എഡിജിപിയെ മാറ്റാന്‍ ‘തോമസ് ചാണ്ടി മോഡല്‍’ പ്രതിഷേധത്തിന് ഒരുങ്ങി സിപിഐ; നിയമസഭ തുടങ്ങും മുമ്പ് തീരുമാനം വേണം; എല്‍ഡിഎഫില്‍ പ്രതിസന്ധി

ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരില്‍ വിവാദത്തിലായ എഡിജിപി എം.ആര്‍.അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുന്ന വിഷയം ഇനിയും വൈകിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന കര്‍ശന നിലപാടിലേക്ക് സിപിഐ നീങ്ങുന്നു. നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് നടപടി വേണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. അല്ലാത്തപക്ഷം ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ ക്യാബിനറ്റ് ബഹിഷ്‌കരിച്ചതിന് സമാനമായി കടുത്ത നടപടികളിലേക്കും സിപിഐ നീങ്ങിയേക്കും.

മുന്നണിയുടെ മതനിരപേക്ഷ പ്രതിച്ഛായക്ക് വിവാദം മങ്ങലേല്‍പിച്ചുവെന്നാണ് സിപിഐ വാദം. മുഖ്യമന്ത്രി ഈ വിഷയത്തില്‍ നല്‍കിയ പ്രതികരണം യുക്തിസഹമല്ലെന്ന അഭിപ്രായവും സിപിഐക്കുണ്ട്. ഒരു ഉദ്യോഗസ്ഥനെ മാറ്റുന്നത് പോലെ സാധാരണമായൊരു നടപടിക്ക് എതിരെ മുഖ്യമന്ത്രി സ്വീകരിക്കുന്ന കടുത്ത നിലപാട് വലിയ രാഷ്ട്രീയ വ്യാഖാനങ്ങള്‍ക്ക് വഴിയൊരുക്കിയെന്ന വിലയിരുത്തലിലാണ് സിപിഐ. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് അജിത്കുമാറിനെതിരെ സിപിഐ നിലപാട് കടുപ്പിക്കാനുള്ള കാരണം. ഈ വിഷയത്തില്‍ ഒളിച്ചുകളികള്‍ എന്തെങ്കിലും നടന്നോയെന്ന സംശയം പാര്‍ട്ടിക്കുണ്ട്.

പിവി അൻവർ മുഖമന്ത്രിയെ ടാർഗറ്റ് ചെയ്ത് നടത്തുന്ന നീക്കങ്ങൾ ആണ് ഇവയെല്ലാം എന്നത് മാത്രമാണ് കടുത്ത നിലപാടുകളില്‍ നിന്ന് ഇതുവരെ സിപിഐയെ പിന്തിരിപ്പിച്ചത്. എന്നാല്‍ പൊതു സമൂഹത്തില്‍ മുന്നണിയ്ക്ക് ആര്‍എസ്എസ് ചാപ്പ പതിയുന്നതില്‍ സിപിഐക്ക് കടുത്ത ആശങ്കയുണ്ട്. നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് എഡിജിപിയെ മാറ്റും എന്ന സൂചന ചില സിപിഎം കേന്ദ്രങ്ങള്‍ സിപിഐക്ക് നല്‍കിയിട്ടുണ്ട്.

എന്നാല്‍ മുഖ്യമന്ത്രി കടുംപിടുത്തം തുടരുമോ എന്ന ആശങ്ക സിപിഐക്ക് ഉള്ളതിനാലാണ് നിരന്തരം പാര്‍ട്ടി മുഖപത്രത്തിലൂടെയും പ്രസ്താവനകളിലൂടെയും നിലപാട് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഏത് സാഹചര്യത്തിലും നിയമസഭാ സമ്മേളനത്തിന് മുമ്പ് അജിത്കുമാറിനെ മാറ്റിയേ തീരൂ എന്നാണ് സിപിഐ കാഴ്ചപ്പാട്. ഇതിന് മുഖ്യമന്ത്രി വഴങ്ങാത്ത പക്ഷം ക്യാബിനറ്റ് യോഗം ബഹിഷ്‌കരിക്കുന്നതു പോലെയുളള കടുത്ത നിലപാടിലേക്ക് പാർട്ടി നീങ്ങും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top