സഹകരണത്തില്‍ പ്രതിരോധം തേടി സിപിഎം നെട്ടോട്ടം; പാര്‍ട്ടിക്ക് കരുത്തേകിയ മേഖലയില്‍ കാലിടറുമ്പോള്‍
തിരുവനന്തപുരം : സിപിഎം എന്ന പ്രസ്ഥാനത്തിന്റെ കരുത്ത് സഹകരണ മേഖലയിലെ സ്വാധീനം കൂടിയാണ്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സഹകരണ മേഖലകളിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സിപിഎമ്മിന് വലിയ തലവേദനയാവുകയാണ്. സംസ്ഥാനത്തെ കരുത്തുറ്റ സഹകരണ പ്രസ്ഥാനങ്ങളുടെയെല്ലാം തലപ്പത്ത് സിപിഎം നിയന്ത്രണത്തിലുളള ഭരണസമിതിയാണ്. അപ്രാപ്യമായ ഇടങ്ങളിലേക്കു പോലും സിപിഎമ്മിന് കടന്നു കയറാന്‍ സഹായിച്ചതും ഈ സഹകരണ കരുത്ത് തന്നെയായിരുന്നു. സാധാരണക്കാരന്റെ ഒരു ആശ്രയമായി സഹകരണ ബാങ്കുകള്‍ വളരെ വേഗത്തിലാണ് കേരളത്തില്‍ മാറിയത്. ദേശസാല്‍കൃത ബാങ്കുകള്‍ വായ്പകള്‍ നിയമത്തിന്റെ നൂലാമാലകളില്‍ കുരുക്കുമ്പോള്‍ പലിശ നിരക്ക് കൂടുതലാണെങ്കിലും സാധാരണക്കാരന് സഹകരണ ബാങ്കുകള്‍ ആശ്രയമായി. ഇതോടെ സിപിഎമ്മിനോടും കേരളത്തിലെ മധ്യവര്‍ഗം അടുത്തു. ഇത് ചരിത്രം.
ചില ഭരണസമിതികള്‍ നടത്തിയ അനധികൃത നീക്കങ്ങള്‍ ഇപ്പോള്‍ സിപിഎമ്മിന് ആകപ്പാടെ വെല്ലുവിളിയായിരിക്കുകയാണ്. കരുവന്നൂര്‍ മുതല്‍ ഇങ്ങോട്ടുളള സഹകരണ ബാങ്കുകളിലെ ക്രമക്കേടുകള്‍ ഇപ്പോള്‍ സിപിഎമ്മിനെ തിരിഞ്ഞ് കൊത്തുന്ന അവസ്ഥയിലാണ്. കേന്ദ്ര ഏജന്‍സികള്‍ നോട്ടമിട്ടതോടെയാണ് സിപിഎമ്മും ഇതിലെ അപകടം മനസിലാക്കിയത്. ഒരു എംഎല്‍എയേയും ജില്ലാ സെക്രട്ടറിയേയും ചോദ്യം ചെയ്യുകയും പ്രദേശിക നേതാവ് അറസറ്റിലാവുകയും ചെയ്തതോടെ സിപിഎം പരിഹാരത്തിന് തലപുകയ്ക്കല്‍ ആരംഭിച്ചു.
ഒരു കാലത്ത് സിപിഎമ്മിന്റെ അഭിമാനമായിരുന്നു തൃശ്ശൂരിലെ കരുവന്നൂര്‍ സഹകരണ ബാങ്ക്. മികച്ച നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ബാങ്കില്‍ സിപിഎം അനുഭാവികളുടേതടക്കം നിക്ഷേപം ഒഴുകിയെത്തിയിരുന്നു. 2016-18 കാലത്ത് അനധികൃതമായ വായ്പകളിലൂടെ കോടികളുടെ തട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 125 കോടിയുടെ വായ്പ തട്ടിപ്പാണ് നടന്നിരിക്കുന്നത്. അന്ന് സഹകരണ മന്ത്രിയായിരുന്ന എ.സി.മൊയ്തീന്റെ അറിവോടെയാണ് ഈ തട്ടിപ്പുകളെന്നാണ് ആരോപണം. മൊയ്തീനുമായി ബന്ധമുള്ള വെളപ്പായ സതീശന്‍ ബിനാമി ഇടപാടുകളിലൂടെ കോടികള്‍ ബാങ്കില്‍ നിന്ന് തട്ടിയെന്നാണ് വിലയിരുത്തല്‍. ഈ കേസില്‍ വടക്കാഞ്ചേരി കൗണ്‍സിലര്‍ പി.ആര്‍.അരവിന്ദാക്ഷന്‍ അറിസ്റ്റിലാവുകയും പാര്‍ട്ടി നേതാക്കള്‍ക്ക് തട്ടിപ്പ് സംബന്ധിച്ച് അറിവുണ്ടെന്ന് മൊഴി കൂടി ലഭിച്ചതോടെയാണ് ഇഡി സിപിഎം നേതാക്കളിലേക്ക് കടന്നത്. എ.സി.