‘രാജ്ഭവന്‍ ആര്‍എസ്എസ് കേന്ദ്രം’; ഗവര്‍ണറെ പ്രതിരോധിക്കാന്‍ ആക്രമണം വഴിയാക്കി സിപിഎം

മുഖ്യമന്ത്രിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അതേരീതിയില്‍ തിരികെ ആക്രമിക്കുകയാണ് സിപിഎം. വിഷയത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുമ്പോഴും സംസ്ഥാന സെക്രട്ടറിയും മുതിര്‍ന്ന നേതാക്കളുമെല്ലാം തന്നെ ഗവര്‍ണറെ വ്യക്തിപരമായി തന്നെ അധിക്ഷേപിച്ച് മുന്നേറുകയാണ്. കാലാവധി കഴിഞ്ഞും തുടരുന്ന ഗവര്‍ണറെ കെയര്‍ ടേക്കര്‍ ഗവര്‍ണര്‍ എന്ന് പരിഹസിച്ചും സര്‍ സിപിയെ ഓര്‍മ്മപ്പെടുത്തിയുമാണ് നേതാക്കളുടെ പ്രതികരണങ്ങള്‍. ഒപ്പം വീണ്ടും സ്ഥാനം ലഭിക്കുന്നതിന് ബിജെപിയേയും ആര്‍എസ്എസിനേയും തൃപ്തിപ്പെടുത്താനുള്ള ശ്രമം എന്നും വിമര്‍ശിക്കുകയാണ്.

കെയര്‍ ടേക്കര്‍ ഗവര്‍ണര്‍ എന്ന പരാമര്‍ശം ആദ്യം നടത്തിയത് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനായിരുന്നു. ഇന്ന് മാധ്യമങ്ങളെ കണ്ട എകെ ബാലനും ഇതേ പരിഹാസം ഉന്നയിച്ചു. നിയമസഭയുടെ കാലാവധി കഴിഞ്ഞാല്‍ മുഖ്യമന്ത്രിക്ക് കാവല്‍ ചുമതല നല്‍കാറുണ്ട്. എന്നാല്‍ഡ ആ സമയത്ത് നയപരമായ ഒരു തീരുമാനവും ഉണ്ടാകാറില്ല. എന്നാല്‍ കേന്ദ്രം സമയം നീട്ടി നല്‍കിയ ആനുകൂല്യത്തില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും വിമര്‍ശിക്കുന്നത്. കേരളത്തിലെ ക്രമസമാധന നില തകരാറില്‍ എന്ന് വരുത്താനാണ് ശ്രമിക്കുന്നതെന്നും ബാലന്‍ ആരോപിച്ചു.

രാജ്ഭവന്‍ ആര്‍എസ്എസ് കേന്ദ്രമാണ്. ഡിജിപിയും ചീഫ് സെക്രട്ടറിയും രാജ്ഭവനില്‍ കടക്കരുതെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഇത് ഇന്ത്യാ രാജ്യത്ത് ഒരു ഗവര്‍ണറും പറഞ്ഞിട്ടില്ല. ഇതെല്ലാം ചെയ്ത് സിപിഎമ്മിനെ തകര്‍ക്കാം എന്നും മുഖ്യമന്ത്രിയെ മൂലക്കിരുത്താം എന്നും ഗവര്‍ണര്‍ കരുതുന്നുണ്ടെങ്കില്‍ അത് നടക്കില്ലെന്നും ബാലന്‍ വ്യക്തമാക്കി. സര്‍ സിപിയെ ഏത് രൂപത്തിലായിരുന്നു കേരളത്തില്‍ നിന്ന് ഓടിച്ചതെന്ന് ഗവര്‍ണര്‍ മനസിലാക്കണമെന്നും ബാലന്‍ പറഞ്ഞു.

ബിജെപിയെ തൃപ്തിപ്പെടുത്താനുള്ള നീക്കങ്ങളാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടിയും വിമര്‍ശിച്ചു. ഇടവേളക്ക് ശേഷം മുഖ്യമന്ത്രി ഗവര്‍ണര്‍ പോര് വീണ്ടും തുടങ്ങിയത് ദ ഹിന്ദു പത്രത്തില്‍ അച്ചടിച്ചു വന്ന അഭിമുഖത്തിലെ മലപ്പുറത്തെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പരാമര്‍ശത്തില്‍ നിന്നാണ്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം, ആരാണ് ഇതിന് പിന്നില്‍ എന്നിവ അറിയിക്കാന്‍ ഗവര്‍ണര്‍ സര്‍ക്കാരിന് കത്ത് നല്‍കി. ഇതിന് മുഖ്യമന്ത്രി മറുപടി നല്‍കിയത് 27 ദിവസങ്ങള്‍ക്ക് ശേഷമാണ്. അതും ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനില്‍ എത്താന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ച ശേഷം. സര്‍ക്കാര്‍ വിലക്കിയതോടെ ഉദ്യോഗസ്ഥര്‍ രാജ്ഭവനില്‍ എത്തിയില്ല. ഇതോടെ ഗവര്‍ണര്‍ കൂടുതല്‍ പ്രകോപിതനാവുകയും തന്റെ അധികാരം എന്തെന്ന് മുഖ്യമന്ത്രിക്ക് കാണിച്ചു നല്‍കാം എന്ന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

ഇതോടെയാണ് മുഖ്യമന്ത്രിയെ പ്രതിരോധിക്കാന്‍ സിപിഎം നേതാക്കള്‍ തന്നെ രംഗത്തിറങ്ങിയിരിക്കുന്നത്. കേരളത്തില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നു എന്ന മുഖ്യമന്ത്രിയുടെ പരാമർശം സംബന്ധിച്ച റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് നല്‍കുമെന്ന ഗവര്‍ണറുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് സിപിഎമ്മും ആക്രമണ വഴി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിനോട് ഗവര്‍ണറും അതേ ഭാഷയില്‍ തന്നെ പ്രതികരിക്കുമെന്ന് ഉറപ്പാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top