12 സീറ്റുകളില്‍ വിജയ സാധ്യതയെന്ന് സിപിഎം; വടകരയില്‍ വോട്ട് കച്ചവടം നടന്നെന്ന് ആശങ്ക; ഇപി വിവാദവും ചര്‍ച്ച ചെയ്ത് സെക്രട്ടറിയേറ്റ്

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇപി ജയരാജന്‍ വിഷയം പ്രധാന ചര്‍ച്ചയായി. ബിജെപി പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നതായുള്ള വെളിപ്പെടുത്തലുകളില്‍ തന്റെ വിശദീകരണം ഇപി സെക്രട്ടറിയേറ്റ് യോഗത്തില്‍ നല്‍കി. ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധത്തിന്റെ പേരില്‍ മുഖ്യമന്ത്രി തന്നെ പരസ്യമായി വിമര്‍ശിച്ച ഇപിക്കെതിരെ ഇതേരീതിയിലുള്ള പ്രതികരണം സെക്രട്ടറിയേറ്റ് യോഗത്തിലുമുണ്ടായെന്നാണ് പുറത്തു വരുന്ന വിവരം. സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞിറങ്ങിയ ജയരാജന്‍ ഇത് സംബന്ധിച്ച് പ്രതികരണത്തിന് തയാറായില്ല.
ഭരണവിരുദ്ധ വികാരമടക്കമുള്ള തിരിച്ചടികള്‍ക്കിടയിലും 12 സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് സിപിഎം വിലയിരുത്തല്‍. കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, ആലത്തൂര്‍, പാലക്കാട്, തൃശൂര്‍, ഇടുക്കി, ചാലക്കുടി, പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളിലാണ് ഇടതു മുന്നണി വിജയിക്കുമെന്ന് സിപിഎം കണക്ക് കൂട്ടുന്നത്. ഭരണ വിരുദ്ധ വികാരത്തെ കൃത്യമായ പ്രചരണത്തിലൂടെ മറികടക്കാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം.
വടകരയില്‍ വോട്ട് കച്ചവടം നടന്നുവെന്ന ആശങ്കയും സിപിഎം വിലയിരുത്തലിലുണ്ട്. ബിജെപി വോട്ട് കോണ്‍ഗ്രസ് പര്‍ച്ചേസ് ചെയ്‌തെന്ന് സിപിഎം ആരോപിക്കുന്നത്. എന്നിരുന്നാലും പ്രതികൂല സാഹചര്യം മറികടന്നും വടകരയില്‍ കെകെ ഷൈലജ വിജയിക്കുമെന്നാണ് സിപിഎം കരുതുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here