ഇപിയെ തൊടാന്‍ മുഖ്യമന്ത്രിക്ക് ഭയം; അഴിമതി മറയ്ക്കാന്‍ വര്‍ഗീയതയുമായി സിപിഎം സന്ധി ചെയ്തു; വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : ഏത് നേതാവിന് വേണമെങ്കിലും ബിജെപിയിലേക്ക് പോകാമെന്ന ഗ്രീന്‍ സിഗ്‌നല്‍ നല്‍കുകായാണ് സിപിഎം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇപി ജയരാജനെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ്. മുഖ്യമന്ത്രിയുടെ ഏജന്റായി ബിജെപിയുമായി സംസാരിച്ച ഇപിക്കെതിരെ ചെറുവിരല്‍ അനക്കാനുള്ള ധൈര്യം കേരളത്തിലെ സി.പി.എമ്മിനില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ജയരാജന്റെ നാവിന്‍ തുമ്പിലുള്ളത് മുഖ്യമന്ത്രിയെ ഒന്നാകെ തകര്‍ക്കാനുള്ള ബോംബുകളാണ്. ജയരാജന് ബിജെപിയിലേക്ക് പോകാന്‍ സമ്മതം നല്‍കുക കൂടിയാണ് പിന്തുണ പ്രഖ്യാപിച്ച് സിപിഎം ഇന്ന് ചെയ്തതെന്നും സതീശന്‍ വിമര്‍ശിച്ചു.

കൊടിയ അഴിമതി നടത്തിയവരേയും അതിന്റെ പ്രതിഫലം പറ്റിയവരേയും സംരക്ഷിക്കാന്‍ വര്‍ഗീയതയുമായി സിപിഎം സന്ധി ചെയ്തു. പിണറായി വിജയനേയും കൂട്ടുപ്രതിയായ ഇപി ജയരാജനേയും സംരക്ഷിക്കുകയെന്ന നാണംകെട്ട മാര്‍ഗമാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. ബിജെപി നേതാക്കളെ കണ്ടാല്‍ സിപിഎമ്മിന്റെ പ്രത്യയശാസ്ത്രം തകരും എന്നത് പൈങ്കിളി സങ്കല്‍പ്പമാണെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറയുന്നത്. ഏത് നേതാവിനും ബിജെപി നേതാക്കളെ കാണാമെന്ന ഗ്രീന്‍ സിഗ്‌നല്‍ നല്‍കുകയാണ് ഗോവിന്ദന്‍ ഇതിലൂടെ ചെയ്തത്. ഇപി ജയരാജനും എസ് രാജേന്ദ്രനും പിന്നാലെ വരുന്നവര്‍ക്കും ബിജെപിയിലക്ക് വഴിവെട്ടുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയെന്നുും സതീശന്‍ വിമര്‍ശിച്ചു.

സംഘപരിവാറുമായി സൗഹൃദ സംഭാഷണം നടത്തിയവരെ സംരക്ഷിക്കുമെന്ന് സിപിഎം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സിപിഐ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് ഘടകകക്ഷികള്‍ തങ്ങളുടെ നിലപാട് എന്തെന്ന് വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top