണ് നടപടിയുണ്ടായിരിക്കുന്നത്. ജില്ലാ കൗണ്‍സിലംഗമായ എം.ടി.നിക്‌സനെ മണ്ഡലം കമ്മറ്റിയിലേക്കും തരംതാഴ്ത്തിയിട്ടുണ്ട്.

ഇത് രണ്ടാം തവണയാണ് രാജുവിനെതിരെ കടുത്ത നടപടിയുണ്ടാകുന്നത്. 2014ല്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരെ ലേഖനം എഴുതിയതിന് രാജുവിനെ സംസ്ഥാന കണ്‍സിലില്‍ നിന്ന് തരംതാഴ്ത്തിയിരുന്നു. ജില്ലയിലെ സിപിഐയുടെ പ്രധാന നേതാവാണ് രാജു. രണ്ട് ടേം സിപിഐ ജില്ലാ സെക്രട്ടറിയായിരുന്നു. രണ്ട് തവണ പറവൂർ മണ്ഡലത്തില്‍ നിന്നും നിയമസഭയിലുമെത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top