ഇഡിക്കെതിരെ പോരിന് നിയമോപദേശം തേടി സിപിഎം; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കും; രാഷ്ട്രീയലക്ഷ്യമെന്ന് വിശദീകരിക്കും

തിരുവനന്തപുരം : തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കാന്‍ സിപിഎം തീരുമാനം. ഹൈക്കോടതിയെ സമീപിക്കാനാണ് ധാരണയായിരിക്കുന്നത്. ഇത് സംബന്ധിച്ച് വിശദമായ നിയമോപദേശം പാര്‍ട്ടി കഴിഞ്ഞ ദിവസം തേടിയിരുന്നു. അതിനു ശേഷമാണ് നിയമ പോരാട്ടം എന്ന തീരുമാനത്തിലേക്ക് എത്തിയത്. അക്കൗണ്ടില്‍ നിന്നും നേരത്തെ പിന്‍വലിച്ച തുക ചിലവാക്കരുതെന്ന നിര്‍ദേശം അസാധാരണമെന്നാണ് സിപിഎം വിലയിരുത്തല്‍. ഇക്കാര്യങ്ങളെല്ലാം കോടതിയില്‍ വിശദീകരിക്കാനാണ് തീരുമാനം. അനുകൂലമായൊരു വിധിയുണ്ടായാല്‍ നിലവിലെ പ്രതിസന്ധികളെ മറികടക്കാമെന്നും സിപിഎം കണക്കുകൂട്ടുന്നു.

ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. 1998ല്‍ ആരംഭിച്ച അക്കൗണ്ടില്‍ അഞ്ചുകോടി പത്തുലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. ഈ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ച ഒരു കോടി രൂപ ചിലവഴിക്കരുതെന്ന് ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിനെ വിലക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി സമര്‍പ്പിച്ച ആദായ നികുതി രേഖകളില്‍ ഈ അക്കൗണ്ടിലെ വിവരങ്ങളില്ലെന്ന് ചൂണ്ടികാട്ടിയാണ് നടപടിയെടുത്തത്. ഈ അക്കൗണ്ടിലുള്ള പണത്തിന്റെ ഉറവിടം വ്യക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇഡിയും ആദായ നികുതി വകുപ്പം എം.എം വര്‍ഗീസിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. അക്കൗണ്ടില്‍നിന്ന് ഒരുകോടി രൂപ പിന്‍വലിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വര്‍ഗീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഗീസിനെ കൂടാതെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ.ബിജുവിനോടും നാളെ വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പിന്റെ ഭാഗമായുളള ബിനാമി പണമാണോ അക്കൗണ്ടിലുളളതെന്ന് കണ്ടെത്താനാണ് കേന്ദ്ര ഏജന്‍സികളുടെ ശ്രമം.

തിരഞ്ഞെടുപ്പില്‍ കരുവന്നൂര്‍ പ്രചരണ ആയുധമാക്കിയാണ് ബിജെപി മുന്നോട്ടു പോകുന്നത്. മോദി നേരിട്ടെത്തി കരുവന്നൂരിലേക്ക് റോഡ് ഷോ നടത്തി വിഷയം സജീവമാക്കാന്‍ നീക്കം നടക്കുന്നുണ്ട്. ഇത് മുന്നില്‍ കണ്ടാണ് സിപിഎം കോടതിയെ സമീപിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ വിമര്‍ശിക്കുന്ന വിധിയുണ്ടായാല്‍ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന ന്യായീകരണം നിരത്താനാണ് ശ്രമം. നിലവില്‍ നേതൃത്വം ഈ രീതിയില്‍ തന്നെയാണ് കേന്ദ്ര ഏജന്‍സികളുടെ നടപടികളെ വിമര്‍ശിക്കുന്നത്. ഇഡിയും ആദായ നികുതി വകുപ്പും കാണിക്കുന്നത് ഗുണ്ടായിസമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഇന്നും വിമര്‍ശിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top