മൊയ്തീന്‍ എംഎല്‍എ, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണന്‍, സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗ്ഗീസ് എന്നിവരെ ചോദ്യം ചെയ്യുകയും ചെയ്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഇഡി കരുവന്നൂരില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്. പ്രാദേശിക നേതാക്കളെ രണ്ടാം വട്ടവും ചോദ്യം ചെയ്ത ഇഡി മുതിര്‍ന്ന നേതാക്കളിലേക്കും എത്തുമെന്നുറപ്പാണ്. ഇത് തിരഞ്ഞെടുപ്പില്‍ ക്ഷീണം ചെയ്യുമെന്നതിനാലാണ് മറുതന്ത്രങ്ങള്‍ മെനയുന്നത്. കരുവന്നൂര്‍ വിഷയം തൃശൂരില്‍ പ്രധാന വിഷയമായി തന്നെ ഉയര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്. ഇവിടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച സുരേഷ്‌ഗോപി കരുവന്നൂര്‍ ഉയര്‍ത്തിയുള്ള പദയാത്രയുമായാണ് സജീവമായത്. കരുവന്നൂരില്‍ നിക്ഷേപിച്ച പണം നഷ്ടമായവരില്‍ ഏറെയും പാര്‍ട്ടി അനുഭാവികളും അംഗങ്ങളുമാണ്. അതുകൊണ്ട് തന്നെ പ്രതിരോധിക്കാന്‍ എന്ത് വഴിയെന്നാണ് സിപിഎം ആലോചിക്കുന്നത്
കരുവന്നൂര്‍ മാതൃകയില്‍ സമാനമായ തട്ടിപ്പുകള്‍ സംസ്ഥാനത്തെ വിവിധ സഹകരണ സ്ഥാപനങ്ങളില്‍ നടക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ കണ്ടല സഹകരണ ബാങ്ക് ഇതിന് ഒരു ഉദാഹരണം മാത്രമാണ്. ഇതുപോലെ കോണ്‍ഗ്രസ് ഭരിക്കുന്ന സ്ഥാപനങ്ങളിലും തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയായതിനാല്‍ സിപിഎം ഭരണസമിതിയുടെ ക്രമക്കേടുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കും. ഇത് മനസിലാക്കി തന്നെയാണ് സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടുകളെക്കുറിച്ചുളള നിസമസഭാ ചോദ്യം സിപിഎം എംഎല്‍എയെ കൊണ്ട് പിന്‍വലിപ്പിച്ചത്. സഹകരണ വകുപ്പിന്റെ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ കേരളത്തിലെ സഹകരണ സംഘങ്ങളും, സ്ഥാപനങ്ങളും ഏതൊക്കെയാണ്, ഇവയുടെ ഭരണസമിതിക്ക് നേതൃത്വം നല്‍കുന്നത് ഏത് രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധപ്പെട്ടവരാണെന്നതിന്റെ വിശദാംശം വ്യക്തമാക്കാമോയെന്നാണ് അമ്പലപ്പുഴ എംഎല്‍എ എച്ച്.സലാം സഹകരണ മന്ത്രി വി,എന്‍.വാസവനോട് ചോദിച്ചത്. ഒരോ സഹകരണ സംഘത്തിലും സ്ഥാപനത്തിലും നടന്ന ക്രമക്കേടുകള്‍ തരംതിരിച്ച് വിശദമാക്കാനും ആവശ്യപ്പെട്ടിരുന്നു. മറുപടി തയ്യാറാക്കി സഹകരണ വകുപ്പില്‍ നിന്ന് ഫയല്‍ ലഭ്യമാക്കിയപ്പോള്‍ അപകടം മനസിലാക്കിയ മന്ത്രി വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. കരുവന്നൂര്‍, കണ്ടല ഉള്‍പ്പെടെ ഇടത് നേതൃത്വത്തിലുള്ള ഭരണസമിതികളുടെ ക്രമക്കേടുകള്‍ സംബന്ധിച്ച് വിശദമായി മറുപടി നല്‍കേണ്ടിവരും. ക്രമക്കേട് നടന്ന സ്ഥാപനങ്ങളെ കുറിച്ചുളള വിവരങ്ങള്‍ പുറത്തുവന്നാല്‍ സിപിഎമ്മും സര്‍ക്കാരും വെട്ടിലാകും. ഇതോടെ മുഖ്യമന്ത്രി സലാമിനെ ശാസിക്കുകയും ചോദ്യം അടിയന്തിരമായി പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ഇങ്ങനെ മറച്ചു പിടിക്കാന്‍ കഴിയാത്ത രീതിയില്‍ തട്ടിപ്പുകള്‍ വളര്‍ന്നിട്ടുണ്ട്.
നിക്ഷേപിച്ച് പണം നഷ്ടമായവർ ഇപ്പോള്‍ പ്രത്യക്ഷ പ്രതിഷേധം കൂടി തുടങ്ങിയോടെ ഒരുകാലത്ത് ശക്തിയായിരുന്ന സഹകരണ മേഖല സിപിഎമ്മിനെ തിരിഞ്ഞു കൊത്തുന്ന സ്ഥിതിയിലാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here