ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സിപിഎം വക സ്മാരകം; പാര്‍ട്ടിയുടെ തള്ളിപ്പറച്ചില്‍ നാടകമെന്ന് പ്രതിപക്ഷം; 22 ന് എംവി ഗോവിന്ദന്‍ മന്ദിരം ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍: ബോംബ് നിര്‍മ്മാണത്തിനിടയില്‍ കൊല്ലപ്പെട്ടവര്‍ക്ക് സിപിഎം സ്മാരകം പണിതു. 2015 ജുണ്‍ 6ന് പാനൂര്‍ കാളവല്ലൂര്‍ – ചെറ്റക്കണ്ടിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ ബോംബു നിര്‍മ്മാണത്തിനിടയിലാണ് പൊയിലൂര്‍ സ്വദേശികളായ ഷൈജു, സുബീഷ് എന്നിവര്‍ കൊല്ലപ്പെട്ടത്. ഇവര്‍ക്കാണ് പൊതുജനങ്ങളില്‍ നിന്ന് പിരിവെടുത്ത് സ്മാരകം പണിതത്. സ്മാരകത്തിന്റെ ഉദ്ഘാടനം ഈ മാസം 22 ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നിര്‍വഹിക്കും. സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് സ്മാരക നിര്‍മ്മാണത്തിലൂടെ വെളിപ്പെട്ടതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരെ അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ തള്ളിപ്പറഞ്ഞിരുന്നു. ഇവര്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും ബോംബു നിര്‍മ്മാണത്തെ അനുകൂലിക്കുന്നില്ലെന്നുമായിരുന്നു പാര്‍ട്ടിയുടെ നിലപാട്. കോടിയേരി ഇവരെ തള്ളിപ്പറഞ്ഞെങ്കിലും ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ നേതൃത്വത്തിലാണ് ഇരുവരുടേയും സംസ്‌കാരം നടത്തിയത്.

പാര്‍ട്ടി സെക്രട്ടറി തള്ളിപ്പറഞ്ഞെങ്കിലും പ്രാദേശിക തലത്തില്‍ ഷൈജുവിന്റേയും സുബീഷിന്റേയും പേരില്‍ രക്തസാക്ഷി മണ്ഡപം പണിതിരുന്നു. 2018 ഫെബ്രുവരിയില്‍ തൃശൂരില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തയ്യാറാക്കിയിരുന്ന 577 രക്തസാക്ഷികളുടെ ചിത്രങ്ങള്‍ക്കൊപ്പം സുബിഷിന്റേയും ഷൈജുവിന്റേയും ഫോട്ടോകളും ഉള്‍പ്പെടുത്തിയിരുന്നു. ‘2015 ജൂണ്‍ 7 ന് ആര്‍എസ്എസ്. ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തന ത്തിനിടയില്‍ കൊല്ലപ്പെട്ടു’ എന്നാണ് ഇരുവരുടേയും ഫോട്ടോയ്ക്ക് താഴെ എഴുതിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കാലത്ത് പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടയില്‍ സിപിഎം പ്രവര്‍ത്തകനായ ഷരില്‍ (31) എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. ഈ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട വ്യക്തിയേയും പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടുണ്ട്. ഈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് സിപിഎം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top