മാസപ്പടി അന്വേഷണത്തില്‍ വീണക്ക് പ്രതിരോധവുമായി പാര്‍ട്ടിരേഖ; പകര്‍പ്പ് പുറത്തുവിട്ട് ചാനലുകള്‍; ന്യായീകരണം വീണയെ പേരെടുത്ത് പരാമര്‍ശിക്കാതെ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍ട്ടി അണികള്‍ക്ക് സിപിഎം നല്‍കിയ വിശദീകരണ രേഖയുടെ പകര്‍പ്പ് പുറത്തുവിട്ട് ചാനലുകള്‍. ഇന്ന് രാവിലെ മുതല്‍ മുഖ്യധാരാ ചാനലുകളിലെ പ്രധാന വാര്‍ത്ത ഇത് തന്നെയാണ്. അന്‍പതോളം പേജുകളുള്ള രേഖയുടെ പൂര്‍ണരൂപം ഇതുവരെ ആര്‍ക്കും കിട്ടിയിട്ടില്ല. ആമുഖക്കുറിപ്പുള്ള ഒന്നാംപേജും വീണയുടെ വിഷയം പരാമര്‍ശിക്കുന്ന 36,39,40 പേജുകളുമാണ് പുറത്തുവന്നിട്ടുള്ളത്. ഒരിടത്തും മുഖ്യമന്ത്രിയുടെ മകള്‍ ടി.വീണയെ പേരെടുത്ത് പരാമര്‍ശിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം ഇതേ വിശദീകരണ രേഖയെ സംബന്ധിച്ച വാര്‍ത്ത ആദ്യം പുറത്തുവിട്ടത് മാതൃഭൂമി ദിനപത്രം ആയിരുന്നു. വ്യാഴാഴ്ച ഒന്നാംപേജിലും ഉള്‍പേജിലും വിശദമായ റിപ്പോര്‍ട്ടുകള്‍ മാതൃഭൂമി നല്‍കിയിരുന്നു. ഇതേ വാര്‍ത്തയാണ് പാര്‍ട്ടിരേഖയുടെ പകര്‍പ്പ് സഹിതം ഇന്നിപ്പോള്‍ ചാനലുകളില്‍ നിറയുന്നത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി നിയമസഭാ മണ്ഡലം ശില്പശാലയില്‍ അവതരിപ്പിക്കാനാണ് രേഖ പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ ‘മുഖ്യമന്ത്രിക്കെതിരെ’ എന്ന തലക്കെട്ടിലാണ് ന്യായീകരണം നല്‍കിയിരിക്കുന്നത്. രേഖയില്‍ പറയുന്നതിങ്ങനെ. ‘സര്‍ക്കാരിന്റെ വികസനത്തിന് മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനേയും ഒറ്റതിരിഞ്ഞ് അക്രമിക്കുകയെന്ന നിലപാടും ഇവര്‍ സ്വീകരിക്കുകയാണ്. വ്യക്തിപരമായി തേജോവധം ചെയ്യുകയെന്ന ലക്ഷ്യത്തോടെ നിരവധി കള്ളക്കഥകള്‍ മെനയുന്ന രീതി കേന്ദ്ര ഏജന്‍സികളുടേയും, അതുപോലുള്ള സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ നടന്നുവരികയാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത് ഈ സ്വര്‍ണ്ണം എവിടെ നിന്നു വന്നു, ആരിലേക്കെത്തി തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് വ്യക്തത വരുത്താനാണ്. എന്നാല്‍ അത്തരത്തിലുള്ള ശരിയായ അന്വേഷണത്തിന് പകരം അതുപയോഗിച്ച് മുഖ്യമന്ത്രിയേയും, പാര്‍ട്ടിയേയും തേജോവധം ചെയ്യാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ എക്സാലോജിക് കമ്പനിയുടെ ഇടപാടുകളെപ്പോലും വക്രീകരിക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്. അവരുടെ വാദം പോലും കേള്‍ക്കാതെയാണ് പ്രചരണം നടത്തിയത്. ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനത്തേയും, സംസ്ഥാന സര്‍ക്കാരിനേയും തേജോവധം ചെയ്യുകയെന്നത് തങ്ങളുടെ രാഷ്ട്രീയ അജണ്ടയായി തന്നെ ഇവര്‍ മുന്നോട്ടുവെക്കുകയാണ്’.

ഇത്തരമൊരു ന്യായീകരണം സിപിഎം ചരിത്രത്തില്‍ പതിവില്ലാത്തതാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിനെതിരെ ലഹരിമരുന്ന് കേസ് ഉയര്‍ന്നപ്പോള്‍ കേസ് കേസിന്റെ വഴിക്കെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. എന്നാല്‍ അതെല്ലാം ഇപ്പോള്‍ മാറിയിരിക്കുകയാണ്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളാകും ജില്ലാതലത്തില്‍ ശില്‍പശാലയില്‍ പങ്കെടുത്ത് ഇക്കാര്യങ്ങള്‍ വിശദീകരിക്കുക. മണ്ഡലം തലത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ വിശദീകരിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top