കനലൊരു തരിയായി കെ രാധാകൃഷ്ണന്‍; വോട്ട് ശതമാനം കുറഞ്ഞില്ലെന്ന ന്യായീകരണം ഇറക്കാം; ഭരണവിരുദ്ധ വികാരത്തില്‍ ഞെട്ടി സിപിഎം

ഇത്തവണയും ഒരു സീറ്റിലൊതുങ്ങി സിപിഎം. സിറ്റിങ് സീറ്റായ ആലപ്പുഴ നഷ്ടമായെങ്കിലും ആലത്തൂര്‍ തിരിച്ച് പിടിച്ചതോടെ സംപൂജ്യരായില്ലെന്ന ആശ്വാസത്തിലാണ് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി. മന്ത്രിയും മുതിര്‍ന്ന നേതാവുമായ കെ രാധാകൃഷ്ണനെ ഇറക്കിയാണ് സിപിഎം ആലത്തൂര്‍ പിടിച്ചത്. ഇതല്ലാതെ ആറ്റിങ്ങലില്‍ വി ജോയിയുടെ കട്ടയ്ക്കുളള മത്സരവുമാണ് സിപിഎമ്മിന് ആശ്വസിക്കാനുള്ളത്. മത്സരിച്ച കെകെ ശൈലജ, എംവി ജയരാജന്‍, എ വിജയരാഘവന്‍, എളമരം കരീം തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം തോല്‍വിയറിഞ്ഞതോടെ എന്ത് ന്യായീകരണം എന്ന് തലപുകയ്ക്കുകയാണ് സിപിഎം.

വോട്ട് ശതമാനത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ലെന്ന സിപിഎമ്മിന്റെ പതിവ് അവകാശവാദത്തിന് ഇത്തവണയും സാധ്യതയുണ്ടെന്നാണ് നിലവിലെ വിവരങ്ങള്‍. വോട്ട് ശതമാനത്തിന്റെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ മാത്രമേ ഈ ന്യായീകരണം ഇത്തവണ ഇറക്കാന്‍ കഴിയുമോയെന്ന് വ്യക്തത വരികയുളളൂ. രണ്ട് മണ്ഡലങ്ങളിലൊഴികെ പലയിടത്തും വോട്ട് എണ്ണിതുടങ്ങിയപ്പോള്‍ തന്നെ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികള്‍ പിന്നില്‍ പോയിരുന്നു. പലയിടത്തും ഒരു മത്സരം പോലും കാഴ്ചവയ്ക്കാന്‍ സിപിഎമ്മിനായിട്ടില്ല.

കഴിഞ്ഞ തവണ സമാനമായ പരാജയം സിപിഎം അഭിമുഖികരിക്കേണ്ടി വന്നെങ്കിലും അതിന് ശബരിമല വിഷയമടക്കമുള്ള ന്യായീകരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഭരണ വിരുദ്ധ വികാരം എന്ന ഒറ്റകാരണം മാത്രമേയുളളൂ പരാജയത്തിന്. അതുകൊണ്ട് തന്നെ ഈ പരാജയത്തിന് പിണറായി വിജയന്‍ അടക്കം മറുപടി പറയേണ്ടി വരും. ആലപ്പുഴ നഷ്ടമായെങ്കിലും ആലത്തൂര്‍ നേടിയതിനാല്‍ കനല്‍ ഒരു തരിയായി അവശേഷിക്കുകയാണ്. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളായ കണ്ണൂരിലെ നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ലീഡ് നേടിയിട്ടുണ്ട്. പ്രത്യേകിച്ചും മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തും തളിപ്പറമ്പിലും വലിയരീതിയില്‍ വോട്ട് കുറഞ്ഞത് പാര്‍ട്ടിയെ ഞെട്ടിച്ചിട്ടുണ്ട്.

സിപിഎമ്മിനുള്ളിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ആധിപത്യത്തിനും ഈ തിരഞ്ഞെടുപ്പ് ഫലം മാറ്റം വരുത്താം. ഇപ്പോള്‍ തിരുവായ്ക്ക് എതിര്‍വായില്ലാത്ത സ്ഥിതിയില്‍ നിന്നും ചെറിയതോതിലെങ്കിലും സ്വതന്ത്ര അഭിപ്രായം പാര്‍ട്ടി വേദികളില്‍ ഉയര്‍ന്നേക്കാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top