പിണറായി ദുര്‍ഭൂതം; ആത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്നു എന്ന് കെ സുധാകരന്‍
ആത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുര്‍ഭൂതമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അണികള്‍ ചോരയും നീരയും നല്‍കി കെട്ടിപ്പെടുത്ത പ്രസ്ഥാനത്തിന്റെയും ഭരണത്തിന്റെയും തലപ്പത്തിരിക്കുന്നവര്‍ ചീഞ്ഞുനാറുകയാണ്. എന്നാല്‍ തിരുത്തല്‍ യജ്ഞക്കാര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കണം എങ്കില്‍ സിപിഎം യഥാര്‍ത്ഥ തിരുത്തല്‍ പ്രക്രിയയ്ക്കു തുടക്കം കുറിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
ദയനീയ പരാജയത്തിന്റെ കാരണഭൂതന്‍ മുഖ്യമന്ത്രിയാണെന്ന് സിപിഐയുടെയും സിപിഎമ്മിന്റെയും ജില്ലാ യോഗങ്ങള്‍വരെ ചൂണ്ടിക്കാട്ടിയതാണ്. എന്നാല്‍ ഇത് ചര്‍ച്ചയാകാതെ എംവി ഗോവിന്ദന്‍ എകെജി സെന്ററിന് കാവല്‍ നില്‍ക്കുകയാണ്. പിണറായി വിജയന്റെ പണപ്പെട്ടി സൂക്ഷിപ്പുകാരന്‍ എന്ന നിലയിലേക്ക് സിപിഎം സംസ്ഥാന സെക്രട്ടറി തരംതാണിരിക്കുകയാണ്. പാര്‍ട്ടിയില്‍ നിന്ന് അടപടലം വോട്ട് മറിഞ്ഞിട്ടും കാരണഭൂതനെ കൈവിടാതെ ചുമക്കുന്നത് ലാഭവിഹിതത്തിന്റെ പങ്കുപറ്റിയവരാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
തോല്‍വിയുടെ യഥാര്‍ത്ഥ കാരണമായ മുഖ്യമന്ത്രിയുടെ ധിക്കാരം, അഴിമതി, ആര്‍ഭാടം, വിദേശയാത്രകള്‍, ജനങ്ങളോടുള്ള പുച്ഛം തുടങ്ങിയവയാണ്. ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ സിപിഎമ്മിന്റെ ശവക്കുഴി തോണ്ടുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here