ശാരദ ടീച്ചറിനെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിക്കുന്നതിന് പിന്നിലെ ദൗത്യമെന്താവും; സിപിഎം കേന്ദ്രങ്ങളില്‍ സംശയവും അമ്പരപ്പും; ഭരണവിരുദ്ധ വികാരം ശക്തമെന്ന് ജില്ലാകമ്മറ്റികളുടെ വിലയിരുത്തല്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപി മുന്‍മുഖ്യമന്ത്രി ഇകെ നായനാരുടെ പത്‌നി ശാരദ ടീച്ചറെ സന്ദര്‍ശിക്കുന്നതില്‍ സിപിഎം കേന്ദ്രങ്ങളില്‍ അമ്പരപ്പ്. കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി കേരളത്തില്‍ എത്തിയ സുരേഷ് ഗോപി തളി ക്ഷേത്രദര്‍ശനത്തിന് ശേഷം നേരെ പോവുന്നത് ശാരദ ടീച്ചറെ കാണാനാണ്. ഈ സന്ദര്‍ശനത്തിന് പിന്നില്‍ എന്തെങ്കിലും രാഷ്ടീയ ദൗത്യമുണ്ടോ എന്നാണ് സിപിഎം സംശയിക്കുന്നത്.

മലബാറിലും തെക്കന്‍ കേരളത്തിലും സിപിഎം വോട്ടുകള്‍ ബിജെപിയിലേക്ക് വന്‍ തോതില്‍ ചോര്‍ന്നുവെന്ന ആരോപണം ശക്തമാണ്. ഇക്കഴിഞ്ഞ ദിവസം സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍ പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി സംസാരിച്ചതുമൊക്കെ പാര്‍ട്ടിയില്‍ ഉരുണ്ടുകൂടുന്ന അസ്വസ്ഥതയുടെ ലക്ഷണമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഒന്നാം പിണറായി സര്‍ക്കാര്‍ മികച്ചതായിരുന്നു. ആ സര്‍ക്കാരിന്റെ പേരിലാണ് രണ്ടാം വട്ടം അധികാരത്തിലെത്തിയത്. എന്നാല്‍ ഇപ്പോള്‍ അതാരും പറയുന്നില്ലെന്ന് ജി സുധാകരന്‍ കുറ്റപ്പെടുത്തിയത് ഇപ്പോഴത്തെ നേതൃത്വത്തിനുള്ള താക്കീതായിട്ടാണ് വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ സിപിഎം കോട്ടകളില്‍ കാര്യമായ വോട്ട് ചോര്‍ച്ചയുണ്ടാ യെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേതൃത്വത്തിന്റെ തെറ്റായ പോക്കിനെതിരെ പാര്‍ട്ടിക്കുളളില്‍ പൊട്ടിത്തെറിയൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. സര്‍ക്കാരും പാര്‍ട്ടിയും ഇങ്ങനെ പോയാല്‍ പോരാ എന്ന അഭിപ്രായം അണികള്‍ക്കിടയിലും മധ്യനിര നേതൃത്വത്തിനിടയിലും ശക്തമാണ്.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ശക്തമായിരുന്നുവെന്ന വാദം മുഖ്യമന്ത്രിയും മന്ത്രിമാരും അംഗീകരിക്കുന്നില്ലെങ്കിലും പാര്‍ട്ടിയുടെ വിവിധ ജില്ലാകമ്മറ്റികള്‍ തോല്‍വിക്ക് മുഖ്യകാരണമായി ചൂണ്ടിക്കാണിക്കുന്നത് ഇത് തന്നെയാണ്. എറണാകുളം ജില്ലാകമ്മറ്റിയുടെ പ്രാഥമിക വിലയിരുത്തലും അങ്ങനെതന്നെയാണ്. മിക്ക മണ്ഡലങ്ങളിലേയും തോല്‍വിയുടെ ആദ്യ കാരണമായി പറയുന്നത് ഭരണവിരുദ്ധ വികാരം തന്നെയാണ്. സ്ഥാനാര്‍ത്ഥികളുടെ മെച്ചം കൊണ്ട് പിടിച്ചു നിന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയ ഭൂരിപക്ഷത്തിനേക്കാള്‍ കുറവാണ് ഇടത് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയ വോട്ടുകള്‍. ഇതിനെല്ലാം കാരണമായി പാര്‍ട്ടി അണികള്‍ കുറ്റപ്പെടുത്തുന്നത് സര്‍ക്കാരിനെയാണ്.

ആലപ്പുഴ ജില്ലാകമ്മറ്റിയിലും സമാനമായ വിലയിരുത്തലാണുണ്ടായത്. കയര്‍ തൊഴിലാളികള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍പ്പോലും പാര്‍ട്ടി പിന്നോക്കം പോയത് ജില്ലാ നേതൃത്വത്തെ ഞെട്ടിച്ചിരിക്കയാണ്. ന്യൂനപക്ഷ വോട്ടുകളും ഈഴവ വോട്ടുകളും ഗണ്യമായ തോതില്‍ കിട്ടാഞ്ഞതും സിപിഎമ്മിനെ കുഴയ്ക്കുന്ന വിഷയങ്ങളാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top