മത്സരിക്കാന്‍ മന്ത്രി, രണ്ട് എംഎല്‍എമാര്‍, പിബി അംഗം മുതല്‍ ജില്ലാ സെക്രട്ടറിമാര്‍ വരെ; ലോക്‌സഭയിലേക്ക് പ്രമുഖരെ അയക്കാന്‍ സിപിഎം

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രമുഖരെ രംഗത്തിറക്കി പരമാവധി സീറ്റ് പിടിക്കാന്‍ സിപിഎം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ മന്ത്രിയും എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളും വരെയുണ്ട്. കെ.രാധാകൃഷ്ണനാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ട മന്ത്രി. ആലത്തൂരിലാണ് മുതിര്‍ന്ന ജനകീയ നേതാവിനെ രംഗത്തിറക്കാന്‍ സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഉറച്ച സീറ്റായിരുന്ന ആലത്തൂര്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കുത്തൊഴുക്കിലാണ് സിപിഎമ്മിന് നഷ്ടമായത്. ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താല്പ്പര്യമില്ലെന്ന നിലപാടിലായിരുന്നു കെ.രാധാകൃഷ്ണന്‍. എന്നാല്‍ പാര്‍ട്ടി നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു.

കെ.കെ.ശൈലജയും നടന്‍ മുകേഷുമാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ട എംഎല്‍എമാര്‍. കെ.കെ.ശൈലജയെ വടകരയിലും മുകേഷിനെ കൊല്ലത്തുമാണ് പരിഗണിക്കുന്നത്. ഏറെ സ്വാധീനമുള്ള മേഖലയാണെങ്കിലും വടകരയില്‍ സിപിഎമ്മിന് വര്‍ഷങ്ങളായി വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ജനകീയ മുഖമായ ശൈലജയെ ഇറക്കി സീറ്റ് പിടിക്കാനാണ് ശ്രമം. സ്ഥാനാര്‍ത്ഥി പട്ടികയിലെ ഏക വനിതയും ശൈലജ തന്നെയാണ്. എന്‍.കെ.പ്രേമചന്ദ്രനെ പോലെ ജനകീയനായ സ്ഥാനാര്‍ത്ഥിക്കെതിരെ മുകേഷിന് മികച്ച പോരാട്ടം കാഴ്ചവയ്ക്കാനാകുമെന്നാണ് സിപിഎം വിലയിരുത്തല്‍.

മുതിര്‍ന്ന നേതാക്കളായ തോമസ് ഐസക്ക് പത്തനംതിട്ടയിലും എ.വിജയരാഘവന്‍ പാലക്കാടും എളമരം കരീം കോഴിക്കോടും ജോയിസ് ജോര്‍ജ് ഇടുക്കിയിലും മത്സരിക്കും. ആലപ്പുഴയില്‍ സിറ്റിങ്ങ് എംപി എ.എം.ആരിഫ് തന്നെ സ്ഥാനാര്‍ത്ഥിയാകും. രണ്ട് ജില്ലാ സെക്രട്ടറിമാരും സ്ഥാനാര്‍ത്ഥി പട്ടകയിലുണ്ട്. കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണനെയാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. കണ്ണൂരില്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ മത്സരിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ മത്സരിക്കുകയാണെങ്കില്‍ ശക്തനായ എതിരാളിയെന്ന നിലയ്ക്കാണ് ജയരാജനെ തന്നെ പരിഗണിച്ചിരിക്കുന്നത്. എറണാകുളം, ചാലക്കുടി സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ചചര്‍ച്ചകള്‍ തുടരുകയാണ്.

സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പട്ടിക ജില്ലാകമ്മറ്റിയ്ക്ക് നല്‍കിയിട്ടുണ്ട്. ജില്ലാ കമ്മറ്റികള്‍ കൂടി അംഗീകരിച്ച ശേഷമാകും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക. സംസ്ഥാനത്തെ 20 ലോക്‌സഭാ സീറ്റുകളില്‍ 15 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. ദേശീയ തലത്തില്‍ തന്നെ നേരിടുന്ന വെല്ലുവിളി കേരളത്തില്‍ നിന്ന് പരമാവധി സീറ്റ് നേടി മറികടക്കാനാണ് സിപിഎം ശ്രമം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top