കിഫ്ബി ടോളിലും സർക്കാരിനോട് ഇടയാൻ സിപിഐ; ഇന്നത്തെ എൽഡിഎഫ് യോഗം നിർണായകം

പോലീസ് നടപടികളിലും ബ്രൂവറി വിഷയത്തിലും സർക്കാരിനോട് തെറ്റിയ സിപിഐ വീണ്ടും വിയോജിപ്പിൻ്റെ ശബ്ദമുയർത്തുന്നു. കിഫ്ബി പണിയുന്ന റോഡുകളിൽ ടോൾ ഏർപ്പെടുത്താനുള്ള സർക്കാർ നീക്കത്തെ എതിർക്കും. ഇന്ന് വൈകിട്ട് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ഇത് ഉന്നയിക്കും. ഇക്കാര്യം സിപിഐ എക്സിക്യൂട്ടിവ് കഴിഞ്ഞ ദിവസം തീരുമാനിച്ചതാണ്.

ടോൾ ഏർപ്പെടുത്താൻ സർക്കാർ നിരത്തുന്ന കാരണമൊന്നും സിപിഐക്ക് മനസിലാകാത്തതല്ല, പക്ഷെ അതാദ്യം പൊതു മണ്ഡലത്തിൽ ഫലപ്രദമായി അവതരിപ്പിക്കണം. കേന്ദ്രത്തിൻ്റെ നയങ്ങളാണ് ഈ വിധം സർക്കാർ സംവിധാനങ്ങളെയാകെ ബാധ്യതയിലേക്ക് എത്തിക്കുന്നതെന്ന് ജനത്തെ പറഞ്ഞു മനസിലാക്കണം. അല്ലെങ്കിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത് പണിയാകും.

ടോൾ ഈടാക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറില്ലെന്ന് ഉറപ്പാണ്. അക്കാര്യം ഇന്നത്തെ യോഗത്തിൽ സിപിഎം അവതരിപ്പിക്കും. എന്നാൽ എതിർപ്പുകൾ പരിഗണിച്ച് നീട്ടിവയ്ക്കുമോ, സിപിഐ പറയുന്നത് ഉൾക്കൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തീരുമാനം പ്രഖ്യാപിക്കുന്നത് മാറ്റിവയ്ക്കുമോ എന്നൊക്കെയേ അറിയാനുള്ളൂ.

സ്വകാര്യ സർവ്വകലാശാലാ ബിൽ നിയമസഭയുടെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് സിപിഐ എക്സിക്യൂട്ടീവ് തീരുമാനിച്ചതും സിപിഎമ്മിനെ സമ്മർദ്ദത്തിലാക്കുന്നു. കാര്യോപദേശക സമിതിയിൽ പ്രതിപക്ഷവും ഉന്നയിച്ചതും ഇതേ നിലപാട് ആണ്. ഈമാസം മൂന്നിന് ബിൽ സഭയിൽ അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കെയാണ് മുന്നണിയിലെ ഈ എതിർപ്പ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top