സുധാകരനെതിരെ പാർട്ടിക്കാർ തന്നെ പ്രതികരിക്കണം; കോൺഗ്രസും ലീഗും കാവിവത്ക്കരണ നിലപാടിന് കുടപിടിക്കുന്നു: സിപിഎം

തിരുവനന്തപുരം: സർവകലാശാല സെനറ്റ് അംഗങ്ങളെ ഗവർണർ നാമനിർദേശം ചെയ്തതുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ നടത്തിയ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. കാവിവത്ക്കരണത്തിൽ ഒരു ഓഹരി കിട്ടിയാൽ സ്വീകരിക്കാം എന്നാണ് സുധാകരന്റെ നിലപാട് അത്ഭുതകരമാണ്. ഇതിനെതിരെ പ്രതികരിക്കാൻ മതേതരവാദികളായ കോൺഗ്രസുകാർ തയ്യാറാവണമെന്നും എം.വി.ഗോവിന്ദൻ ആവശ്യപ്പെട്ടു.

“കോൺഗ്രസിനൊപ്പമുള്ള ലീഗിന് ഇതിൽ അഭിപ്രായമില്ലേ. ആർഎസ്എസിന്റെ കൊള്ളാവുന്ന ആളുകളെ നിയമിക്കാമെന്ന നിലപാടാണോ അവർക്കുമുള്ളത്. ഉത്തരേന്ത്യയിൽ കോൺഗ്രസ് സ്വീകരിക്കുന്ന മൃദു ഹിന്ദുത്വനിലപാടാണ് ഇവിടെയും പിന്തുടരാൻ ശ്രമിക്കുന്നത്. കേരളത്തെ വർഗീയ ശക്തികൾക്ക് വേരോടാനുള്ള വിളനിലമാക്കി മാറ്റുന്നതിനെതിരെ ജനാധിപത്യവിശ്വാസികളായ കോൺഗ്രസുകാർ മുന്നോട്ടുവരണം” – എം.വി.ഗോവിന്ദൻ പറഞ്ഞു.

ഗവർണറുടെ കാവിവത്ക്കരണ ശ്രമങ്ങൾക്ക് കോൺഗ്രസ് നൽകുന്ന പിന്തുണയാണ് കെ.സുധാകരന്റെ വാക്കുകളിലൂടെ പുറത്ത് വന്നത്. കേരളത്തിന് പുറത്ത് കോൺഗ്രസിന് മതനിരപേക്ഷതയില്ല. ഇടതുപക്ഷത്തിനൊപ്പം വലതുപക്ഷത്തുള്ള മതനിരപേക്ഷ നിലപാടുള്ളവരും ശ്രമകരമായ പ്രവർത്തനം നടത്തിയാണ് ഇന്ന് കാണുന്ന കേരളം രൂപപ്പെടുത്തിയത്. ആ കേരളത്തെ കാവിവത്ക്കരിക്കാൻ ആർഎസ്എസിന്റെ ചട്ടുകമായ ഗവർണർക്ക് പരസ്യ പിന്തുണ നൽകിയിരിക്കുകയാണ് കെ. സുധാകരൻ. വേണ്ടിവന്നാൽ താൻ ആർഎസ്എസ് ആകും എന്ന് നേരത്തെ പരസ്യപ്പെടുത്തിയ കെപിസിസി പ്രസിഡൻ്റ് ഇന്ന് ഒരുപടികൂടി കടന്ന് സർവകലാശാലകളിലെ കാവിവത്കരണത്തെ പിന്തുണച്ചിരിക്കുവെന്നും എം.വി.ഗോവിന്ദൻ കുറ്റപ്പെടുത്തി.

സെനറ്റ് നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടിയെ കെ.സുധാകരൻ പിന്തുണച്ചിരുന്നു. സംഘപരിവാറിലും കൊള്ളാവുന്നവരുണ്ടെന്ന അദ്ദേത്തിൻ്റെ പരാമർശത്തെ എൽഡിഎഫ് ആയുധമാക്കിയിരുന്നു. ഇതിന് പിന്നാലെ ഫേസ്ബുബുക്കിൽ തൻ്റെ പ്രസ്താവന വിശദീകരിച്ച് കുറിപ്പുമായി സുധാകൻ രംഗത്തെത്തി.

കെ.സുധാകരൻ്റെ ആദ്യ പരാമർശം

“അക്കാദമീഷ്യന്റെ യോഗ്യത മാനിച്ച് ഗവർണർ ചെയ്യുന്ന കാര്യത്തെ ഞങ്ങൾ എന്തിന് വിമർശിക്കണം? സംഘപരിവാർ അനുകൂലികൾ ഉൾപ്പെട്ടതിനെ ഞങ്ങൾ എതിർക്കുന്നില്ലല്ലോ? അവരിൽ കൊള്ളാവുന്നവരുണ്ട്, അവരെ എടുക്കുന്നതിന് എന്താണ് തടസ്സം? അവരെ എടുത്തോട്ടെ. സംഘപരിവാറിന്റെ ആളുകളെ മാത്രംവെച്ചുപോകുന്നുവെങ്കിൽ നിങ്ങൾക്ക് വിമർശിക്കാം. സംഘപരിവാറിൽ കൊള്ളുന്നവരുണ്ടെങ്കിൽ അവരെ എങ്ങനയാണ് എതിർക്കുക. കോൺഗ്രസിൽ എല്ലാവരേയും വയ്ക്കാൻ പറ്റില്ല, പറ്റുന്നവരെ എടുത്താൽ ഞങ്ങൾക്ക് സന്തോഷമാണ്. ഞങ്ങളത് സ്വീകരിക്കും. അത് ഗവർണറുടെ ഉത്തരവാദിത്തം. ഏറ്റെടുക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തം.”

