സിപിഎം ആയാൽ മതി, ഏതറ്റംവരെയും സംരക്ഷണം!! തെളിവുകൾ അനവധി; ഒടുവിലെ ഉദാഹരണമായി പിപി ദിവ്യ

എത്രത്തോളം വലിയ കുറ്റകൃത്യം ചെയ്താലും പാര്‍ട്ടിക്കാരാണേല്‍ ഏതറ്റം വരേയും സംരക്ഷിക്കും. ഇതാണ് നിലിവിലെ സംസ്ഥാനത്തെ സിപിഎം നിലപാട്. അതിന്റെ ഉടുവിലത്തെ ഉദാഹരണമാണ് പിപി ദിവ്യക്ക് ലഭിക്കുന്ന സംരക്ഷണം. എഡിഎം നവീന്‍ ബാബുവിന്റേത് സിപിഎമ്മുമായി ചേര്‍ന്ന് നില്‍ക്കുന്ന കുടുംബ പശ്ചാത്തലമുള്ള ആളായിട്ടും പത്തനംതിട്ട ജില്ലാ ഘടകം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ദിവ്യ എന്ന യുവനേതാവിനെ തള്ളിപ്പറയാന്‍ പോലും നേതൃത്വം ഇതുവരെ തയാറായിട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയതില്‍ സംഘടനാ നടപടിയും അവസാനിപ്പിക്കുകയാണ്. ഇന്ന് ചേര്‍ന്ന് കണ്ണൂര്‍ ജില്ലാ നേതൃയോഗം ദിവ്യയുടേത് ധീരമായ പ്രവര്‍ത്തനം എന്ന പറഞ്ഞ് കൈയ്യടിക്കുന്ന രീതിയിലുളള സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

പികെ ശ്രീമതിക്കും കെകെ ശൈലജക്കും ശേഷം കണ്ണൂരില്‍ നിന്നുള്ള വനിതാ നേതൃമുഖം എന്ന നിലയിലാണ് ദിവ്യയെ പാര്‍ട്ടി വളര്‍ത്തി കൊണ്ടുവന്നത്. അതിന് കണ്ണൂരിലെ പല നേതാക്കളുടേയും പിന്തുണയുണ്ടായിരുന്നു. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഇത്തവണ പ്രസിഡന്റ്, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ നിയമസഭാ സീറ്റും ഉറപ്പിച്ചിരിക്കെയാണ് അമിതാവേശത്തില്‍ എടുത്തുചാടിയുണ്ടാക്കിയ ഈ വിവാദം. അതേസമയം പാര്‍ട്ടി സിപിഎം ആയതിനാല്‍ ദിവ്യയെ മത്സരിപ്പിക്കില്ല എന്ന് ഉറപ്പിക്കാനും ആര്‍ക്കും കഴിയില്ല.

നവീന്‍ ബാബുവിന്റെ ആത്മഹത്യയുണ്ടായ അന്ന് മുതല്‍ തന്നെ ദിവ്യയുടേത് സദുദ്ദേശപരമായ വിമര്‍ശനം മാത്രമായിരുന്നു എന്നായിരുന്നു സിപിഎം നിലപാട്. അത് ഇന്നും അങ്ങനെ തന്നെ നിലനില്‍ക്കുകയാണ്. അതുകൊണ്ട് തന്നെ ജാമ്യം ലഭിച്ച് പുറത്തേക്ക് വരുന്ന ദിവ്യക്ക് സിപിഎമ്മിന്റെയോ പോഷക സംഘടനകളുടേയോ നേതൃത്വത്തില്‍ വന്‍ സ്വീകരണം തന്നെ ജയിലിന് മുന്നില്‍ ഒരുക്കാനും സാധ്യതയുണ്ട്.

ദിവ്യക്ക് മാത്രമല്ല സിപിഎമ്മുകാരായ എല്ലാവര്‍ക്കും ഈ സംരക്ഷണം ലഭിക്കുന്നുണ്ട്. അത് എത്രത്തോളം ഗുരുതരമായ കേസുകളില്‍ പ്രതിയായാലും ലഭിക്കും. കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകമായിരുന്നു ടിപി ചന്ദ്രശേഖരന്‍ കൊലപാതക കേസ്. ആ പ്രതികള്‍ക്ക് ലഭിക്കുന്ന പിന്തുണ വലുതാണ്. യഥേഷ്ടം പരോള്‍ അനുവദിക്കുന്നതില്‍ തുടങ്ങിയില്‍ ജയിലില്‍ ഇരുന്നു സ്വര്‍ണ്ണം കടത്താനും അത് അടിച്ചുമാറ്റുന്ന സംഘത്തെ നിയന്ത്രിക്കാനുള്ള സൗകര്യം വരെ ലഭിക്കുന്നുണ്ട്. അതുപോരാതെയാണ് ശിക്ഷായിളവ് നല്‍കി വിട്ടയക്കാനുളള നീക്കവും നടന്നത്.

ഇതുമാത്രമല്ല ഉദാഹരണമായിട്ടുള്ളത്, അടിത്തിടെ നടന്ന പറവൂരിലെ അനീഷ്യ എന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മഹത്യയില്‍ പ്രതിസ്ഥാനത്ത് വന്നത് സിപിഎമ്മുകാരായിരുന്നു. ആ കേസും എങ്ങും എത്താതെ നില്‍ക്കുകയാണ്. കൂടാതെ പ്രതികള്‍ ഒരു ദിവസം പോലും ജയിലിലാകാതിരിക്കാനുളള പ്രത്യേക കരുതലും സിപിഎം ഭരിക്കുന്ന സര്‍ക്കാര്‍ എടുത്തിരുന്നു. പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ ആത്മഹത്യയില്‍ പ്രതിസ്ഥാനത്തു വന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരെ രക്ഷിക്കാന്‍, കണ്ണൂരിലെ പാര്‍ട്ടി ക്രിമിനലായി ആകാശ് തില്ലങ്കേരിക്കെതിരായ നടപടികള്‍ ഒഴിവാക്കാന്‍ ഇങ്ങനെ പോകുന്നു സിപിഎം കരുതലിന്റെ കഥകള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top