സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു; തൊഴിലാളി പ്രസ്ഥാനങ്ങളുടെ കരുത്തനായ നേതാവ്

തിരുവനന്തപുരം: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡനറുമായിരുന്ന ആനന്ദത്തലവട്ടം ആനന്ദന്‍ (86) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലായിരുന്നു അന്ത്യം. കുറച്ച് കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. 2009 മുതൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്നു. 1987, 1996, 2001 വർഷങ്ങളിൽ ആറ്റിങ്ങലില്‍ നിന്നും നിയമസഭയെ പ്രതിനിധീകരിച്ചു. എഴ് പതിറ്റാണ്ടുകള്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഏറ്റെടുത്ത ദൗത്യങ്ങളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയ ആനത്തലവട്ടം സിപിഎമ്മിന്റെ തലസ്ഥാനത്തെ ഏറ്റവും ശക്തരായ നേതാക്കളിലൊരാളായിരുന്നു. പാര്‍ട്ടിയുടെ താഴെ തട്ടില്‍ നിന്നും വളര്‍ന്ന് വന്ന അദ്ദേഹത്തിന്റെ ജീവിതം പ്രസ്ഥാനത്തിനായി സമര്‍പ്പിതമായിരുന്നു. ഭാര്യ ലൈല. മക്കൾ: ജീവ ആനന്ദൻ, മഹേഷ് ആനന്ദൻ.

1954 ൽ വന്ന ഒരണ സമരമാണ് രാഷ്ട്രീയത്തിലേക്കും സാമൂഹിക പ്രവർത്തനത്തിലേക്കുമുള്ള ആദ്യ പടിയായി മാറിയത്. ഈ സമരത്തിനായി റെയിൽവേയിൽ ടിക്കറ്റ് എക്സാമിനർ ആയി ലഭിച്ച ജോലി അദ്ദേഹം വേണ്ടെന്ന് വച്ചു. 1964 ൽ പാർ‌ട്ടി പിളർ‌ന്നപ്പോൾ സിപിഎമ്മിനൊപ്പം നിലയുറപ്പിച്ചു. 1985 ൽ സിപിഎം സംസ്‌ഥാന കമ്മിറ്റിയംഗമായി. പലവട്ടം ജയിൽ‌വാസമനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വർഷത്തോളം ഒളിവിൽ പ്രവർത്തിച്ചു. പിന്നീട് അറസ്റ്റിലായി. അടിയന്തരാവസ്ഥ അവസാനിച്ചതിനു ശേഷമാണ് ജയിൽമോചിതനായത്.

22 ഏപ്രിൽ 1937 ന് തിരുവനന്തപുരം ജില്ലയിലെ വർക്കല ചിലക്കൂരിൽ കേടുവിളാകത്ത് വിളയിൽ നാരായണിയുടെയും വി.കൃഷ്ണന്‍റെയും മകനായി ജനിച്ചു. ട്രാവൻകൂർ കയർ വർക്കേഴ്സ് യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം, മറ്റു പ്രാദേശിക യൂണിയനുകളുടെ ഭാരവാഹി എന്ന നിലയിൽ അദ്ദേഹം പ്രവർത്തിച്ചു. 1956 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1971ൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം, ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി, കേരള കയർ വർക്കേഴ്സ് സെന്റർ ജോയിന്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top