വിശ്വാസത്തിന്റെ പേരിൽ ശാസ്ത്രത്തിനു മേൽ കുതിര കയറണ്ട; സുകുമാരൻ നായർക്ക് മറുപടിയുമായി എം.വി ഗോവിന്ദൻ

വിശ്വാസത്തിന്റെ പേരിൽ ശാസ്ത്രത്തിനു മേൽ കുതിര കയറണ്ട എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരോട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സ്പീക്കര്‍ ഷംസീറിന്റെ പ്രസംഗം വളച്ചൊടിച്ച് ജനങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇതിനെതിരെ ജാഗ്രത വേണം ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഏതെങ്കിലും മതത്തിനോ വിശ്വാസികള്‍ക്കോ എതിരായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഐഎം. കാവിവത്ക്കരണത്തെ ശക്തമായി എതിര്‍ക്കുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

ഗണപതി ക്ഷേത്രത്തിലെ വഴിപാട് നല്ല കാര്യമാണ്. എന്നാല്‍ അത് രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നില്ലേ എന്ന് സ്വയം പരിശോധിക്കണം. ഗണപതിയെ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ രൂപപ്പെടുത്തിയതാണ് എന്ന് പറഞ്ഞത് പ്രധാനമന്ത്രിയാണ്. ഇത് മിത്തിന്റെ ഭാഗമായി അവതരിപ്പിക്കാം. എന്നാല്‍ ഇക്കാര്യങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാക്കുന്നത് തെറ്റാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

സുകുമാരൻ നായർക്കെതിരെ ആഞ്ഞടിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലനും രംഗത്തെത്തി. സുകുമാരൻ നായരുടെ നിലപാടിനോട് പൊതുസമൂഹം യോജിക്കുന്നില്ല എന്നും താൻ വ്യക്തിപരമായി അദ്ദേഹത്തിനെതിരെ പരാമർശങ്ങൾ നടത്തുന്നില്ല എന്നും എ കെ ബാലൻ പറഞ്ഞു. ഗണപതിയെ മുൻ നിർത്തി വിശ്വാസികളിൽ ചലനം സൃഷ്ടിക്കാനാണ് ശ്രമമെന്നും, ആർ എസ് എസ്സിന്റെ ദുഷ്ടലാക്കാണിതെന്നും എ കെ ബാലൻ മറുപടി നൽകി. രാഷ്ട്രീയ ഹിന്ദുത്വം നടത്തുന്ന അജണ്ടയെ ശക്തമായി എതിർക്കുന്നെന്നും സ്പീക്കറുടെ പ്രസംഗം ആരെയും വേദനിപ്പിക്കാൻ വേണ്ടിയായിരുന്നില്ല അതിനെ വളച്ചോടിച്ചെന്നും എ കെ ബാലൻ വ്യക്തമാക്കി. താൻ പറയുന്നത് രാഷ്ട്രീയമായിട്ടാണ് വ്യക്തിപരമായിട്ടല്ല എന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.

അതേസമയം പാലക്കാട് ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള 68 ഏക്കർ അനധികൃതമായി എൻഎസ്എസ് കൈവശം വെച്ചിരിക്കുന്നു എന്ന് പറഞ്ഞ് ദേവസ്വം ബോർഡ്, ക്ഷേത്ര ഭാരവാഹികളും കേസ് കൊടുത്തിട്ടുണ്ട്. ആദ്യം സുകുമാരൻ നായർ ചെയ്യേണ്ടത് ഗണപതി മുഖ്യ പ്രതിഷ്ഠയായ ക്ഷേത്രത്തിലെ ആ സ്വത്ത് ആദ്യം അങ്ങ് നൽകുക എന്നുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകസഭാ തെരഞ്ഞെടുപ്പ് ആണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പാണെങ്കിലും ആരുടെയും കൈയും കാലും പിടിച്ചല്ല ഞാൻ പ്രവർത്തിച്ചത്. ഇവരുടെ ആരുടേയും മുന്നിൽ കൈകൂപ്പി നിൽക്കേണ്ട അവസ്ഥ എനിക്കില്ല. എ കെ ബാലൻ നൂറുങ്ങാണ് എന്ന് പറയുന്നതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്ന് പൊതുസമൂഹത്തിന് അറിയാം. ഈ കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാം എന്നാണ് യു ഡി എഫ് കരുതുന്നത്. അത് നന്നായി പയറ്റി നോക്കുന്നുണ്ട് – എ കെ ബാലൻ പറഞ്ഞു.

ഒരു വിശ്വാസത്തിനും വിശ്വാസിക്കും സ്പീക്കറോ അദ്ദേഹമുൾപ്പെടുന്ന ഇടതുപക്ഷമോ എതിരല്ലെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ പ്രതികരിച്ചു. ശാസ്ത്രമല്ല, വിശ്വാസമാണ് പ്രധാനം എന്നാണ് ഇപ്പോൾ സുകുമാരൻ നായർ പറയുന്നത്. വിശ്വാസവും ശാസ്ത്രവും തമ്മിൽ ഒരു സംഘർഷവും ഈ വിഷയത്തിലില്ല. ഷംസീർ സംസാരിച്ചതിൽ വിശ്വാസത്തോടോ ഏതെങ്കിലും മതത്തോടോ ഉള്ള വിമർശനവുമില്ല. രാഷ്ട്രീയ ഹിന്ദുത്വയോടുള്ള വിമർശനത്തെ വിശ്വാസത്തോടുള്ള വിമർശനമാക്കി ചിത്രീകരിച്ച് തെറ്റിദ്ധാരണ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇത് കേരളം ഒന്നിച്ചുനിന്ന് ചെറുക്കേണ്ടതാണെന്ന് പി ജയരാജൻ വ്യക്തമാക്കി. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top