എംടിയുടെ വിമര്‍ശനം പുതുമയില്ലാത്തത്; ഉന്നയിച്ചത് പഴയ ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍; കക്ഷി ചേരേണ്ടതില്ലെന്ന് സിപിഎം

തിരുവനന്തപുരം : മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി.വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗം സംബന്ധിച്ച വിവാദങ്ങളില്‍ നിന്നൊഴിഞ്ഞ് നില്‍ക്കാന്‍ സിപിഎം. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്നത് പാര്‍ട്ടിയേയും മുഖ്യമന്ത്രിയേയും അപമാനിക്കാനുള്ള ശ്രമമാണ്. അതില്‍ കക്ഷിചേര്‍ന്ന് വിമര്‍ശന സാധ്യത വര്‍ദ്ധിപ്പിക്കേണ്ടതില്ലെന്നാണ് സിപിഎം വിലയിരുത്തല്‍.

പ്രസംഗത്തില്‍ പുതമയില്ല. ഇവയെല്ലാം എംടി നേരത്തേയും എഴുതിയിട്ടുണ്ട്. ഇഎംഎസിനെ അനുസ്മരിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പെഴുതിയ ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇന്നലെയും പറഞ്ഞിരിക്കുന്നത്. അതിനാല്‍ ഇപ്പോഴത്തെ വിവാദത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ആവശ്യമില്ല. ഇ.പി.ജയരാജനടക്കം നടത്തിയ പ്രസ്താവനകള്‍ വിമര്‍ശനത്തിന് ആക്കം കൂട്ടിയെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം.

അധികാരമെന്നാല്‍ ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിവെട്ടി മൂടിയെന്നും, അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആയി മാറിയെന്നായിരുന്നു എംടിയുടെ വിമര്‍ശനം. നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന സങ്കല്‍പ്പം മാറ്റിയെടുത്തത് ഇഎംഎസ് ആയിരുന്നെന്നും അതുകൊണ്ടാണ് ഇഎംഎസ്സിനെ നേതൃത്വ പൂജകളിലൊന്നും കാണാതിരുന്നതെന്നും എംടി പറഞ്ഞിരുന്നു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന വേദിയില്‍വച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top