‘തിടുക്കം വേണ്ട’; ഇ ശ്രീധരന്റെ നിർദേശങ്ങളില്‍ മുന്‍കരുതലെടുക്കാന്‍ സിപിഐഎം
തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതി സംബന്ധിച്ച ഇ ശ്രീധരന്റെ നിർദേശങ്ങളില്‍ തിടുക്കം കാണിക്കേണ്ടെന്ന് സിപിഐഎം നേതൃത്വം. പദ്ധതിയുടെ എല്ലാ വശങ്ങളും പരിശോധിച്ചശേഷം തുടർചർച്ചകൾ മതിയെന്നും സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി. തുടർനടപടികൾക്ക് യോഗം മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി.
അതേസമയം, സർക്കാരുമായി കെ റെയിലിൽ സംബന്ധിച്ച ഔദ്യോഗിക ചർച്ച നടത്തിയിട്ടില്ലെന്ന് ഇ ശ്രീധരൻ പ്രതികരിച്ചു. കെ-റെയിലുമായി ബന്ധപ്പെട്ട് നൽകിയ നിർദ്ദേശങ്ങളിൽ സർക്കാരിൽ നിന്നും മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ അറിവോടെ തന്നെ സന്ദര്‍ശിച്ച കെ വി തോമസിന് ഒന്നര പേജുള്ള കുറിപ്പ് കൈമാറിയതായും തന്റെ നിര്‍ദേശങ്ങള്‍ അദ്ദേഹത്തെ അറിയിച്ചതായും ശ്രീധരന്‍ പറഞ്ഞു.
അതേസമയം, താന്‍ നിര്‍ദേശിക്കുന്ന പദ്ധതിയില്‍ കെ-റെയില്‍ കോര്‍പ്പറേഷനുമായി ഒരു സഹകരണത്തിനുമില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും, കെ-റെയിലിന് ഒരു അതിവേഗ പാത നിര്‍മിക്കുന്നതിനുള്ള പ്രാപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. കെ-റെയിലിന്റെ ഫണ്ടിങ് പാറ്റേണ്‍ ശരിയായ രീതിയിലല്ല. താന്‍ തയ്യാറാക്കിയ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് വലിയ ബാധ്യത വരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് കേരളത്തില്‍ അതിവേഗ റെയില്‍പാതയ്ക്കുള്ള പ്രോജക്ട് എന്ന ആവശ്യമുയർന്നത്. കാസർകോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പാതയാണ് അന്നത്തെ സർക്കാരും മുന്നോട്ടുവച്ചത്. എന്നാല്‍ പഠനത്തിന് ശേഷം, കണ്ണൂര്‍ വരെയാക്കി 2015-ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ ആ പദ്ധതി നടന്നില്ല. തുടര്‍ന്ന് വന്ന സര്‍ക്കാര്‍ സെമി ഹൈസ്പീഡ് പദ്ധതിയാണ് തയ്യാറാക്കിയത്. ഇതാണ് കെ റെയില്‍.
എന്നാല്‍ അതിന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചിട്ടില്ല. ലഭിക്കുമെന്ന് തോന്നുന്നുമില്ല. ഈ പശ്ചാത്തലത്തിലാണ് കെ-റെയിലിന്റെ സാധ്യത തേടിയുള്ള കെ വി തോമസിന്റെ സന്ദർശനം. കെ റെയില്‍ നിലവിലുള്ള രൂപരേഖയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അദ്ദേഹത്തെ അറിയിച്ചു. പാരിസ്ഥിതിക ആഘാതവും നാട്ടുകാരുടെ എതിര്‍പ്പും പ്രധാനമാണ്. ഒരുപാട് ആളുകളുടെ എതിര്‍പ്പ് മറികടന്ന് റെയില്‍വേ അംഗീകാരം ലഭിക്കില്ലെന്ന് അദ്ദേഹത്തോട് വ്യക്തമാക്കിയതായും ഇ ശ്രീധരന്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here