പീഡനക്കേസ് പ്രതിക്ക് സിപിഎമ്മില്‍ സ്ഥാനക്കയറ്റം; വെട്ടി സംസ്ഥാന നേതൃത്വം

രണ്ട് പീഡനക്കേസുകളിലും കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധന അട്ടിമറിച്ച കേസിലും പ്രതിയായ സി.സി സജിമോനെ പാര്‍ട്ടിയില്‍ സ്ഥാനക്കയറ്റം നല്‍കിയ നടപടിയിലാണ് സിപിഎം തിരുത്തല്‍ വരുത്തിയത്. സംസ്ഥാന നേതൃത്വം ഇടപെട്ടാണ് തിരുവല്ല ഏരിയാ കമ്മറ്റിയുടെ തീരുമാനത്തെ വെട്ടിയത്. സി.സി സജിമോനെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെ മരവിപ്പിച്ചു. കണ്‍ട്രോള്‍ കമ്മിഷന്‍ തീരുമാനം നടപ്പാക്കിയാല്‍ മതിയെന്നാണ് സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം.

പീഡനം അടക്കം മൂന്ന് കേസുകളില്‍ പ്രതിയായതോടെയാണ് സി.സി. സജിമോനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. കണ്‍ട്രോള്‍ കമ്മിഷന് സജിമോന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധനകള്‍ക്കൊടുവില്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ കണ്‍ട്രോള്‍ കമ്മിഷന്‍ തീരുമാനം പരിശോധിച്ച തിരുവല്ല ഏരിയാ കമ്മറ്റി സജിമോനെ പാര്‍ട്ടിയുടെ തിരുവല്ല നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗമായി സ്ഥാനക്കയറ്റം നല്‍കി. ഇതിനെതിരെ വ്യാപക പരാതി ഉയര്‍ന്നു. സംസ്ഥാന നേതൃത്വത്തിനും പരാതി ലഭിച്ചതോടെയാണ് തീരുമാനം വെട്ടിയത്. കണ്‍ട്രോള്‍ കമ്മിഷന്‍ എന്ത് നടപടിയാണോ തീരുമാനമായി നല്‍കിയിട്ടുള്ളത് അത് മാത്രം നടപ്പിലാക്കിയാല്‍ മതിയെന്നാണ് പ്രാദേശിക ഘടകത്തെ അറിയിച്ചിരിക്കുന്നത്.

വിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതടക്കമുള്ള കേസില്‍ പ്രതിയാണ് സജി. 2018ലാണ് സജിമോന്‍ വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായത്. ആ കേസിലെ ഡിഎന്‍എ പരിശോധനയില്‍ ആള്‍മാറാട്ടം നടത്തിയെന്ന കേസിലും പ്രതിയാണ്. ഇതുകൂടാതെ 2022 ല്‍ വനിതാ നേതാവിനെ ലഹരി നല്‍കി നഗ്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചുവെന്ന ആരോപണവും സജിമോനെതിരെ ഉയര്‍ന്നിരുന്നു. 2018ലെ പീഡനക്കേസിന് പിന്നാലെ സജിമോനെ പാര്‍ട്ടി പുറത്താക്കിയിരുന്നു. രണ്ടു വര്‍ഷത്തിന് ശേഷം തിരികെയെടുത്തു. 2022ല്‍ വനിതാ നേതാവിന്റെ നഗ്‌ന വീഡിയോ പ്രചരിപ്പിച്ചുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും പുറത്താക്കി. കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നേതൃയോഗമാണ് ഇയാളെ പുറത്താക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top