സിപിഎം സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോ ഇന്ന്; പൊതു സ്വതന്ത്രര്‍ക്കും അരിവാള്‍ ചുറ്റിക നക്ഷത്രം; കളം പിടിക്കാന്‍ അരയും തലയും മുറുക്കി പാർട്ടി
തിരുവനന്തപുരം : നിലവിലെ പ്രതികൂല രാഷ്ട്രീയ സാഹചര്യത്തെ കൃത്യമായ സംഘടനാ പ്രവര്‍ത്തനത്തിലൂടെ മറികടക്കാന്‍ സിപിഎം. ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു പിന്നാലെ സിപിഎം മത്സരിക്കുന്ന 15 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ നടക്കുകയാണ്. നിലവില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് അന്തിമ ചര്‍ച്ചകള്‍ നടത്തുകയാണ്. അതിനു ശേഷം ഉച്ചയ്ക്ക് മൂന്ന് മണിക്ക് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഇതിനു പിന്നാലെ തന്നെ റോഡ് ഷോയിലൂടെ പ്രചരണത്തിന് തുടക്കം കുറിക്കാനാണ് സിപിഎം തീരുമാനം.
പതിവില്‍ നിന്ന് വ്യത്യസ്തമായി പൊതുസ്വതന്ത്രര്‍ക്കും പാര്‍ട്ടി ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം അനുവദിക്കും. പൊന്നാനി, ഇടുക്കി എന്നിവിടങ്ങളിലാണ് നിലവില്‍ പൊതുസ്വതന്ത്രരെ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചിരിക്കുന്നത്. പൊന്നാനിയില്‍ കെ.എസ്.ഹംസ, ഇടുക്കിയില്‍ ജോയിസ് ജോര്‍ജ്ജ്, എന്നിവരെയാണ് പൊതുസ്വതന്ത്രരായി പരിഗണിച്ചിരിക്കുന്നത്. പാര്‍ട്ടി ചിഹ്നത്തില്‍ ലഭിക്കുന്ന വോട്ടുകള്‍ ദേശീയ പാര്‍ട്ടിയെന്ന പദവി നിലനിര്‍ത്തുന്നതിന് സഹായകമാകുമെന്നതിനാലാണ് ഇത്തരമൊരു തീരുമാനം.
ആറ്റിങ്ങല്‍ – വി. ജോയി എം.എല്‍.എ, കൊല്ലം- എം.മുകേഷ് എം.എല്‍.എ, പത്തനംതിട്ട – ടി.എം.തോമസ് ഐസക്, ആലപ്പുഴ- എ.എം.ആരിഫ്, എറണാകുളം- കെ.ജെ.ഷൈന്‍, ഇടുക്കി – ജോയ്‌സ് ജോര്‍ജ്, ചാലക്കുടി – സി.രവീന്ദ്രനാഥ്, ആലത്തൂര്‍ – മന്ത്രി കെ.രാധാകൃഷ്ണന്‍, പാലക്കാട് – എ.വിജയരാഘവന്‍, മലപ്പുറം – വി.വസീഫ്, പൊന്നാനി- കെ.എസ്.ഹംസ, കോഴിക്കോട്- എളമരം കരീം, വടകര- കെ.കെ.ഷൈലജ എം.എല്‍.എ, കണ്ണൂര്‍ – എം.വി.ജയരാജന്‍, കാസര്‍കോട് – എം.വി.ബാലകൃഷ്ണന്‍ എന്നിങ്ങനെയാണ് സിപിഎമ്മില്‍ ധാരണയായിരിക്കുന്ന സ്ഥാനാര്‍ത്ഥി പട്ടിക. ഇതില്‍ മാറ്റം വരാന്‍ സാധ്യതയില്ല.
ഭരണ വിരുദ്ധ വികാരം, മുഖ്യമന്ത്രിക്കും മകള്‍ വീണയ്‌ക്കെതിരായ ആരോപണങ്ങള്‍, സാമ്പത്തിക പ്രതിസന്ധി മൂലം ക്ഷേമ പെന്‍ഷന്‍ വിതരണം മുടങ്ങിയതിലെ എതിര്‍പ്പ് തുടങ്ങി നിരവധി പ്രതിസന്ധികളാണ് സിപിഎമ്മിന് മുന്നിലുളളത്. ഇവയെ ആസൂത്രണത്തോടെയുള്ള പ്രചരണത്തിലൂടെ മറികടക്കാനാണ് സിപിഎം ശ്രമം. മുതിര്‍ന്ന നേതാക്കളേയും ജനപിന്തുണയുള്ളവരേയും പ്രത്യേകമായി തിരഞ്ഞെടുത്താണ് സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കിയിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here