ജോസ് കെ.മാണിക്ക് വേണ്ടി നഗരസഭാംഗത്തെ പുറത്താക്കി സിപിഎം; പാലായിലെ പാർലമെൻ്ററി പാർട്ടി നേതാവ് ബിനു പുളിക്കകണ്ടത്തിനെതിരെ നടപടി ജോസ് വിരുദ്ധ പരാമർശത്തിൻ്റെ പേരിൽ

പാലാ നഗരസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനു പുളിക്കകണ്ടത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി സിപിഎം. കേരള കോണ്‍ഗ്രസ് എമ്മുമായി നിരന്തരം ഏറ്റുമുട്ടിയിരുന്ന ബിനുവിനെതിരായ അച്ചടക്ക നടപടി, മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് എന്നാണ് വിവരം. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിക്കെതിരെ ഇന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ രൂക്ഷവിമര്‍ശനം ബിനു നടത്തിയിരുന്നു. പാലായിലെ ജനങ്ങളെ അഭിമുഖീകരിക്കാതെ രാജ്യസഭാ സീറ്റ് വാങ്ങി ജോസ് ഒളിച്ചോടിയെന്നായിരുന്നു ബിനുവിന്റെ വിമര്‍ശനം. ഇതോടെയാണ് അതിവേഗത്തില്‍ നടപടി ഉണ്ടായിരിക്കുന്നത്. ബിനുവിനെ പുറത്താക്കിയ പാലാ ഏരിയാ കമ്മറ്റിയുടെ തീരുമാനത്തിന് കോട്ടയം ജില്ലാകമ്മറ്റി അംഗീകാരം നല്‍കി.

നഗരസഭയിലെ കേരള കോണ്‍ഗ്രസ് കൗണ്‍സിലറുടെ ഇയര്‍പോഡ് മോഷ്ടിച്ചെന്ന ആരോപണവും ബിനു പുളിക്കകണ്ടത്തിനെതിരെ ഉയര്‍ന്നിരുന്നു. പാലാ നഗരസഭയിലെ ചെയര്‍മാന്‍ തിരഞ്ഞെടുപ്പിനെ ചൊല്ലിയാണ് ബിനുവും കേരള കോണ്‍ഗ്രസുമായി തര്‍ക്കം തുടങ്ങിയത്. സിപിഎം ബിനുവിനെ ചെയര്‍മാനാക്കാന്‍ തീരുമാനിച്ചെങ്കിലും ജോസ് കെ മാണി എതിർത്തു. ഇതോടെയാണ് ബിനുവും കേരള കോൺഗ്രസും തമ്മിൽ പോര് പതിവായത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിലെ ജോസിൻ്റെ പരാജയത്തിൽ ബിനുവിന് പങ്കുണ്ടെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ ആരോപണം. ജോസ് കെ.മാണി തന്നെ നേരിട്ട് മുഖ്യമന്ത്രിയോട് ബിനുവിനെ സംബന്ധിച്ച് പരാതി പറഞ്ഞുവെന്നാണ് വിവരം. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് നടപടിയെടുത്തിരിക്കുന്നത്. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന ബിനു അവിടെ നിന്നും ബിജെപിയില്‍ പോയിരുന്നു. ബിജെപിയില്‍ നിന്നാണ് സിപിഎമ്മില്‍ എത്തിയത്.

അതേസമയം സജീവ രാഷ്ട്രിയത്തിൽ തുടരുമെന്നും പൊതുജനസേവനത്തിൽ ഒരു മുടക്കവും വരുത്തില്ലെന്നും ബിനു പുളിക്കക്കണ്ടം മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top