സിപിഎം എന്തെല്ലാം തിരുത്തും; മുന്നില്‍ വലിയ വെല്ലുവിളികള്‍; സമ്മേളന കാലത്തേക്ക് കടന്ന് പാര്‍ട്ടി
ബ്രാഞ്ച് സമ്മേളനങ്ങളോടെയാണ് സിപിഎം തങ്ങളുടെ സംഘടനാ സമ്മേളനങ്ങളിലേക്ക് കടന്നിരിക്കുന്നത്. മുപ്പത്തി അയ്യായിരത്തോളം വരുന്ന ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ഈ മാസം തന്നെ ലോക്കല്‍ സമ്മേളനങ്ങള്‍ നടക്കും. നവംബറിലാണ് ഏരിയാ സമ്മേളനങ്ങള്‍. ഡിസംബര്‍ ജനുവരി മാസങ്ങളിലാണ് ജില്ലാ സമ്മേളനങ്ങള്‍. ഫെബ്രുവരി 25 മുതല്‍ 28 വരെ കൊല്ലത്താണ് ഇത്തവണത്തെ സംസ്ഥാന സമ്മേളനം. ഏപ്രിലില്‍ തമിഴ്‌നാട് മധുരയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ്. ഇതാണ് സിപിഎമ്മിന്റെ ഇത്തവണത്തെ സമ്മേളന കലണ്ടര്‍.
ഇരുപത്തിനാലം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സമ്മേളനങ്ങളിലേക്ക് കടക്കുമ്പോള്‍ സിപിഎമ്മിന് മുന്നിലുള്ള വെല്ലുവിളികള്‍ വലുതാണ്. വിഭാഗീയത അടക്കമുളള പ്രശ്‌നങ്ങള്‍ നേരത്തെ അഭിമുഖീകരിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ പ്രശ്‌നം അതല്ല. തെറ്റുതിരുത്തല്‍ എത്രത്തോളം വേണം എന്നതിലാണ് പ്രധാന ചര്‍ച്ച. ഇത് ഇപ്പോള്‍ തുടങ്ങിയതല്ല. തുടര്‍ ഭരണത്തിന്റെ അഹങ്കാരത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും ഉണ്ടായ മോശംപ്രവണതകളും മാഫിയ ബന്ധങ്ങളിലും തിരുത്തല്‍ വേണണെന്ന് സിപിഎം നേരത്തെ തന്നെ തീരുമാനിച്ചതാണ്. ഇതിനായി ഒരു തെറ്റ് തിരുത്തല്‍ രേഖയും തയ്യാറാക്കി. എന്നാല്‍ ഇത് എത്രത്തോളം പ്രാവര്‍ത്തികമാക്കി എന്നതില്‍ സിപിഎമ്മിന് പോലും ഉത്തരമില്ല. സമ്മേളനങ്ങളില്‍ ഇക്കാര്യം ഉറപ്പായും ചര്‍ച്ചയാകും. ഒപ്പം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയും. ഇനിയറിയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തനത്തില്‍ വിമര്‍ശനം ഉയരുമോ എന്നതിലാണ്. പാര്‍ട്ടി സെക്രട്ടറിയായും മുഖ്യമന്ത്രിയായും നിരവധി സമ്മേളനങ്ങള്‍ പിണറായി നേരിട്ടുണ്ട്. വിഭാഗീയതയുടെ പേരില്‍ ചെറിയ വിമര്‍ശനങ്ങള്‍ ഒഴിച്ചാല്‍ പാര്‍ട്ടിയിലെ വലിയ വിഭാഗവും അണികളും എന്നും പിണറായിയെ നേതാവായി കാണുന്നവരാണ്. അതില്‍ മാറ്റം ഉണ്ടായിട്ടുണ്ടോയെന്ന് ഈ സമ്മളനകാലത്ത് അറിയാം.
അച്ചടക്ക നടപടികള്‍
സിപിഎമ്മില്‍ സമ്മേളനം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അച്ചടക്ക നടപടികള്‍ പതിവുള്ളതല്ല. സമ്മേളനത്തില്‍ വിഭാഗീയത ഉണ്ടാകാതിരിക്കാനാണ് ഈ കീഴ്‌വഴക്കം. എന്നാല്‍ ഇത്തവണ ഉണ്ടായിരിക്കുന്നത് രണ്ട് അതീവ പ്രാധാന്യമുളള അച്ചടക്ക നടപടികളാണ്. ഇത് രണ്ടും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പ്രഖ്യാപിച്ചതാകട്ടെ സമ്മേളനങ്ങള്‍ തുടങ്ങുന്നതിന്റെ തലേദിവസവും. പാര്‍ട്ടിയിലെ അതികായന്‍ ഇപി ജയരാജനെതിരെയായിരുന്നു ഒരു നടപടി. ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇപിയെ നീക്കി. അതും ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍. ഈ നടപടിയില്‍ ഇപിയുടെ സ്വന്തം ജില്ലയായ കണ്ണൂരില്‍ മാത്രമല്ല സംസ്ഥാന വ്യാപകമായി ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. കാരണം സിപഎമ്മില്‍ അത്രത്തോളം പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്തമാവാണ് ഇപി. അതുകൊണ്ട് തന്നെ പ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. രണ്ടാമത്തെ അച്ചടക്ക നടപടി പികെ ശശിക്കെതിരെയാണ്. ശശിയെ പാര്‍ട്ടിയിലെ തിരഞ്ഞെടുത്ത് എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കി. ഇതോടെ പാലക്കാട്ടെ പ്രധാന നേതാവായ ശശി ഇനി പ്രവര്‍ത്തിക്കേണ്ടത് ഏറ്റവും കീഴ്ഘടകമായ ബ്രാഞ്ച് കമ്മറ്റിയിലാണ്. വിഭാഗീയത ഏറെ നിലനില്‍ക്കുന്ന പാലക്കാട്ടെ സമ്മേളനങ്ങള്‍ക്ക് തീപിടിപ്പിക്കുന്ന അച്ചടക്ക നടപടിയാകും ഇതെന്ന് ഉറപ്പാണ്
പിണറായി വിമര്‍ശിക്കപ്പെടുമോ?
