കരുവന്നൂര്‍ കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരായി എം.എം.വര്‍ഗീസ്; അറസ്റ്റ് ഭയക്കുന്നില്ലെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി; വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി കേന്ദ്ര ഏജന്‍സി
കൊച്ചി : കരുവന്നൂര്‍ കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരായി സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ്. ഇന്ന് രാവിലെ 10 മണിയോടെയാണ് വര്‍ഗീസ് ഇഡി കൊച്ചി ഓഫീസിലെത്തിയത്. കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ചെയ്യുമോയെന്ന് ഭയമില്ലെന്ന് വര്‍ഗീസ് മാധ്യങ്ങളോട് പറഞ്ഞു. ഇഡി വിളിച്ചതു കൊണ്ടാണ് വന്നത്. എന്തിനാണ് വിളിച്ചതെന്ന് അവരോട് തന്നെ ചോദിക്കണമെന്നും വര്‍ഗീസ് പ്രതികരിച്ചു.
ജില്ലാ സെക്രട്ടറിയെ വിശദമായി ചോദ്യം ചെയ്യാനുളള തീരുമാനത്തിലാണ് കേന്ദ്ര ഏജന്‍സി. നേരത്തെ മൂന്ന് തവണ ചോദ്യം ചെയ്യലിന് ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും വര്‍ഗീസ് ഹാജരായിരുന്നില്ല. തെരഞ്ഞെടുപ്പ് ചുമതലകള്‍ ഉള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിച്ച് പിന്‍മാറുകയായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ഹാജരാകാം എന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഇഡി ആവശ്യപ്പെട്ട രേഖകളുമായാണ് ജില്ലാ സെക്രട്ടറി എത്തിയത്.
കരുവന്നൂര്‍ ബാങ്കിലെ സിപിഎം നിയന്ത്രണത്തിലുള്ള രഹസ്യ അക്കൗണ്ടുകളെക്കുറിച്ചും ബിനാമി വായ്പകളിലെ ഇടപെടലുകളിലെ വ്യക്തതയ്ക്കുമാണ് വര്‍ഗീസിനെ ചോദ്യം ചെയ്യുന്നത്. എന്നാല്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകള്‍ ഇല്ലെന്നാണ് സിപിഎം വാദം.സിപിഎം ജില്ലാ കമ്മറ്റിയുടെ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് ഇഡി മരവിപ്പിച്ചിരുന്നു. നേരത്തെ ഈ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച ഒരു കോടി രൂപ ചിലവഴിക്കരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു. സിപിഎമ്മിന് തൃശൂര്‍ ജില്ലയിലുള്ള ആസ്തികളെക്കുറിച്ചുമുള്ള വിവരങ്ങളും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎമ്മിനെ സംബന്ധിച്ച് ഈ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here