പി.എസ്.സി കോഴ വിവാദം അന്വേഷിക്കാൻ 4 അംഗ സിപിഎം സമിതി; ഏരിയ കമ്മറ്റിയംഗം പ്രമോദ് കോട്ടൂളിയെ പുറത്താക്കിയേക്കും

സിപിഎമ്മിനെ പിടിച്ചുലച്ച പി.എസ്.സി കോഴ വിവാദത്തെക്കുറിച്ച് അന്വേഷിക്കാൻ നാലംഗ സംഘത്തെ പാർട്ടി നിയോഗിച്ചു. പി.എസ്‍.സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ സിപിഎം പ്രാദേശിക നേതാവ് 22 ലക്ഷം വാങ്ങിയെന്നായിരുന്നു പരാതി.

സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി കോഴ വാങ്ങിയെന്നാണ് ആരോപണം. ഇയാളെ സിപിഎം – സിഐടിയു ഭാരവാഹിത്വങ്ങളിൽ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൻ്റെ പേര് പറഞ്ഞാണ് കോഴ വാങ്ങിയതെന്നായിരുന്നു പരാതി. വനിതാ ഡോക്ടർക്ക് പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് പ്രമോദ് കോഴ വാങ്ങിയിട്ടും കാര്യം നടക്കാതെ വന്നപ്പോഴാണ് പരാതിയുമായി ഡോക്ടറുടെ ഭർത്താവ് സിപിഎം പ്രാദേശിക നേതൃത്വത്തെ സമീപിച്ചത്. 66 ലക്ഷം രൂപക്കാണ് ഡീൽ ഉറപ്പിച്ചത്. പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്യുന്നതിൻ്റെ ശബ്ദരേഖ സഹിതമാണ് പരാതി ഉന്നയിച്ചത്. അഡ്വാൻസായി വാങ്ങിയ കോഴപ്പണം ഇതുവരേയും മടക്കി നൽകിയിട്ടില്ല.

സംഭവത്തില്‍ പരാതിക്കാരുടെ മൊഴിയും പാർട്ടി അന്വേഷണ സംഘം രേഖപ്പെടുത്തി. കോഴ ആരോപണം സംബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെ പാര്‍ട്ടിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു.

ഇന്ന് ചേരുന്ന കോഴിക്കോട്ട് ജില്ലാകമ്മറ്റി യോഗത്തിൽ കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകാൻ സാധ്യതയുണ്ട്. അടിയന്തര യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും പങ്കെടുക്കുന്നുണ്ട്- നിർണായക നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. പാർട്ടി തിരുത്തൽ നടപടികളും ശുദ്ധീകരണ പ്രക്രിയകളും പ്രഖ്യാപിച്ചിരിക്കുന്നതിന് ഇടയിലാണ് കോഴ വിവാദം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top