ഏത് നേതാവിനേയും വിമര്‍ശിക്കാം പ്രവര്‍ത്തനങ്ങളിലെ എതിര്‍പ്പ് ഉന്നയിക്കാം അതാണ് സിപിഎമ്മിലെ ഉള്‍പാര്‍ട്ടി ജനാധിപത്യം. മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും വിമര്‍ശിക്കപ്പെടുമോ എന്നതാണ് ഈ സമ്മേളനത്തിലെ പ്രധാന ആകാംക്ഷ. വിഭാഗീയത നടമാടിയ കാലത്ത് പിണറായി പാര്‍ട്ടിയില്‍ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാല്‍ വിഎസ് അച്യുതാനന്ദന്‍ തന്നെ പാര്‍ട്ടിയില്‍ അപ്രസക്തനായതോടെ ആ കാലം കഴിഞ്ഞു. തുടര്‍ന്നിങ്ങോട്ടുളള സമ്മേളനങ്ങളിലൊന്നും പിണറായിക്കെതിരെ വലിയ വിമര്‍ശനം ഉണ്ടായിട്ടില്ല. ചെറിയ ചില അനക്കങ്ങള്‍ മാത്രം. അത്രക്ക് ശക്തനായിരുന്നു പിണറായി. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ല. സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും അകന്നു എന്ന് വലിയ വിമര്‍ശനം പാര്‍ട്ടിക്കുള്ളിലുണ്ട്. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതടക്കം താഴെതട്ടില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് മുന്നില്‍ ഉത്തരം പറയേണ്ട സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഒപ്പം പിണറായിക്കും മകള്‍ വീണക്കും എതിരായ ആരോപണങ്ങളിലും അപഹാസ്യരാകുന്നുണ്ട്. ഇക്കാര്യങ്ങള്‍ സമ്മേളനങ്ങളില്‍ ഉയരും എന്ന് ഉറപ്പാണ്. ഒപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വലിയ പരാജയത്തിലും വിമര്‍ശനം ഉണ്ടാകും. 2018ന് സമാനമായ പരാജയമാണ് ഇത്തവണ ഉണ്ടായതെങ്കിലും കഴിഞ്ഞ തവണ ശബരിമല പോലൊരു വിഷയം ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അത് സര്‍ക്കാര്‍ വിരുദ്ധത മാത്രമാണ് എന്നാണ് വിലയിരുത്തല്‍. ഒപ്പം പാര്‍ട്ടി വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയെന്ന് നേതൃത്വം അംഗീകരിക്കാത്ത യാഥാര്‍ത്ഥ്യവും ചര്‍ച്ചയാകും. ഇതിന് പിണറായി തന്നെ മറുപടിയും നല്‍കേണ്ടിവരും.
രേഖകള്‍ മാത്രമാകുന്ന നയരേഖകള്‍
പാര്‍ട്ടി സമ്മേളനങ്ങളില്‍ അവതരിപ്പിക്കുന്ന നയ രേഖകള്‍ രേഖകളായി തന്നെ അവശേഷിക്കുന്നു എന്ന വിമര്‍ശനവും പാര്‍ട്ടിക്കുളളിലുണ്ട്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരളത്തിനുള്ള പാര്‍ട്ടി കാഴ്ചപ്പാട് എന്ന 48 പേജുള്ള രേഖ ഇതിന് ഉദാഹരണമാണ്. വിദേശ മൂലധനം, സ്വകാര്യ- വിദേശ സര്‍വകലാശാലകള്‍, ആരോഗ്യ- മാലിന്യ സംസ്‌കരണ മേഖലകളില്‍ സ്വകാര്യ പങ്കാളിത്തം, സില്‍വര്‍ലൈന്‍ പദ്ധതി, കെ ഫോണ്‍, ശബരിമല വിമാനത്താവളം, വ്യവസായ ഇടനാഴി, ഉള്‍നാടന്‍ ജലഗതാഗതം എന്നിങ്ങനെ നിരവധി പദ്ധിതികള്‍ പറഞ്ഞു. ഇതെല്ലാം ഇപ്പോഴും രേഖകള്‍ മാത്രമാണ്. ഇവയില്‍ ചിലതെല്ലാം ബജറ്റ് പ്രസംഗത്തില്‍ ഇടംപിടിച്ചു എന്നല്ലാതെ ഒന്നും നടന്നില്ല. ഇത്തവണ സിപിഎം എന്ത് രേഖ കൊണ്ടുവരുമെന്നാണ് രാഷ്ട്രീയ കേരളം നോക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here