വിശദീകരണക്കുറിപ്പ്

സെനറ്റിലേക്ക് യോഗ്യതയില്ലാത്തവരെയാണ് നോമിനേറ്റ് ചെയ്യുന്നതെങ്കിൽ അതിനെ ശക്തമായി വിമർശിക്കും എന്നാണ് ഞാൻ വ്യക്തമാക്കിയത്. സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്തവരുടെ മെറിറ്റ് നോക്കി നിയമിക്കണം എന്നാണ് ഞാൻ ഉദ്ദേശിച്ചത്. അതല്ലാതെ, സംഘപരിവാർ ശക്തികളെ അനുകൂലിക്കുന്ന രാഷ്ട്രീയം എന്റെ ശൈലിയല്ല. പകലും രാത്രിയിലും സംഘപരിവാറിന് വേണ്ടി വെള്ളം കോരുന്ന പിണറായി വിജയനും കൂട്ടരും എത്ര ശ്രമിച്ചാലും എന്റെ മതേതര മനസിനും ബോധത്തിനും ഒരു ചെറുതരി പോറൽപോലും ഏൽപ്പിക്കാൻ സാധ്യമല്ല. സംഘപരിവാർ ആശയങ്ങൾ കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഗവർണറെ ഒരുകാലത്തും കോൺഗ്രസ് പിന്തുണച്ചിട്ടില്ല. ഗവർണറെ പിൻവലിക്കണമെന്ന് നിയമസഭയിൽ ആവശ്യപ്പെട്ടവരാണ് ഞങ്ങൾ. എന്നാൽ അതിനെ അനുകൂലിച്ചില്ലെന്ന് മാത്രമല്ല, ആ ആവശ്യത്തെ പരാജയപെടുത്തിവരാണ് പിണറായി വിജയനും കൂട്ടരും.

മുഖ്യമന്ത്രിയും ഗവർണറും ഇപ്പോൾ നടത്തുന്ന പോര് വെറും രാഷ്ട്രീയ കച്ചവടത്തിന്റെ പേരിൽ നടക്കുന്ന നൈമിഷികമായ സ്പർദ്ധമാത്രമാണ്. ഇരുവരുടേയും ഈ ഒത്തുകളി എത്രയോ തവണ കേരളം കണ്ടതാണ്. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സംഭവങ്ങൾ വരുമ്പോൾ മാത്രം പൊട്ടിപ്പുറപ്പെടുന്ന ഒന്നാണ് ഗവർണർ-മുഖ്യമന്ത്രി പോര്. ശേഷം ഇരുവരും ഒത്തുതീർപ്പിലെത്തും. കേരളത്തിലെ സർവകലാശാലകളെ വല്ലാത്ത പരുവത്തിലാക്കിയതും ഇതേ ധാരണയുടെ പുറത്താണ്. കണ്ണൂർ സർവകലാശാലയിൽ ചട്ടവിരുദ്ധമായി വൈസ് ചാൻസിലറെ നിയമിക്കാൻ വഴങ്ങിയ ചാൻസലർ കൂടിയായ ഗവർണർ പലഘട്ടത്തിലും മുഖ്യമന്ത്രിയോടുള്ള മമത കാട്ടിയിട്ടുണ്ട്. ഗവർണറുടെ താൽപ്പര്യങ്ങളും ആവശ്യങ്ങളും നിറവേറ്റാനും മുഖ്യമന്ത്രിയും പ്രത്യേകം ശ്രദ്ധപുലർത്തിയിട്ടുണ്ട്. സിപിഎമ്മിനും ബിജെപിക്കും പരസ്പരം കൈകോർക്കാനുള്ള നിരവധി പാലങ്ങളിലൊന്നാണ് ഗവർണർ. അത് നിലനിർത്തി കൊണ്ട് ജനശ്രദ്ധതിരിക്കാനും കണ്ണിൽപൊടിയിടാനും ഇത്തരം വിവാദങ്ങൾ മനഃപൂർവ്വം അവർ സൃഷ്ടിക്കുന്നതാണ്.

പരാജയപ്പെട്ട നവകേരള സദസിന്റെ ജാള്യത മറയ്ക്കാനുള്ള പാഴ് ശ്രമമാണ് ഇപ്പോൾ എന്നെ കരുവാക്കി ഉയർത്തി കൊണ്ടുവരുന്ന പുതിയവിവാദം. അത് വിലപ്പോകില്ലെന്ന് മാത്രം പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top