മഹുവ മൊയ്ത്രയ്ക്ക് പിന്തുണയുമായി സിപിഎം എംപി; സ്വാഭാവിക നീതി നിഷേധിച്ചെന്ന് ജോണ്‍ ബ്രിട്ടാസ്

ഡല്‍ഹി: സിപിഎമ്മിന്റെ ബദ്ധവൈരിയായ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്രയെ ന്യായീകരിച്ച് ജോണ്‍ ബ്രിട്ടാസ്. മഹുവയ്ക്ക് സ്വാഭാവിക നീതിയുടെ നിഷേധമുണ്ടായെന്ന് ദേശാഭിമാനി ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ ബ്രിട്ടാസ് വാദിക്കുന്നു. പാര്‍ലമെന്റിന് അകത്തും പുറത്തും പ്രത്യേകിച്ച് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി യാതൊരു തരത്തിലുള്ള സഖ്യമോ കൂട്ടുകെട്ടോ ഇല്ലാതിരിക്കുമ്പോഴാണ് പാര്‍ട്ടിയുടെ രാജ്യസഭാംഗത്തിന്റെ ന്യായീകരണങ്ങള്‍.

കാമുകന്റെ പെട്രോള്‍ കാനും ബിജെപിയുടെ തീപ്പെട്ടിക്കൊള്ളിയും എന്ന ലേഖനത്തില്‍ ബിജെപി സര്‍ക്കാര്‍ മഹുവയോട് കടുത്ത അനീതി കാട്ടിയെന്നാണ് ബ്രിട്ടാസ് എഴുതിയിരിക്കുന്നത്. ‘മഹുവ ഗേറ്റില്‍ നിറഞ്ഞുനില്‍ക്കുന്നത് സ്വാഭാവിക നീതിയുടെ നഗ്‌നമായ ലംഘനങ്ങളാണ്. തനിക്കെതിരെ പരാതി നല്‍കിയ വ്യക്തികളെ ക്രോസ് വിസ്താരം ചെയ്യുകയെന്നുള്ളത് ആരോപണവിധേയക്ക് അനുവദിക്കേണ്ട കേവലമായ ആനുകൂല്യമാണ്. അത്തരമൊരു നടപടിയില്ലാതെ നീതിനിര്‍വഹണം പൂര്‍ണമാകില്ല.

ദര്‍ശനെയും പഴയ കാമുകനെയും മഹുവയുടെ മുന്നില്‍ കൊണ്ടുനിര്‍ത്താതെയുള്ള നടപടി ഏത് കോടതിയിലും ചോദ്യം ചെയ്യാന്‍ കഴിയുന്ന കാര്യമാണ്. 2005ല്‍ പണം വാങ്ങി ചോദ്യം ചോദിച്ച കേസില്‍ 11 എംപിമാരെ പാര്‍ലമെന്റ് പുറത്താക്കിയിരുന്നു. ആ കേസിനെ സംബന്ധിച്ച് 2007ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായം ഇന്ന് പ്രസക്തമാണ്. അന്നത്തെ നടപടി ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ത്തന്നെ പാര്‍ലമെന്റിന്റെ തീരുമാനം കോടതിയില്‍ പരിശോധിക്കുന്നതില്‍ തെറ്റില്ലെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.

ഒരംഗത്തിന്റെ മൗലികാവകാശം ലംഘിക്കപ്പെട്ടോ, നടപടി ഭരണഘടനാ ചട്ടങ്ങള്‍ പാലിച്ചാണോ, നടപടിക്കു പിന്നില്‍ ദുരുദ്ദേശ്യം ഉണ്ടായിരുന്നോ, സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കോടതിയുടെ പരിശോധനയ്ക്ക് വിധേയമാണെന്ന് സുപ്രീംകോടതി എടുത്തു പറഞ്ഞു. ഈ ഘടകങ്ങളെല്ലാം ഇന്ന് മഹുവയ്ക്ക് അനുകൂലമാണെന്നതാണ് ശ്രദ്ധേയമായ കാര്യം’. മഹുവയെ വാഴ്ത്തിക്കൊണ്ടുള്ള ബ്രിട്ടാസിന്റെ ലേഖനത്തോട് ബംഗാളിലെ സഖാക്കളും കേന്ദ്ര നേതൃത്വവും എങ്ങനെ പ്രതികരിക്കുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്.

എംപിമാര്‍ക്ക് പാരിതോഷികങ്ങള്‍ വാങ്ങുന്നതിന് ഒരു പെരുമാറ്റ ചട്ടവും നിലവിലില്ല. ഒരു പാരിതോഷികവും കൈപ്പറ്റാത്ത എംപി തങ്ങളുടെ പക്ഷത്തുണ്ടെന്ന് വാദിക്കാന്‍ ബിജെപിക്ക് കഴിയുമോ. പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്തത് വലിയ വാര്‍ത്താ പ്രധാന്യം ലഭിച്ച കാര്യമായിരുന്നു. അത് ലേലം ചെയ്തില്ലായിരുന്നില്ലെങ്കില്‍ പ്രധാനമന്ത്രി കുറ്റക്കാരനാകുമായിരുന്നോ. മഹുവയ്ക്കെതിരെ സാമ്പത്തിക ആരോപണങ്ങളെക്കുറിച്ച് സിബിഐ അന്വേഷിക്കുന്നുണ്ട് എന്നാണ് ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അങ്ങനെയെങ്കില്‍ അത്തരം ഒരു അന്വേഷണം നടക്കുന്നതിനുമുമ്പ് സമ്മാനപ്പൊതിയില്‍ അവരെ തളയ്ക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമല്ലേയെന്നും ബ്രിട്ടാസ് ചോദിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top