പാര്‍ട്ടിയെ വിമര്‍ശിക്കുമെന്ന് ഭയം; ജി സുധാകരനെ പൂര്‍ണ്ണമായും മാറ്റി നിര്‍ത്തി സിപിഎം; അമ്പലപ്പുഴ ഏരിയാ സമ്മേളനത്തില്‍ ക്ഷണമില്ല

സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായ ജി സുധാകരനെ പാര്‍ട്ടി വേദികളില്‍ നിന്ന് പൂര്‍ണ്ണമായും അകറ്റി നിര്‍ത്തി സിപിഎം. അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലാണ് സുധാകരനെ അവസാനം പങ്കെടുപ്പിക്കാതിരിക്കുന്നത്. പറവൂരിലെ സുധാകരന്റെ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് സമ്മേളനം നടക്കുന്നത്. എന്നാല്‍ അമ്പലപ്പുഴ മുന്‍ എംഎല്‍എയും ജില്ലാ കമ്മറ്റിയിലെ ക്ഷണിതാവുമായ സുധാകരന്‍ വീട്ടില്‍ തന്നെ ഇരിക്കുകയാണ്.
പാര്‍ട്ടിക്കെതിരായ വിമര്‍ശനം ഉണ്ടാകുമോ എന്ന ഭയത്തിലാണ് സുധാകരനെ ഓഴിവാക്കി നിര്‍ത്തിയിരിക്കുന്നത് എന്നാണ് വിവരം. പാര്‍ട്ടിയിലെ പ്രവര്‍ത്തനങ്ങളിലും ഇപ്പോഴത്തെ മന്ത്രിമാരുടെ മികവിലും സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ച സമ്മേളന വേദിയില്‍ സുധാകരനില്‍ നിന്നുണ്ടായാല്‍ പ്രതിരോധിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരും. ഇത് മുന്‍കൂട്ടി കണ്ടാണ് ഒഴിവാക്കല്‍.
സിപിഎമ്മിന്റെ ആലപ്പുഴയിലെ യുവനേതാവായിരുന്ന ടി.ജെ. ആഞ്ചലോസിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത് കള്ള റിപ്പോര്‍ട്ട് ഉണ്ടാക്കിയാണെന്നും ജി. സുധാകരന്‍ തുറന്ന് പറഞ്ഞിരുന്നു. ഇതും പാര്‍ട്ടിക്ക് വലിയ തലവേദനയായിരുന്നു. ഇതിലും ജില്ലയിലെ നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ട്. ഈ അതൃപ്തി തന്നെയാണ് സമ്മേളനത്തില്‍ പങ്കെടുപ്പിക്കാതെ മാറ്റി നിര്‍ത്തി പ്രകടപ്പിക്കുന്നത്. ഏരിയാ സമ്മേളനത്തിന്റെ ഉദ്ദാഘാടന ചടങ്ങിലും ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും ക്ഷണിക്കാതെ ആയതോടെ ജി സുധാകരനും അസ്വസ്ഥനാണ്. താന്‍ ഇപ്പോള്‍ പാര്‍ട്ടി പദവികളില്‍ ഇല്ലാത്തതു കൊണ്ടാകും ക്ഷണിക്കാത്തത് എന്ന് പറഞ്ഞ് അനിഷ്ടം പരസ്യമാക്കിയിരിക്കുകയാണ് സുധാകരന്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here