സിപിഎമ്മിന്റേത് തമ്പ്രാന്‍ നയം; കേളുവിന് ദേവസ്വം നല്‍കാത്തത് പട്ടികവര്‍ഗക്കാരെ അപമാനിക്കലെന്ന് ബിജെപി

പട്ടികവര്‍ഗക്കാരനായ ഒആര്‍ കേളുവിന് പ്രധാന വകുപ്പുകള്‍ നല്‍കാത്തത് അടിസ്ഥാന ജനവിഭാഗത്തോടുള്ള സിപിഎമ്മിൻ്റെ നയം വ്യക്തമാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. വയനാടിനെയും ആദിവാസികളെയും അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്. നീചമായ പാര്‍ട്ടിയാണ് സിപിഎം എന്ന് വ്യക്തമാക്കുന്നതാണ് കേളുവിനോടുള്ള സമീപനമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മണ്ണിന്റെ മക്കള്‍ക്ക് തമ്പ്രാന്‍മാര്‍ കൊടുക്കുന്നതു പോലെ ചെറിയ കാര്യങ്ങൾ മതിയെന്നാണ് സിപിഎമ്മും പറയുന്നത്. പട്ടികജാതി ക്ഷേമം മാത്രം നോക്കിയാല്‍ മതി, ബാക്കി ഞങ്ങള്‍ തമ്പ്രാന്‍മാര്‍ നോക്കിക്കൊള്ളാം എന്നതാണ് സമീപനം. ഇത് പട്ടികവര്‍ഗക്കാരോടുളള അവഹേളനമാണ്. കെ രാധാകൃഷ്ണന്‍ കൈവശം വച്ച എല്ലാ വകുപ്പുകളും കേളുവിന് നല്‍കണം. പ്രവൃത്തിപരിചയം ഇല്ലെന്ന ന്യായം നിലനില്‍ക്കുന്നതല്ല. കാല്‍ക്കാശിന്റെ പ്രവൃത്തിപരിചയം ഉണ്ടായിട്ടാണോ മുഖ്യമന്ത്രി മരുമകന് പൊതുമരാമത്തും ടൂറിസവും പോലുള്ള പ്രധാന വകുപ്പുകള്‍ കൊടുത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

പട്ടികവര്‍ഗക്കാരിയെ രാഷ്ട്രപതിയാക്കിയ രാജ്യത്താണ് ഇതെല്ലാം നടക്കുന്നത്. പട്ടികവര്‍ഗ ബൂത്തുകളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം പിന്നില്‍ പോയിരുന്നു. ഇതിന്റെ പ്രതികാരമായാണോ കേളുവിന് ദേവസ്വം പോലുളള വകുപ്പുകള്‍ നല്‍കാത്തതെന്ന് സിപിഎമ്മും മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top