സിപിഎമ്മില്‍ പിടി അയഞ്ഞ് കണ്ണൂര്‍ ലോബി; എഡിഎമ്മിൻ്റെ മരണത്തിലടക്കം ഉറച്ച നിലപാടുമായി പത്തനംതിട്ട നേതൃത്വം; പിന്തുടരാന്‍ മറ്റുള്ളവർ

സിപിഎമ്മില്‍ എല്ലാ കാലത്തും ശക്തരായ നേതാക്കള്‍ കണ്ണൂരില്‍ നിന്നായിരുന്നു. പാര്‍ട്ടിയുടെ നയപരമായ എല്ലാ തീരുമാനങ്ങളേയും സ്വാധീനിക്കുന്നതിനാല്‍ കണ്ണൂര്‍ ലോബിയായി തന്നെ കാലങ്ങളായി ഇവര്‍ നിലനില്‍ക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ സംരക്ഷിക്കപ്പെട്ടതും ഇവരുടെ താല്‍പര്യങ്ങളായിരുന്നു. ഇടക്കാലത്ത് വിഎസ് അച്യുതാനന്ദന്‍ നടത്തിയ ചില മിന്നലാട്ടങ്ങള്‍ ഒഴിവാക്കിയാല്‍ മറുചോദ്യം ഇല്ലാത്ത രീതിയില്‍ അത് വളര്‍ന്നു. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും എല്ലാം കണ്ണൂരുകാര്‍. മന്ത്രിമാരുടെ ഓഫീസ് നിയന്ത്രിക്കുന്നതും കണ്ണൂരില്‍ നിന്നുളള നേതാക്കള്‍. ചോദ്യം ചെയ്യാത്ത ഈ അപ്രമാദിത്വമാണ് ഇപ്പോള്‍ തകരുന്നത്.

പാര്‍ട്ടിയിലെ പല നടപടികളിലും എതിര്‍പ്പ് സിപിഎമ്മിനുള്ളില്‍ തന്നെയുണ്ട്. എന്നാല്‍ ഇവയെല്ലാം മുറുമുറുപ്പ് മാത്രമായി മാത്രം ഒതുങ്ങുകയാണ് വര്‍ഷങ്ങളായുള്ള പതിവ്. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്തെ വിഭാഗീയതക്ക് ശേഷം അതങ്ങനെയാണ്. എതിര്‍ അഭിപ്രായം ഉയരാറില്ല. ഉയര്‍ന്നാല്‍ തന്നെ തുടക്കത്തിലേ അത് വെട്ടിമാറ്റുകയും ചെയ്യും. സര്‍ക്കാരിന്റെ പല പ്രവര്‍ത്തനങ്ങളിലും ഇതേ എതിര്‍പ്പ് ഉണ്ട്. അത് ഇപ്പോള്‍ സാവധാനം ഉയര്‍ന്നു തുടങ്ങുകയാണ്.

പത്തനംതിട്ട സിപിഎമ്മാണ് അക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിലൂടെ തിരുത്തല്‍ ശക്തിയാകുന്നത്. ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് നിര്‍ത്തിയതില്‍ മാത്രമല്ല എഡിഎം നവീന്‍ ബാബുവിൻ്റെ ആത്മഹത്യക്ക് വഴിതെളിച്ച കേസിലും ഇതേ ഉറച്ച നിലപാട് പത്തനംതിട്ട നേതൃത്വം സ്വീകരിച്ചു. ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം എന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ നിലപാട് എടുക്കുകയും നേതൃത്വം അത് പുറത്ത് പറയുകയും ചെയ്തു. അതിന് ഫലം ഉണ്ടാവുകയും ചെയ്തു.

പിന്നാലെയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യ എഡിഎം നവീന്‍ ബാബുവിനെ അധിക്ഷേപിക്കുകയും അത് ദുരന്തമായി മാറുകയും ചെയ്തത്. തൊട്ടുപിന്നാലെ തന്നെ ശക്തമായ പ്രതികരണമാണ് പത്തനംതിട്ട നേതൃത്വം നടത്തിയത്. നവീന്‍ ബാബുവിന്റെ കുടുംബത്തിൻ്റെ വ്യക്തമായ സിപിഎം പശ്ചാത്തലം പറഞ്ഞ് തന്നെ ദിവ്യക്കെതിരെ നടപടി ആവശ്യപ്പെട്ടു. മുൻപാണെങ്കില്‍ ദിവ്യക്കെതിരെ നടപടിയോ കേസെടുക്കലോ ഒന്നും ഉണ്ടാകില്ലായിരുന്നു. കാരണം കണ്ണൂര്‍ സിപിഎമ്മില്‍ അത്രമാത്രം നേതാക്കളുടെ പിന്തുണയുള്ള ആളാണ് ദിവ്യ. ആദ്യ ദിനങ്ങളില്‍ ഡിവൈഎഫ്‌ഐ പോലും ദിവ്യയെ സംരക്ഷിച്ച് രംഗത്തെത്തി. എന്നാല്‍ പത്തനംതിട്ട സിപിഎം നിലപാടിൽ ഉറച്ചുനിന്നതോടെയാണ് ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കിയത്. ഇപ്പോള്‍ സംഘടനാപരമായ നടപടി കൂടിയുണ്ടാകണം എന്ന ആവശ്യമാണ് ജില്ലാ നേതൃത്വം മുന്നോട്ടുവച്ചിരിക്കുന്നത്.

പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്റെ ഈ നിലപാട് തന്നെയാണ് നവീനും നവീന്റെ കുടുംബത്തിനും എതിരായ സൈബര്‍ സഖാക്കളുടെ ആക്രമണത്തേയും ചെറുത്തത്. അല്ലായിരുന്നുവെങ്കില്‍ മറ്റ് പലരുടെയും കാര്യത്തിൽ ഉണ്ടായത് പോലെ ഹീനമായ ആക്രമണം ആദ്യ ദിവസം മുതല്‍ തന്നെ കേരളം കണ്ടേനെ. ആരോപണങ്ങളില്‍ നിന്ന് ആരോണങ്ങളിലേക്ക് ചെന്നുവീഴുന്നത് തന്നെയാണ് കണ്ണൂര്‍ ലോബിയെ ദുർബലപ്പെടുത്തുന്നുണ്ട്. അവർക്കിടയിൽ തന്നെ മുൻപത്തേത് പോലെയുള്ള ഐക്യമില്ല. നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി തന്നെ പലവിധ ആരോപണങ്ങളുടെ നിഴലിലാണ്. കൂടാതെ നേതാക്കള്‍ക്കെല്ലാം ധാർഷ്ട്യം എന്ന ആരോപണവും. ഇതിന്റെ ചെറുപതിപ്പാണ് എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പിപി ദിവ്യയുടെ പെരുമാറ്റത്തില്‍ കണ്ടത് എന്നാണ് വിമര്‍ശനം ഉയരുന്നത്.

കണ്ണൂരിലെ പ്രധാന നേതാക്കള്‍ക്കെതിരെയെല്ലാം ആരോപണങ്ങള്‍ നിരവധിയാണ്. പിണറായി വിജയന്‍, ഇപി ജയരാജന്‍, പി ജയരാജന്‍, പി ശശി ഇങ്ങനെ പോകുന്നു ആ നിര. പത്തനംതിട്ട കാണിച്ച ഈ മാതൃക മറ്റ് ജില്ലാ നേതൃത്വങ്ങളും തുടുരമോ എന്നാണ് ഇനി അറിയാനുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top